ADVERTISEMENT

മുംബൈ ∙ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനു തയാറെടുക്കുന്ന ഇന്ത്യൻ ടീം അംഗങ്ങൾ ഇപ്പോൾ മുംബൈയിലാണുള്ളത്. ഇതിനിടെ ടീം താമസിക്കുന്ന ഹോട്ടലിൽനിന്ന് വേഷം മാറി ബിസിസിഐയുടെ ക്യാമറാമാനായി മറൈൻ ഡ്രൈവിലെത്തിയ സൂര്യകുമാർ യാദവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. ടാറ്റു മറയ്ക്കാനായി ഫുൾ സ്ലീവ് ഷർട്ടും തിരിച്ചറിയാതിരിക്കാൻ മാസ്കും തൊപ്പിയും വച്ചാണ് താരം മുംബൈ മറൈൻ ഡ്രൈവിൽ എത്തിയത്. 

ലോകകപ്പിലെ ടീമിന്റെ പ്രകടനത്തേക്കുറിച്ചും ഇഷ്ടതാരങ്ങളേക്കുറിച്ചുമെല്ലാം സൂര്യകുമാർ ആരാധകരോട് ചോദ്യങ്ങൾ ഉന്നയിക്കുന്നത് വിഡിയോയിൽ കാണാം. ടീമിന്റെ പ്രകടനത്തെ മിക്കവരും പ്രശംസിക്കുകയും രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവരെല്ലാം ഇഷ്ട താരങ്ങളാണെന്നു പറയുന്നതും കാണാം. എന്നാൽ സ്വന്തം പേര് ആരും പറയാത്തതിൽ നിരാശനായതോടെ പ്രകടനത്തേക്കുറിച്ച് സൂര്യകുമാർ അങ്ങോട്ടു ചോദിച്ചു. ഇതിനു ലഭിച്ച പല മറുപടികളും ഏറെ രസകരവുമായി.

പ്രതികരിച്ചവരില്‍‌ ഒരാൾ സൂര്യകുമാറിന്റെ ബാറ്റിങ് നല്ലതാണെന്നും ബാറ്റിങ് ഓർഡറിൽ നേരത്തെ ഇറക്കണമെന്നും അഭിപ്രായപ്പെട്ടു. ഏകദിനത്തിലെ സൂര്യയുടെ ബാറ്റിങ് ശൈലി മാറ്റണമെന്നും താരം കുറച്ചുകൂടെ ശ്രദ്ധിച്ചു കളിക്കണമെന്നും ആവശ്യമെങ്കിൽ കോച്ചിന്റെ സഹായം തേടണമെന്നും ചിലർ അഭിപ്രായപ്പെട്ടു. തന്റെ ബാറ്റിങ് ഏറെ ആസ്വദിക്കുന്നുണ്ടെന്ന് പറഞ്ഞ ഒരു ആരാധകനു മുന്നിൽ സൂര്യ മാസ്ക് അഴിച്ച് ആശ്ച‌ര്യപ്പെടുത്ത‌ി. 

പരുക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായാണ് സൂര്യകുമാർ ടീമില്‍ ഇടംനേടിയത്. ഇംഗ്ലണ്ടിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ 49 പന്തിൽ 47 റൺസ് നേടിയ താരത്തിന്റെ ഇന്നിങ്സ് ഇന്ത്യയ്ക്ക് മുതൽക്കൂട്ടായി. നിലവിൽ ലോകകപ്പിലെ ഒരു മത്സരം പോലും തോൽക്കാതെയാണ് ടീം നാളെ ശ്രീലങ്കയെ നേരിടാനൊരുങ്ങുന്നത്. പോയിന്റു പട്ടികയിൽ‌ ഇന്ത്യ ഒന്നാമതും ശ്രീലങ്ക ഏഴാമതുമാണ്. 

English Summary:

World Cup 2023: Suryakumar Yadav turns cameraman, interviews Mumbai locals in disguise ahead of IND vs SL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com