ADVERTISEMENT

ന്യൂഡൽഹി∙ ഈ വർഷത്തെ ഏകദിന ലോകകപ്പിൽ സെമി കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേട് ഏറ്റുവാങ്ങിയ ബംഗ്ലദേശ്, പുറത്തേക്കുള്ള യാത്രയിൽ ശ്രീലങ്കയേയും ഒപ്പം കൂട്ടി. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയോടേറ്റ കനത്ത തോൽവിയോടെ സെമി മോഹങ്ങൾ ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞിരുന്ന ശ്രീലങ്കയ്ക്ക്, ടൂർണമെന്റിൽനിന്ന് ഔദ്യോഗികമായി പുറത്തേക്കുള്ള വഴികാട്ടി ബംഗ്ലദേശിന് ജയം. ഇരു ടീമുകളും വാശിയോടെ പോരാടിയ മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ബംഗ്ലദേശ് ശ്രീലങ്കയെ വീഴ്ത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക മൂന്നു പന്തു ബാക്കിനിൽക്കെ 279 റൺസിന് പുറത്തായതോടെ ബംഗ്ലദേശിനു മുന്നിൽ ഉയർന്നത് 280 റൺസ് വിജയലക്ഷ്യം. ആത്മവിശ്വാസത്തോടെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ്, 53 പന്തും മൂന്നു വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി. ബംഗ്ലദേശ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കു പിന്നാലെയാണ് ശ്രീലങ്കയും സെമി കാണാതെ പുറത്തായത്.

ഈ ലോകകപ്പിൽ ബംഗ്ലദേശിനായി ആദ്യ സെഞ്ചറി കൂട്ടുകെട്ടു കണ്ടെത്തിയ ഷാക്കിബ് അൽ ഹസൻ – നജ്മുൽ ഹുസൈൻ ഷാന്റോ സഖ്യമാണ് ശ്രീലങ്കയ്‌ക്കെതിരെ ടീമിനു വിജയം സമ്മാനിച്ചത്. ഒരു ഘട്ടത്തിൽ രണ്ടിന് 41 റൺസ് എന്ന നിലയിൽ തകർന്ന ബംഗ്ലദേശിനായി, മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 169 റൺസ്. 149 പന്തിലാണ് ഇരുവരും ചേർന്ന് 169 റൺസ് അടിച്ചുകൂട്ടിയത്.

101 പന്തിൽ 12 ഫോറുകൾ സഹിതം 90 റൺസെടുത്ത ഷാന്റോയാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഷാക്കിബ് 65 പന്തിൽ 12 ഫോറും രണ്ടു സിക്സും സഹിതം 82 റൺസെടുത്തും പുറത്തായി. ഇരുവരെയും എയ്ഞ്ചലോ മാത്യൂസ് തുടർച്ചയായ ഓവറുകളിൽ പുറത്താക്കിയതോടെ തകർച്ചയെ നേരിട്ടെങ്കിലും പിന്നീടെത്തിയവരുടെ ചെറിയ സംഭാവനകളുടെ ബലത്തിൽ ബംഗ്ലദേശ് വിജയത്തിലെത്തി.  മഹ്മൂദുല്ല (23 പന്തിൽ 22), മുഷ്ഫിഖുർ റഹിം (13 പന്തിൽ 10), മെഹ്ദി ഹസൻ മിറാസ് (അഞ്ച് പന്തിൽ മൂന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഓപ്പണർ തൻസിദ് ഹസൻ അഞ്ച് പന്തിൽ 9 റൺസെടുത്തും ലിട്ടൻ ദാസ് 22 പന്തിൽ 23 റൺസെടുത്തും പുറത്തായി. തൻസിം ഹസൻ സാകിബ് ആറു പന്തിൽ 9 റൺസോടെയും തൗഹിദ് ഹൃദോയ് ഏഴു പന്തിൽ 15 റൺസോടെയും പുറത്താകാതെ നിന്നു.

