ADVERTISEMENT

മുംബൈ ∙ ലോകകപ്പിൽ ഉടനീളം മിന്നുന്ന ഫോമിലാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോലി. ഒരു സെഞ്ചറിയുൾപ്പെടെ അഞ്ച് മത്സരങ്ങളിൽനിന്ന് 354 റൺസാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്. കഴിഞ്ഞയാഴ്ച ബംഗ്ലദേശിനെതിരെ ഏകദിന കരിയറിലെ 48–ാം സെഞ്ചറിയാണ് കോലി കണ്ടെത്തിയത്. ഇതിഹാസ താരമായ സച്ചിൻ തെൻഡുൽക്കർക്ക് ഒപ്പമെത്താൻ ഇനി വേണ്ടത് ഒരു സെഞ്ചറി മാത്രം. ന്യൂസീലൻഡിനെതിരെ താരം റെക്കോർഡ് നേട്ടത്തിൽ സച്ചിനൊപ്പമെത്തുമെന്ന് കരുതിയെങ്കിലും 95 റൺസുമായി പുറത്തായി.

എന്നാൽ ഈ ലോകകപ്പിൽതന്നെ കോലി റെക്കോർഡ് സ്വന്തമാക്കുമെന്ന പ്രവചനവുമായി രംഗത്തുവന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ. അടുത്ത രണ്ട് മത്സരത്തിനുള്ളിൽ കോലി സച്ചിന്റെ റെക്കോർഡിനൊപ്പമെത്തുമെന്നും അതിനു പിന്നാലെ പുതിയ റെക്കോർഡ് സ്വന്തമാക്കുമെന്നും ഗാവസ്കര്‍ പറയുന്നു. ഒക്ടോബർ 29ന് ഇംഗ്ലണ്ടിനെതിരെയും നവംബർ 2ന് ശ്രീലങ്കയ്ക്കെതിരെയുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ. നവംബർ 5ന് കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കോലി 50–ാം സെഞ്ചറി സ്വന്തമാക്കുമെന്നും ഗാവസ്കർ പറയുന്നു. നവംബർ 5 കോലിയുടെ ജന്മദിനം കൂടിയാണ്.

‘‘നവംബർ 5ന് കോലി തന്റെ 50–ാം ഏകദിന സെഞ്ചറി സ്വന്തമാക്കും. ഇത്തരം നേട്ടം സ്വന്തമാക്കാൻ ജന്മദിനത്തേക്കാൾ മികച്ച മറ്റൊരു മുഹൂർത്തമുണ്ടോ? 49–ാം സെഞ്ചറി നേടാൻ  കൊൽക്കത്തയിൽ എത്തുന്നതിനു മുൻപ് അദ്ദേഹത്തിന് രണ്ട് മത്സരങ്ങളുണ്ട്. വലിയ റൺ നേടാൻ മികച്ച വേദിയാണ് ഈഡൻ ഗാർഡൻസ്. അവിടെയുള്ള കാണികൾ നിങ്ങള്‍ക്കായി എഴുന്നേറ്റുനിന്ന് കയ്യടിക്കും. ഏതൊരു ബാറ്ററും ആഗ്രഹിക്കുന്ന നിമിഷമാണത്’’ ഗാവസ്കർ പറഞ്ഞു.

അതേസമയം ടൂർണമെന്റിൽ അപരാജിത കുതിപ്പു തുടരുകയാണ് ഇന്ത്യ. ഇതുവരെ കളിച്ച അഞ്ച് മത്സരത്തിലും എതിരാളികൾ നീലപ്പടയ്ക്കു മുന്നിൽ മുട്ടുകുത്തി. 10 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ് ഇന്ത്യ. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ കരുത്തു തെളിയിച്ച ടീം വർധിത ആത്മവിശ്വാസത്തോടെയാണ് ഇംഗ്ലണ്ടിനെ നേരിടാൻ തയാറെടുക്കുന്നത്. അടുത്ത മത്സരത്തിൽ ജയിച്ചാൽ സെമി ബർത്തിലേക്കുള്ള ഇന്ത്യൻ ടീമിന്റെ പ്രയാണം കൂടുതൽ എളുപ്പമാകും. 

English Summary:

ഈ ലോകകപ്പിൽ കോലി ഏകദിനത്തിലെ 50–ാം സെഞ്ചറി സ്വന്തമാക്കും; പ്രവചനവുമായി ഗാവസ്കർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com