ADVERTISEMENT

ധാക്ക∙  ഏകദിന ലോകകപ്പിനു ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ബംഗ്ലദേശ് ക്രിക്കറ്റ് ടീമിലെ ‘അടി’ തുടരുന്നു. കഴിഞ്ഞ ദിവസം ബംഗ്ലദേശ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ നിര്‍ദേശ പ്രകാരം ഓപ്പണിങ് ബാറ്റർ തമീം ഇക്ബാലിനെ ഒഴിവാക്കിയിരുന്നു. ലോകകപ്പിലെ എല്ലാ മത്സരങ്ങളും കളിക്കാനാകില്ലെന്ന് തമീം നിലപാടെടുത്തതോടെയാണ് ബംഗ്ലദേശ് ബോർഡ് താരത്തെ മാറ്റിനിർത്തിയത്. എന്നാൽ തമീം ഇക്ബാലിന്റേത് ബാലിശമായ തീരുമാനങ്ങളാണെന്ന് ഷാക്കിബ് അൽ ഹസൻ പരസ്യമായി പ്രതികരിച്ചു.

ഒരു ബംഗ്ലദേശ് മാധ്യമത്തോടു സംസാരിക്കവെയാണ് തമീം ഇക്ബാലിനെതിരെ ഷാക്കിബ് തുറന്നടിച്ചത്. ‘‘രോഹിത് ശർമയെപ്പോലെ ഏഴാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങി പിന്നീട് ഓപ്പണറായ താരമാണ് തമീം ഇക്ബാൽ. അദ്ദേഹം മൂന്നും നാലും സ്ഥാനങ്ങളിൽ ബാറ്റു ചെയ്യുന്നതു വലിയ പ്രശ്നമാണോ? ഇതു പൂർണമായും ബാലിശമാണ്. ഒരു കളിക്കാരൻ ടീമിനായി ഏതു പൊസിഷനിലും കളിക്കാൻ തയാറാകണം. കാരണം ബംഗ്ലദേശ് ടീമാണ് ഇവിടെ പ്രധാനം.’’– ഷാക്കിബ് പ്രതികരിച്ചു.

‘‘ നിങ്ങൾ 100, 200 സ്കോർ ഒക്കെ നേടിയിട്ടും ടീം തോറ്റാൽ പിന്നെ കാര്യമില്ല. വ്യക്തിപരമായ നേട്ടങ്ങൾകൊണ്ട് നിങ്ങൾ എന്തു ചെയ്യാനാണ്? നിങ്ങൾ ടീമിനെക്കുറിച്ചു ചിന്തിക്കുന്നില്ല. റെക്കോർഡുകൾക്കും വിജയങ്ങൾക്കും പ്രശസ്തിക്കും വേണ്ടിയാണു നിങ്ങൾ കളിക്കുന്നത്. ക്രിക്കറ്റിൽ എല്ലാം നേടിയ, നല്ല അറിവുള്ള എം.എസ്. ധോണി തന്നെ ഒരിക്കൽ പറഞ്ഞ കാര്യമുണ്ട്. ഫിറ്റല്ലാത്ത ഒരാൾ കളിക്കുന്നത് ടീമിനെയും രാജ്യത്തെയും ചതിക്കുന്നതു പോലെയാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതു ബംഗ്ലദേശും സ്വീകരിക്കണമെന്നാണ് എനിക്കു പറയാനുള്ളത്.’’– ഷാക്കിബ് വ്യക്തമാക്കി.

English Summary: Bangladesh captain Shakib Al Hasan slams Tamim Iqbal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com