ADVERTISEMENT

അഫ്ഗാനിസ്ഥാന്റെ പതിനൊന്നു പേരും അപ്രതീക്ഷിതമായെത്തിയ പരുക്കും തുടരാക്രമണങ്ങളുമായി ഒരു വശത്ത്. മൈറ്റി ഓസീസിന്റെ ചരിത്രഭാരവും പേറി, അവസാനശ്വാസം വരെ പൊരുതാനുറച്ച് ഗ്ലെൻ മാക്സ്‌വെൽ മറുവശത്ത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നുമായി മാക്സ‌്‌വെൽ ഇന്നലെ നടന്നുകയറിയത് അവിശ്വസനീയതയുടെ പരകോടിയിലേക്കാണ്. 

പരുക്കുമൂലം ഓടാൻപോയിട്ട് ഒന്നനങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇന്നലെ മാക്സ്‌‌വെൽ. അച്ചടക്കത്തോടെ പന്തെറിഞ്ഞ അഫ്ഗാൻ ബോളർമാരുടെ മുന്നിൽ ഓസീസ് ബാറ്റിങ് നിര ദയനീയമായി തകർന്നടിഞ്ഞപ്പോഴും ഒരറ്റത്ത് മാക്സ്‌വെൽ പാറപോലെ ഉറച്ചുനിന്നു. 7ന് 91 എന്ന നിലയിൽ തോൽവിയെ മുഖാമുഖം കണ്ട ഓസ്ട്രേലിയൻ ആരാധകർക്കു മുന്നിലേക്കാണ് രക്ഷകനായി മാക്സ്‌വെൽ അവതരിച്ചത്.

തോൽവിയുറപ്പിച്ച ഓസീസ് ആരാധകർക്ക് ആശ്വാസത്തിന്റെ ബൗണ്ടറികൾ സമ്മാനിച്ചാണ് ആദ്യം മാക്സ്‌വെൽ തുടങ്ങിയതെങ്കിൽ ഓരോ ഓവർ പിന്നിടുമ്പോഴും ആശ്വാസം പ്രതീക്ഷയിലേക്കും അവിടെ നിന്നു ആത്മവിശ്വാസത്തിലേക്കും വഴിമാറി. കാലിനേറ്റ പരുക്ക് അടിക്കടി വീഴ്ത്താൻ നോക്കിയെങ്കിലും അതൊന്നും മാക്സ്‌വെൽ കാര്യമാക്കിയില്ല. പരുക്കു കൂടുതൽ പ്രശ്നമായതോടെ സിംഗിളും ഡ‍ബിളും ഉപേക്ഷിക്കാൻ മാക്സ്‍വെൽ തീരുമാനിച്ചു.

പിന്നീടുള്ള റൺസ് ബൗണ്ടറികളിലൂടെ. ഓരോ ഓവറിലും രണ്ടോ മൂന്നോ ബൗണ്ടറി നേടി, ഓട്ടം പൂർണമായും ഒഴിവാക്കിയ മാക്സ്‌വെൽ, യാതൊരു ഫൂട്ട്‌വർക്കുമില്ലാതെ, ക്രീസിൽ പാറപോലെ ഉറപ്പിച്ചുനിർത്തിയ കാലുകളും വന്യമായ കൈക്കരുത്തുമായാണ് അനായാസം ബൗണ്ടറികൾ കണ്ടെത്തിയത്. മറുവശത്ത് മാക്സ്‌വെലിന്റെ മാജിക് ഷോയ്ക്ക് സാക്ഷിയായി ക്യാപ്റ്റൻ പാറ്റ് കമിൻസുമുണ്ടായിരുന്നു.

മാക്സ്‍‌വെലിന് പരമാവധി സ്ട്രൈക്ക് നൽകുക, ഒരു എൻഡിൽ വിക്കറ്റ് പോകാതെ നോക്കുക എന്ന ധർമം ക്യാപ്റ്റനും നന്നായി നിർവഹിച്ചതോടെ ഓസ്ട്രേലിയയ്ക്ക് ഏകദിനചരിത്രത്തിലെ ഏറ്റവും അവിസ്മരണീയ ജയങ്ങളിലൊന്ന് സ്വന്തം.

English Summary:

Glenn Maxwell use powerfull shots to defeat Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com