ADVERTISEMENT

ചെന്നൈ∙ ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം. ബാറ്റിങ് ദുഷ്കരമായ ചെപ്പോക്കിൽ, തുടക്കത്തിലെ തകർച്ചയില്‍നിന്ന് തിരിച്ചെത്തിയ ഇന്ത്യ 52 പന്ത് ബാക്കി നിൽക്കേ വിജയലക്ഷ്യമായ 200 റൺസ് മറികടന്നു. വിരാട് കോലിയുടേയും കെ.എൽ. രാഹുലിന്റേയും ഇന്നിങ്സുകൾ ഇന്ത്യൻ വിജയത്തിൽ നിർണായകമായി. കോലി 116 പന്തിൽനിന്ന് 85 റൺസ് നേടിയപ്പോൾ രാഹുൽ 115 പന്തിൽനിന്ന് 97 റൺസ് നേടി പുറത്താകാതെ നിന്നു. പാറ്റ് കമ്മിൻസിന്റെ പന്തിൽ സിക്സർ അടിച്ചാണ് രാഹുൽ വിജയറൺ കുറിച്ചത്. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹെയ്സൽവുഡ് 3 വിക്കറ്റു വീഴ്ത്തി. സ്കോർ: ഓസ്ട്രേലിയ 49.3 ഓവറിൽ 199ന് പുറത്ത്, ഇന്ത്യ 41.2 ഓവറിൽ 4 വിക്കറ്റു നഷ്ടത്തിൽ 201.

മറുപടി ബാറ്റിങ്ങിൽ തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. സ്കോർ ബോർഡിൽ 2 റൺസ് ചേർക്കുന്നതിനിടെ മൂന്ന് മുൻനിര ബാറ്റർമാരെ ഇന്ത്യയ്ക്ക് നഷ്ടമായി. രോഹിത് ശർമ, ഇഷാന്‍ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ സംപൂജ്യരായി മടങ്ങി. ഇഷാൻ കിഷനെ കാമറൂൺ ഗ്രീനിന്റെ കൈകളിലെത്തിച്ച് മിച്ചൽ സ്റ്റാർക്കാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. രണ്ടാം ഓവറിൽ, നായകൻ രോഹിത് ശർമയെ ജോഷ് ഹെയ്സൽവുഡ് വിക്കറ്റിനുമുന്നിൽ കുരുക്കി. അതേ ഓവറിലെ അവസാന പന്തിൽ ശ്രേയസ് അയ്യർ ഡേവിഡ് വാർണർക്ക് ക്യാച്ച് നൽകി മടങ്ങി. 19 വർഷത്തിനുശേഷമാണ് ഇന്ത്യയുടെ രണ്ട് ഓപ്പണർമാരും പൂജ്യത്തിനു പുറത്താകുന്നത്. ഏകദിനത്തിൽ ഇന്ത്യയുടെ ആദ്യ നാലു ബാറ്റർമാരിൽ മൂന്നുപേർ പൂജ്യത്തിനു പുറത്താകുന്ന ആദ്യ മത്സരവുമാണിത്. 

നാലാംവിക്കറ്റിൽ ക്രീസിൽ ഒന്നിച്ച വിരാട് കോലിയും കെ.എൽ.രാഹുലും ടീമിനെ വമ്പൻ തകർച്ചയിൽനിന്ന് കരകയറ്റി. 3 വിക്കറ്റ് നഷ്ടത്തിൽ 2 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയെ ഇരുവരും ചേർന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും ചേർന്ന് ക്ഷമയോടെ കളിച്ച് സ്കോർ ബോർഡ് മുന്നോട്ടുനീക്കി. 26–ാം ഓവറിൽ ടീം സ്കോർ 100 കടന്നു. ഇതിനിടെ 76 പന്തിൽനിന്ന് കോലി അർധസെഞ്ചറി കണ്ടെത്തി. പിന്നാലെ രാഹുലും അർധശതകം പൂർത്തിയാക്കി. 72 പന്തിലാണ് രാഹുൽ 50 പൂർത്തിയാക്കിയത്. 30 ഓവർ പിന്നിട്ടതോടെ സ്കോറിങിന് വേഗം കൂട്ടി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 165 റൺസ് കൂട്ടിച്ചേർത്തു. 

38–ാം ഓവറിൽ സ്കോർ 167ൽ നിൽക്കേ ലബുഷെയ്ന് ക്യാച്ച് നൽകി കോലി മടങ്ങിയെങ്കിലും അപ്പോഴേക്കും ജയം ഉറപ്പാക്കിയിരുന്നു. ഹെയ്സൽവുഡിനായിരുന്നു ഇത്തവണയും വിക്കറ്റ്. 116 പന്തുകൾ നേരിട്ട കോലി 6 ഫോറുൾപ്പെടെ 85 റൺസാണ് നേടിയത്. ആറാമനായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ 8 പന്തിൽ 11 റൺസ് നേടി. കെ.എൽ.രാഹുലാണ് കളിയിലെ താരം. 8 ഫോറും 2 സിക്സും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്സ്.

