ADVERTISEMENT

മുംബൈ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിൽ കേരളത്തിന് തുടർച്ചയായ നാലാം ജയം. ആവേശകരമായ മത്സരത്തിൽ ചണ്ഡിഗഡിനെയാണ് കേരളം തകർത്തത്. ഏഴു റൺസിനാണ് കേരളത്തിന്റെ ജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 193 റൺസ്. മറുപടി ബാറ്റിങ്ങിൽ ചണ്ഡിഗഡിന്റെ മറുപടി നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ അവസാനിച്ചു. കേരളത്തിന്റെ ജയം ഏഴു റൺസിന്. വിജയത്തോടെ എലൈറ്റ് ഗ്രൂപ്പ് ബിയിൽ കേരളം 16 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തി.

ക്യാപ്റ്റൻ കൂടിയായ സൂപ്പർതാരം സഞ്ജു സാംസണിന്റെ അർധസെഞ്ചറിയാണ് മത്സരത്തിൽ കേരളത്തിന് മികച്ച സ്കോർ ഉറപ്പാക്കിയത്. 32 പന്തുകൾ നേരിട്ട സഞ്ജു നാലു ഫോറും മൂന്നു സിക്സും സഹിതം 52 റൺസുമായി കേരളത്തിന്റെ ടോപ് സ്കോററായി. വരുൺ നായനാർ (27 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 47), വിഷ്ണു വിനോദ് (23 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 42), രോഹൻ എസ്.കുന്നുമ്മൽ (24 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 30) എന്നിവരും തിളങ്ങി. അബ്ദുൽ ബാസിത് 12 പന്തിൽ എട്ടു റൺസോടെയും സൽമാൻ നിസാർ മൂന്നു പന്തിൽ എട്ടു റൺസോടെയും പുറത്താകാതെ നിന്നു.

ഓപ്പണിങ് വിക്കറ്റിൽ വെറും 47 പന്തിൽനിന്ന് 70 റൺസ് അടിച്ചുകൂട്ടിയ വരുൺ – രോഹൻ സഖ്യമാണ് കേരളത്തിന് മികച്ച സ്കോർ ഉറപ്പാക്കിയത്. വരുണും രോഹനും ചെറിയ ഇടവേളയിൽ പുറത്തായെങ്കിലും, മൂന്നാം വിക്കറ്റിൽ വിഷ്ണു വിനോദിനൊപ്പം മറ്റൊരു അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത ക്യാപ്റ്റൻ സഞ്ജു സാംസൺ കേരളത്തിന് മികച്ച സ്കോർ ഉറപ്പാക്കി. 38 പന്തിൽ സഞ്ജുവും വിഷ്ണുവും കൂട്ടിച്ചേർത്തത് 57 റൺസ്. നാലാം വിക്കറ്റിൽ അബ്ദുൽ ബാസിതിനെ കൂട്ടുപിടിച്ച് 24 പന്തിൽ 42 റൺസ് കൂടി കൂട്ടിച്ചേർത്താണ് സഞ്ജു പുറത്തായത്. ചണ്ഡിഗഡിനായി ആകാശ് സുദൻ നാല് ഓവറിൽ 46 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. രാജംഗദ് ബാവ, മുരുകൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ മനൻ വോഹ്റയുടെ തകർപ്പൻ പ്രകടനം ചണ്ഡിഗഡിന് വിജയപ്രതീക്ഷ സമ്മാനിച്ചതാണ്. ഓപ്പണറായി ഇറങ്ങിയ വോഹ്റ 61 പന്തിൽ 95 റൺസുമായി പുറത്താകാതെ നിന്നു. ഒൻപതു ഫോറും മൂന്നു സിക്സും ഉൾപ്പെടുന്നതാണ് വോഹ്റയുടെ ഇന്നിങ്സ്. അവസാന ഓവറുകളിൽ തകർത്തടിച്ച് ഭാഗ്‌മേന്ദർ ലാതറിനെ പുറത്താക്കിയ വിനോദ് കുമാറാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. 12 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 31 റൺസെടുത്താണ് ലാതർ പുറത്തായത്. 22 പന്തിൽ മൂന്നു ഫോറുകളോടെ 29 റൺസെടുത്ത ശിവം ഭാംബ്രി, ഒൻപതു പന്തിൽ ഒരു സിക്സ് സഹിതം 12 റൺസെടുത്ത ഗൗരവ് പുരി എന്നിവരും ചണ്ഡിഗഡിനായി തിളങ്ങി.

കേരളത്തിനായി ബേസിൽ തമ്പി നാല് ഓവറിൽ 40 റൺസ് വഴങ്ങിയും വിനോദ് കുമാർ നാല് ഓവറിൽ 41 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ശ്രേയസ് ഗോപാൽ, ജലജ് സക്സേന എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

English Summary:

Kerala won by 7 runs against Chandigarh in Syed Mushtaq Ali Trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com