അശ്വിനായി പിച്ചുകൾ മാറ്റി, ഏതു വിഡ്ഢിക്കും വിക്കറ്റു കിട്ടും: രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

Mail This Article
മുംബൈ∙ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ സ്പിന്നര്‍ ആർ. അശ്വിനെ ഉൾപ്പെടുത്തിയതിനെതിരെ മുൻ ഇന്ത്യൻ താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ. ഇന്ത്യയിലെ പിച്ചുകൾ അശ്വിനായി മാറ്റം വരുത്തി, താരത്തിന് ഫിറ്റ്നസ് തീരെയില്ല തുടങ്ങിയ ആരോപണങ്ങളാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻ ഉന്നയിച്ചത്. ഏകദിന ലോകകപ്പിനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ കമന്ററി പാനലിൽ സ്പിന്നർമാർ ആരും ഇല്ലെന്നതായിരുന്നു ലക്ഷ്മൺ ശിവരാമകൃഷ്ണനെ ആദ്യം പ്രകോപിപ്പിച്ചത്.
ഇക്കാര്യം മുൻ ഇന്ത്യൻ താരം എക്സ് പ്ലാറ്റ്ഫോമിൽ കുറിക്കുകയും ചെയ്തു. ‘‘ഇന്ത്യയിൽ ലോകകപ്പ് നടക്കുമ്പോഴും കമന്റേറ്ററായി ഒരു സ്പിന്നറില്ല. സ്പിൻ ബോളിങ്ങിനെക്കുറിച്ച് പിന്നെയെങ്ങനെ ആളുകൾ ബോധവാൻമാരാകും. ബാറ്റർമാര്‍ക്കേ ക്രിക്കറ്റിനെക്കുറിച്ച് അറിയുകയുള്ളൂ എന്നുണ്ടോ? ലോകകപ്പിന്റേത് മോശം കമന്ററി പാനലാണ്.’’– ലക്ഷ്മൺ ശിവരാമകൃഷ്ണൻ പ്രതികരിച്ചു.
‘‘പിച്ച് മാറ്റാൻ അശ്വിൻ ഗ്രൗണ്ട് സ്റ്റാഫിനോട് ആവശ്യപ്പെടുന്നതു ഞാൻ പലവട്ടം കണ്ടിട്ടുണ്ട്. അശ്വിന് കളിക്കാൻ പാകത്തിൽ തയാറാക്കിയതിനാലാണ് ഇന്ത്യൻ പിച്ചുകളിൽ ഇന്ത്യൻ ബാറ്റർമാരും സ്പിന്നിനെതിരെ ബുദ്ധിമുട്ടുന്നത്. ഏറ്റവും ഫിറ്റ്നസ് കുറവുള്ള ക്രിക്കറ്റ് താരമാണ് അശ്വിൻ.’’– ലക്ഷ്മൺ ശിവരാമകൃഷ്ണന്‍ ആരോപിച്ചു. ഇന്ത്യയിലെ മാറ്റം വരുത്തിയ പിച്ചുകളിൽ ഏതു വിഡ്ഢിക്കും വിക്കറ്റുകൾ കിട്ടുമെന്നും ഒരു ആരാധകന് മറുപടിയായി ലക്ഷ്മൺ പ്രതികരിച്ചു.
എന്നാൽ മുൻ ഇന്ത്യൻ താരത്തിന്റെ വിമർശനങ്ങൾ രസിക്കാതിരുന്ന ആരാധകർ രൂക്ഷഭാഷയിലാണു പ്രതികരിച്ചത്. അക്ഷർ പട്ടേലിനെയാണ് ആദ്യം ലോകകകപ്പ് ടീമിലേക്ക് ഇന്ത്യ പരിഗണിച്ചിരുന്നത്. എന്നാൽ താരത്തിനു പരുക്കേറ്റതോടെ അശ്വിനെ ടീമിലെടുക്കുകയായിരുന്നു.
English Summary: Any Fool Will Get Wickets on Tampered Pitches: Former India Player Attacks R Ashwin