ADVERTISEMENT

ബെംഗളൂരു∙ ചിന്നസ്വാമി സ്റ്റേഡിയത്തിൽ പെയ്തിറങ്ങിയ മഴയ്‌ക്കൊപ്പം ഒലിച്ചുപോയത് ന്യൂസീലൻഡിന്റെ വിജയപ്രതീക്ഷകൾ കൂടിയാണ്. മഴ ‘വില്ലനായ’ മത്സരത്തിൽ ന്യൂസീലൻഡിനെ 21 റൺസിനാണ് പാക്കിസ്ഥാൻ മഴനിയമപ്രകാരം തോൽപ്പിച്ചത്. ന്യൂസീലൻഡ് ഉയർത്തിയ 402 റൺസ് കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 25.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു നിൽക്കെയാണ് മത്സരം ഉപേക്ഷിച്ചത്. ഇടയ്ക്ക് മഴ കളി മുടക്കിയതോടെ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 41 ഓവറിൽ 342 റൺസായി പുനർനിർണയിച്ചിരുന്നു. മൂന്നു ഓവറിനു ശേഷം വീണ്ടും മഴയെത്തിയതോടെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

ഉജ്വല സെഞ്ചറിയുമായി തകർത്തടിച്ച ഫഖർ സമാന്റെ (81 പന്തിൽ 126*) ഇന്നിങ്സാണ് പാക്ക് ജയത്തിൽ നിർണായകമായത്. ക്യാപ്റ്റൻ ബാബർ അസം (63 പന്തിൽ 66*) ഉറച്ചപിന്തുണ നൽകി. ജയത്തോടെ പാക്കിസ്ഥാൻ സെമിപ്രതീക്ഷകൾ സജീവമായി നിലനിർത്തി. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായ ന്യൂസിലൻഡ് പരാജയപ്പെട്ടതോടെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്ക സെമിയിൽ പ്രവേശിച്ചു. ശ്രീലങ്കയ്‌ക്കെതിരായ അടുത്ത മത്സരം ന്യൂസീലൻഡിനു നിർണായകമാണ്.

∙ വീണ്ടും രചിൻ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 401 റണ്‍സ് നേടിയത്. ന്യൂസീലൻഡിനായി ഇറങ്ങിയ ബാറ്റർമാരെല്ലാം മോശമല്ലാത്ത പ്രകടനം നടത്തി. ഓപ്പണർ രചിൻ രവീന്ദ്ര സെഞ്ചറി നേടി കിവീസിനെ മുന്നിൽ നിന്നു നയിച്ചു. 94 പന്തുകൾ നേരിട്ട രചിൻ 108 റൺസെടുത്തുപുറത്തായി.

സെഞ്ചറി നേടിയ രചിൻ രവീന്ദ്ര ബാറ്റിങ്ങിനിടെ
സെഞ്ചറി നേടിയ രചിൻ രവീന്ദ്ര ബാറ്റിങ്ങിനിടെ

ക്യാപ്റ്റൻ കെയ്ൻ വില്യംസൻ 79 പന്തിൽ 95 റൺസെടുത്തു. ഗ്ലെൻ ഫിലിപ്സ് (25 പന്തിൽ 41), ഓപ്പണർ ഡെവോൺ കോൺവെ (39 പന്തിൽ 35), മാർക് ചാപ്മാൻ (27 പന്തിൽ 39), മിച്ചൽ സാന്റ്നർ (17 പന്തിൽ 26) എന്നിങ്ങനെയാണ് മറ്റു കിവീസ് ബാറ്റർമാരുടെ സ്കോറുകൾ. ലോകകപ്പിൽ ന്യൂസീലൻഡിന്റെ ഏറ്റവും മികച്ച ടോട്ടലാണ് ശനിയാഴ്ച നേടിയത്.

റൺസ് വഴങ്ങുന്നതിൽ പാക്കിസ്ഥാൻ ബോളർമാർ യാതൊരു പിശുക്കും കാണിക്കാതിരുന്ന ആദ്യ ഇന്നിങ്സിൽ 15.4 ഓവറിലാണ് (94 പന്തുകൾ) കിവീസ് 100 പിന്നിട്ടത്. ഓപ്പണർ കോൺവെയുടെ പുറത്താകലിനു ശേഷം, രചിൻ രവീന്ദ്രയും കെയ്ൻ വില്യംസണും കൂട്ടിച്ചേർത്തത് 180 റൺസ്.

English Summary:

Pakistan vs New Zealand ODI World Cup Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com