ADVERTISEMENT

ന്യൂഡൽഹി∙ ബംഗ്ലദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാക്കിബുൽ ഹസന് ലോകകപ്പിലെ അവസാന മത്സരം നഷ്ടമാകും. ഇടംകയ്യിലെ വിരലിനു പരുക്കേറ്റതിനാൽ ഷാക്കിബ് ഓസ്ട്രേലിയയ്ക്കെതിരായ മത്സരം കളിക്കില്ല. ലോകകപ്പ് സെമി ഫൈനലിൽ കയറാതെ ടീം പുറത്തായെങ്കിലും, 2025 ചാംപ്യൻസ് ട്രോഫിക്കു യോഗ്യത ഉറപ്പിക്കാനാണ് ബംഗ്ലദേശ് ടീമിന്റെ ശ്രമം. ഷാക്കിബിന് എത്ര കാലം പുറത്തിരിക്കേണ്ടിവരുമെന്നു വ്യക്തമല്ല.

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനു തൊട്ടുപിന്നാലെയാണ് ബംഗ്ലദേശ് ക്യാപ്റ്റനു പരുക്കേറ്റ വിവരം പുറത്തുവരുന്നത്. മത്സരത്തിൽ ലങ്കൻ ബാറ്റർ എയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ടാക്കിയതോടെ ഷാക്കിബുൽ ഹസൻ വിവാദത്തിലായിരുന്നു. ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്ത നീക്കമാണ് ഷാക്കിബുൽ ഹസൻ നടത്തിയതെന്നായിരുന്നു വിമർശനം. ശ്രീലങ്ക താരം സധീര സമരവിക്രമ പുറത്തായതിനു ശേഷം ബാറ്റു ചെയ്യാനെത്തിയ എ‍യ്ഞ്ചലോ മാത്യൂസ് ഹെൽമറ്റിന്റെ സ്ട്രാപ് പൊട്ടിയതു കാരണം ബാറ്റിങ്ങിനു തയാറായിരുന്നില്ല.

ഒരു ബാറ്റർ പുറത്തായാൽ അടുത്ത രണ്ടു മിനിറ്റിനുള്ളിൽ പുതിയ ബാറ്റർ പന്തു നേരിടാൻ തയാറായിരിക്കണമെന്നാണു ചട്ടം. അല്ലെങ്കിൽ ബോളിങ് ടീമിനു ടൈംഡ് ഔട്ട് ആവശ്യപ്പെടാം. ഈ അവസരം ഉപയോഗിച്ചാണ് ഷാക്കിബുൽ ഹസൻ ടൈംഡ് ഔട്ട് വേണമെന്ന് അംപയറോട് ആവശ്യപ്പെട്ടത്. തുടർന്ന് അംപയറുടെ നിർദേശ പ്രകാരം എയ്ഞ്ചലോ മാത്യൂസിന് ഗ്രൗണ്ട് വിടേണ്ടിവന്നു.

മത്സരത്തിൽ ബംഗ്ലദേശ് 3 വിക്കറ്റിനാണ് ശ്രീലങ്കയെ തോൽപിച്ചത്. ചരിത് അസലങ്കയുടെ (108) സെഞ്ചറിക്കരുത്തിൽ ലങ്കയുയർത്തിയ 280 റൺസ് വിജയലക്ഷ്യം നജ്മുൽ ഷാന്റോ (90), ഷാക്കിബുൽ ഹസൻ (82) എന്നിവരുടെ മികവിലാണ് ബംഗ്ലദേശ് കീഴടക്കിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്ത് എത്തിയ ബംഗ്ലദേശിന്റെ സെമി സാധ്യതകൾ നേരത്തേ അവസാനിച്ചിരുന്നു.

സ്കോർ: ശ്രീലങ്ക 49.3 ഓവറിൽ 279ന് ഓൾഔട്ട്. ബംഗ്ലദേശ് 41.1 ഓവറിൽ 7ന് 282.  ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ ഷാക്കിബായിരുന്നു പ്ലെയർ ഓഫ് ദ് മാച്ച്. 280 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് 31 ഓവറിൽ 2ന് 210 എന്ന നിലയിലായിരുന്നു. തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട ബംഗ്ലദേശ് പ്രതിരോധത്തിലായെങ്കിലും  മധ്യനിര ബാറ്റർ മഹ്മദുല്ല (22)യുടെ ചെറുത്തുനിൽപ് അവരെ ലക്ഷ്യത്തിലെത്തിച്ചു.

English Summary:

Shakib Al Hasan Out Of Bangladesh's Cricket World Cup 2023 Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com