∙ ഓസീസിനെ തളച്ച് സ്പിന്നർമാർ

ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയയെ, ഇന്ത്യ സ്പിന്നർമാരുടെ മികവിൽ 199 റൺസിൽ തളച്ചു. 49.3 ഓവറിൽ 199ന് ഓസീസ് പുറത്തായി. 46 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. രണ്ട് ഓവറിനിടെ മൂന്നു പ്രധാന ബാറ്റർമാരെ പുറത്താക്കിയ രവീന്ദ്ര ജഡേജയാണ് ഓസ്ട്രേലിയയുടെ നടുവൊടിച്ചത്. പത്തിൽ ആറു വിക്കറ്റും സ്പിന്നര്‍മാരാണ് സ്വന്തമാക്കിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് തുടക്കം ശുഭകരമായിരുന്നില്ല. സ്കോർ 5–ൽ നിൽക്കേ മൂന്നാം ഓവറിൽ ഓപ്പണർ മിച്ചൽ മാർഷ് (6 പന്തിൽ 0) പുറത്തായി. ബുമ്രയുടെ പന്തിൽ കോലിക്ക് ക്യാച്ച് നൽകിയാണ് മാർഷ് പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് വാർണർ സകോർ ബോർഡ് ചലിപ്പിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 69 റൺസ് കൂട്ടിച്ചേർത്തു. ആദ്യ 10 ഓവറിൽ ഇന്ത്യൻ ബോളർമാർ വിട്ടുനൽകിയത് 43 റൺസ് മാത്രമാണ്. കഴിഞ്ഞ 15 ഏകദിന മത്സരങ്ങൾക്കിടെ, പവർപ്ലേയിൽ ഓസ്ട്രേലിയ നേടുന്ന ഏറ്റവും ചെറിയ സ്കോറാണിത്. 

17–ാം ഓവറിൽ കുൽദീപ് യാദവിന് റിട്ടേൺ ക്യാച്ച് നൽകി വാർണർ പുറത്തായി. 52 പന്തിൽ 6 ഫോറുൾപ്പെടെ 41 റൺസ് നേടിയാണ് വാർണർ മടങ്ങിയത്. 28–ാം ഓവറിൽ സ്റ്റീവ് സ്മിത്ത് ജഡേജയുടെ കുത്തിത്തിരിഞ്ഞ പന്തിൽ ക്ലീൻ ബോൾഡ് ആയി. 71 പന്തിൽ 46 റൺസാണ് സ്മിത്തിന്റെ സമ്പാദ്യം. രണ്ട് ഓവർ കൂടി പിന്നിട്ടപ്പോൾ മാർനസ് ലബുഷെയ്നും മടങ്ങി. ഇത്തവണയും ജഡേജയ്ക്കായിരുന്നു വിക്കറ്റ്. 41 പന്തിൽ 27 റൺസെടുത്ത ലബുഷെയ്ൻ വിക്കറ്റിനുപിന്നിൽ കെ.എൽ. രാഹുലിന് ക്യാച്ച് നൽകിയാണ് പുറത്തായത്. ഇതേ ഓവറിൽ റണ്ണൊന്നുമെടുക്കാതെ അലക്സ് കാരി കൂടി വീണതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലായി. 30 ഓവറിൽ 5ന് 119 എന്ന നിലയിലേക്ക് അവർ ചുരുങ്ങി.

സ്കോർ 140ൽ നിൽക്കേ ഗ്ലെൻ മാക്സ്‌വെലും കാമറൂൺ ഗ്രീനും തുടർച്ചയായ ഓവറുകളിൽ പുറത്തായി. മാക്സ്‌വെലിനെ കുൽ‌ദീപ് യാദവ് ക്ലീൻ ബോൾഡ് ആക്കിയപ്പോൾ, ഗ്രീനിനെ ആർ.അശ്വിൻ ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. എട്ടാമനായി ഇറങ്ങിയ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് വമ്പനടികൾക്ക് ശ്രമിച്ചെങ്കിലും ടീമിനെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കാനായില്ല. ബുമ്രയുടെ പന്തിൽ ലോങ് ഓണിൽ ശ്രേയസ് അയ്യർക്ക് ക്യാച്ച് നൽകി കമ്മിൻസ് മടങ്ങി. 24 പന്തുകൾ നേരിട്ട കമ്മിൻസ് 15 റൺസാണ് നേടിയത്. ആദം സാംപ (20 പന്തിൽ 6) ഹാര്‍ദിക് പാണ്ഡ്യയുടെ പന്തിൽ കോലി പിടിച്ച് പുറത്തായി. 35 പന്തിൽ 28 റൺസ് നേടിയ മിച്ചൽ സ്റ്റാർക്കിനെ, മുഹമ്മദ് സിറാജ് ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ചു. ജോഷ് ഹെയ്സൽവുഡ് 1 റണ്ണുമായി പുറത്താകാതെനിന്നു.

10 ഓവറിൽ 28 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുവീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ ബോളർമാരിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ജഡേജയുടെ രണ്ട് ഓവറുകൾ മെയ്ഡനായിരുന്നു. 10 ഓവറിൽ 35 റൺസ് വഴങ്ങി ബുമ്രയും, 42 റൺസ് വഴങ്ങി കുല്‍ദീപും 2 വിക്കറ്റുവീതം വീഴ്ത്തി. 10 ഓവറിൽ 34 റൺസ് മാത്രം വിട്ടുനൽകിയ അശ‌്വിൻ ഒരു വിക്കറ്റു സ്വന്തമാക്കി. 3 ഓവറിൽ 28 റൺസ് വഴങ്ങിയ ഹാർദിക് പാണ്ഡ്യയും 6.3 ഓവറിൽ 26 റൺസ് വിട്ടുനൽകിയ മുഹമ്മദ് സിറാജും ഒരോ വിക്കറ്റുവീതം നേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com