ADVERTISEMENT

2000ലെ അണ്ടർ 19 ലോകകപ്പിൽ തുടങ്ങി 2007ലെ ട്വന്റി20 ലോകകപ്പ് കടന്ന് 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലേക്ക് ഇന്ത്യയെ കൈപിടിച്ചു നടത്താൻ മുന്നിൽ നിന്നത് യുവരാജ് സിങ് എന്ന ഇടംകൈ ഓൾറൗണ്ടറായിരുന്നു. ഈ 3 ലോകകപ്പിലും പ്ലെയർ ഓഫ് ദ് ടൂർണമെന്റ് പുരസ്കാരം നേടിയതും യുവരാജ് തന്നെ. രോഗങ്ങൾ അലട്ടിയില്ലായിരുന്നെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ഇന്ന് അറിയപ്പെടുക യുവരാജിന്റെ പേരിലായിരുന്നു എന്നു പറഞ്ഞത് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറാണ്. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ഇന്ത്യ മറ്റൊരു ലോകകപ്പിന് ആതിഥ്യം വഹിക്കുമ്പോൾ യുവരാജ് സിങ് സംസാരിക്കുന്നു...

ഈ ലോകകപ്പിന്റെ ഫൈനലിൽ കടക്കാൻ സാധ്യതയുള്ള ടീമുകൾ ?

ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക– ഈ 5 ടീമുകളിൽ 4 പേർ സെമിയിൽ എത്തുമെന്നാണ് എനിക്കു തോന്നുന്നത്. പാക്കിസ്ഥാന് സാധ്യതയുണ്ടായിരുന്നെങ്കിലും സമീപകാല പ്രകടനങ്ങൾ നോക്കിയാൽ അവരെക്കാൾ ഒരുപടി മുന്നിൽ ദക്ഷിണാഫ്രിക്കയാണ്.

ഒട്ടേറെ ശാരീരിക പ്രശ്നങ്ങൾക്കിടയിലാണ് 2011 ലോകകപ്പിൽ താങ്കൾ കളിച്ചതും ടൂർണമെന്റിലെ താരമായതും

ലോകകപ്പിന് ഒരു മാസം മുൻപു നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് എല്ലാത്തിന്റെയും തുടക്കം. ചുമയ്ക്കുമ്പോൾ രക്തം വരുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തിരുന്നു. പക്ഷേ, ലോകകപ്പ് കഴിയുന്നതു വരെ അതിനെക്കുറിച്ചൊന്നും ചിന്തിക്കില്ലെന്ന് ഞാൻ ഉറപ്പിച്ചു. ലോകകപ്പ് മാത്രമായിരുന്നു എന്റെ മനസ്സു മുഴുവൻ.

ലോകകപ്പിൽ ഓൾറൗണ്ടർമാരുടെ പ്രാധാന്യം എത്രത്തോളമാണ്?

ഓൾ റൗണ്ടർമാരുടെ പ്രകടനം എല്ലാ ടീമിനും വളരെ പ്രധാനപ്പെട്ടതാണ്. ബാറ്റിങ്ങിൽ, അല്ലെങ്കിൽ ബോളിങ്ങിൽ അതുമല്ലെങ്കിൽ ഫീൽഡിങ്ങിൽ ഓൾറൗണ്ടർമാർ പ്രയോജനപ്പെടും. ഒരു സ്പെഷലിസ്റ്റ് ബാറ്ററെയോ ബോളറയോ അധികം ഉൾപ്പെടുത്താൻ ഓൾറൗണ്ടറുടെ സാന്നിധ്യം സഹായിക്കും. 2011ൽ പാർട് ടൈം സ്പിന്നർ ആയിരുന്നിട്ടു പോലും ടീമിലെ പ്രധാന ഇടംകൈ സ്പിന്നർ ഞാനായിരുന്നു.

മഹേന്ദ്രസിങ് ധോണിയും യുവരാജ് സിങ്ങും
മഹേന്ദ്രസിങ് ധോണിയും യുവരാജ് സിങ്ങും

ലോകകപ്പ് ടീമിൽ ഒരു ഓഫ് സ്പിന്നറുടെ കുറവില്ലേ?

ഒരു ഓഫ് സ്പിന്നർ ഏതൊരു ടീമിലെയും അവിഭാജ്യഘടകമാണ്. ഓഫ് സ്പിന്നർ ഇല്ലെങ്കിൽ അതിനു പകരം ഒരു ലെഗ് സ്പിന്നർ നിർബന്ധമായും ടീമിൽ വേണം. ആർ.അശ്വിനെക്കാൾ യുസ്‌വേന്ദ്ര ചെഹലിനെ ഒഴിവാക്കിയതാണ് എന്നെ ഞെട്ടിച്ചത്. മധ്യ ഓവറുകളിൽ ലെഗ് സ്പിന്നർമാർക്ക് ഉണ്ടാക്കാൻ സാധിക്കുന്ന ഇംപാക്ട് വളരെ വലുതാണ്. കുൽദീപ് യാദവ് മികച്ച ഫോമിലാണെങ്കിലും ചെഹലിന്റെ അഭാവം ടീമിനെ ബാധിക്കും.

യുവരാജിനു ശേഷം നാലാം നമ്പറിൽ ഒരു മികച്ച ബാറ്ററെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് രോഹിത് ശർമ പറഞ്ഞിരുന്നു

വളരെ പ്രധാനപ്പെട്ട ബാറ്റിങ് പൊസിഷനാണ് നാലാം നമ്പർ. ഒരേ സമയം ഒരു ഓപ്പണറുടെയും മധ്യനിര ബാറ്ററുടെയും ഫിനിഷറുടെയും റോളിൽ കളിക്കാൻ നാലാം നമ്പറിൽ എത്തുന്ന ബാറ്റർക്ക് സാധിക്കണം.  നിലവിലെ ഫോം പരിഗണിച്ചാൽ കെ.എൽ.രാഹുലായിരിക്കും ആ പൊസിഷനിൽ യോഗ്യൻ.

(അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം ‘ദ് വീക്ക്’ വാരികയിൽ)

English Summary: KL Rahul best for number 4 position, Yuvraj Singh interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com