രാജ്യാന്തര പുരുഷ ക്രിക്കറ്റിൽ ടൈംഡ് ഔട്ടായി പുറത്താകുന്ന ആദ്യ താരമെന്ന നാണക്കേട് ഏറ്റുവാങ്ങിയ ലങ്കൻ താരം എയ്ഞ്ചലോ മാത്യൂസ്, ആവർത്തിച്ച് അഭ്യർഥിച്ചിട്ടും അപ്പീൽ പിൻവലിക്കാൻ തയാറാകാതിരുന്ന ബംഗ്ലദേശ് നായകൻ ഷാക്കിബ് അൽ ഹസനെ പുറത്താക്കി പകരം വീട്ടിയ നാടകീയ നിമിഷവും കളിക്കിടെ കണ്ടു. പ്രതീകാത്മകമായി വാച്ചിൽ നോക്കുന്ന ആംഗ്യം കാട്ടിയാണ് മാത്യൂസ് ഷാക്കിബിനെ ‘യാത്രയാക്കിയത്’. ശ്രീലങ്കയ്ക്കായി ദിൽഷൻ മദുഷങ്ക 10 ഓവറിൽ 69 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. എയ്ഞ്ചലോ മാത്യൂസ് 7.1 ഓവറിൽ 39 റൺസ് വഴങ്ങിയും മഹീഷ് തീക്ഷണ 9 ഓവറിൽ 44 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

∙ ബാറ്റിങ്ങിൽ അസലങ്ക, ‘അസൽ ലങ്ക’

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 49.3 ഓവറിൽ 279 റണ്‍സെടുത്തു പുറത്തായി. സെഞ്ചറി നേടിയ ചരിത് അസലങ്കയാണ് ശ്രീലങ്കയെ മുന്നിൽനിന്നു നയിച്ചത്. 105 പന്തിൽ 108 റൺസെടുത്തു താരം പുറത്തായി. ഓപ്പണർ പതും നിസംഗ (36 പന്തിൽ 41), സദീര സമരവിക്രമ (42 പന്തിൽ 41), ധനഞ്ജയ ഡിസിൽവ (36 പന്തിൽ 34), മഹീഷ് തീക്ഷണ (31 പന്തിൽ 22) എന്നിവരാണ് ലങ്കയുടെ മറ്റു പ്രധാന സ്കോറർമാർ. തുടക്കത്തിൽ തന്നെ ഓപ്പണര്‍ കുശാൽ പെരേരയെ നഷ്ടമായ ശ്രീലങ്കയെ നിസംഗയും ക്യാപ്റ്റൻ മെന്‍ഡിസും ചേര്‍ന്നാണു കരകയറ്റിയത്. സ്കോർ 66 നിൽക്കെ മെൻഡിസ് ഷാക്കിബ് അൽ ഹസന്റെ പന്തിൽ പുറത്തായി.

പതും നിസംഗയും പിന്നാലെയെത്തിയ സമരവിക്രമയും ലങ്കയ്ക്കായി തിളങ്ങിയപ്പോൾ ഏഞ്ചലോ മാത്യൂസ് ടൈം ഔട്ട് ആയി മടങ്ങിയതു തിരിച്ചടിയായി. നിശ്ചിത സമയത്തിനകം ബാറ്റിങ്ങിന് തയാറാകാത്തതിനാൽ മാത്യൂസിനെ പുറത്താക്കണമെന്ന് ബംഗ്ലദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അംപയർ ഇത് അംഗീകരിച്ചു. 101 പന്തുകളിൽ അസലങ്ക സെഞ്ചറി തികച്ചു. തൻസിം ഹസന്റെ പന്തിൽ ലിറ്റൻ ദാസ് ക്യാച്ചെടുത്താണ് അസലങ്കയെ പുറത്താക്കിയത്. ബംഗ്ലദേശിനായി തൻസിം ഹസൻ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി. ഷാക്കിബ് അൽ ഹസൻ, ഷൊരീഫുൾ ഇസ്‍ലാം എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.

English Summary:

ODI World Cup, Sri Lanka vs Bangladesh Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com