പതുക്കെ എറിഞ്ഞാൽ ബാറ്റർമാർക്കു പിടികിട്ടും, സൂപ്പർ ഫാസ്റ്റ് സ്പിൻ പന്തുകളുമായി കുൽദീപ്
Mail This Article
മുൻപ് പന്തിന്റെ വേഗക്കുറവിന്റെ പേരിൽ പഴി കേട്ടിട്ടുള്ള കുൽദീപ് യാദവ് ഇന്നലെ എതിരാളികളെ വിസ്മയിപ്പിച്ചത് സൂപ്പർ ഫാസ്റ്റ് സ്പിൻ പന്തുകളിലൂടെ. ക്രീസിനു പുറത്തേക്കിറങ്ങി തന്നെ കടന്നാക്രമിച്ച കിവീസ് ബാറ്റർമാരെയും കുൽദീപ് അമ്പരപ്പിച്ചു. തന്നെ സ്വീപ് ചെയ്യാൻ ശ്രമിച്ച ഡാരിൽ മിച്ചലിനെതിരെ കുൽദീപ് പ്രയോഗിച്ചത് 114 കിലോമീറ്റർ വേഗമുള്ള സീംഅപ് പന്താണ്.
പിച്ച് ചെയ്ത ശേഷം കുതിച്ചെത്തിയ പന്ത് ബാറ്റിനു പകരം മിച്ചലിന്റെ കയ്യിലാണ് കൊണ്ടത്. ഇതിനു മുൻപും 100 കിലോമീറ്ററിലധികം വേഗമുള്ള ഫ്ലിപ്പറും താരം തൊടുത്തുവിട്ടിരുന്നു. മുൻപ് 80 കിലോമീറ്ററിൽ താഴെ മാത്രം ശരാശരി വേഗമുണ്ടായിരുന്ന തന്റെ പന്തുകൾ പിച്ച് ചെയ്ത ശേഷം റീഡ് ചെയ്യാൻ ബാറ്റർമാർ പഠിച്ചെടുത്തതായിരുന്നു കുൽദീപിനു വിനയായത്.
ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിനെത്തുടർന്ന് റണ്ണപ്പിലടക്കം പരിഷ്കാരം വരുത്തി പന്തുകൾക്കു വേഗം കൂട്ടിയ താരം കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇതു പൊളിക്കാനായി ക്രീസിനു പുറത്തിറങ്ങി അറ്റാക്കിങ് ഷോട്ടുകൾ ബാറ്റർമാർ കളിച്ചതോടെയാണ് കുൽദീപ് സൂപ്പർ ഫാസ്റ്റ് പന്തുകൾ പുറത്തെടുത്തത്.