ADVERTISEMENT

ബെംഗളൂരു ∙ ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ച് ലോകകപ്പ് സെമിയ്ക്കരികെ ന്യൂസീലൻഡ്. ഗ്രൂപ്പ് ഘട്ടത്തിലെ ഒൻപത് മത്സരങ്ങളിൽ അഞ്ചെണ്ണം വിജയിച്ച് ന്യൂസീലൻഡ് പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. ഇതോടെ പാക്കിസ്ഥാന്റെ സെമി സാധ്യത തുലാസിലായി. ഇംഗ്ലണ്ടിനെതിരായ അടുത്ത മത്സരത്തിൽ വമ്പൻ വിജയം നേടിയെങ്കിൽ മാത്രമേ കിവികളെ മറികടന്ന് പാക്കിസ്ഥാന് സെമിയിൽ കടക്കാനാകൂ. നാലാം സ്ഥാനക്കാർ ഇന്ത്യയെയാണ് സെമിയിൽ നേരിടേണ്ടത്.

ശ്രീലങ്ക ഉയർത്തിയ 172 റൺസ് എന്ന വിജയലക്ഷ്യം 23.2  ഓവറിൽ 5 വിക്കറ്റുകൾ ശേഷിക്കേയാണ് ന്യൂസീലൻഡ് മറികടന്നത്. കിവികളുടെ പേസ് ആക്രമണത്തിൽ പതറിയ ലങ്കൻനിരയ്ക്ക് ബോളിങ്ങിലും തിളങ്ങാൻ കഴിയാതെ വന്നതോടെയാണ് ന്യൂസീലൻഡിന് ജയം അനായാസമായത്. ഡെവോൺ കോൺവേ(42 പന്തിൽ 45)യും രചിൻ രവീന്ദ്ര(34 പന്തിൽ 42)യും മികച്ച ഓപ്പണിങ്ങാണ് കിവീസിന് സമ്മാനിച്ചത്. ഇരുവരും ചേർന്ന് 86 റൺസാണ് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്.  കോൺവേ തന്നെയാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ. 

ക്യാപ്റ്റൻ കെയ്ൻ വില്യംസൺ( 15 പന്തിൽ 14) വലിയ സംഭാവനയൊന്നും നൽകാതെ പുറത്തായെങ്കിലും ഡാരി മിച്ചൽ ക്രീസിൽ ഉറച്ചു നിന്നത് ലങ്കയ്ക്ക് വെല്ലുവിളിയായി. അതിനിടെ ഏഴു റൺസ് എടുത്തു നിൽക്കെ മാർക് ചാപ്മാനെ സമരവിക്രമ റണ്ണൗട്ടാക്കി. ജയിക്കാൻ 10 റൺസ് മാത്രം വേണമെന്നിരിക്കെ മാത്യൂസിന്റെ പന്തിൽ അസലങ്ക ക്യാച്ചെടുത്ത് മിച്ചലിനെ മടക്കി. 31 പന്തിൽ 43 റൺസ് നേടി ടീമിനെ വിജയത്തോട് അടുപ്പിച്ചാണ് മിച്ചൽ ക്രീസ് വിട്ടത്. പീന്നീട് ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ ടോം ലാതം ഗ്ലെൻ ഫിലിപ്സുമായി ചേർന്ന് കിവീസിനെ ലക്ഷ്യത്തിലെത്തിച്ചു. ലങ്കയ്ക്കായി മാത്യൂസ് രണ്ടു വിക്കറ്റും ദുഷ്മന്ത ചമീര, എം.തീക്‌ഷണ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി. 

തകർന്നടിഞ്ഞ് ലങ്ക

സെമി പ്രതീക്ഷയുമായി കളത്തിലിറങ്ങിയ ന്യൂസീലൻഡിനായി ബോളർമാർ അവസരത്തിനൊത്ത് ഉയർന്നപ്പോൾ ശ്രീലങ്കൻ ഇന്നിങ്സ് 46.4 ഓവറിൽ 171 റൺസിൽ അവസാനിച്ചു. മുൻനിര ബാറ്റർമാർ കിവീസിന്റെ പേസ് ത്രയത്തിനു മുന്നിൽ കീഴടങ്ങിയപ്പോൾ, സ്പിന്നർ മിച്ചൽ സാന്റ്നർ മധ്യനിര ബാറ്റർമാരെയും വാലറ്റത്തെ രചിൻ രവീന്ദ്രയും മടക്കി. അര്‍ധ സെഞ്ചറി നേടിയ കുശാൽ പെരേരയാണ് (28 പന്തിൽ 51) ശ്രീലങ്കയുടെ ടോപ് സ്കോറർ. 

ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ കെയ്ന്‍ വില്യംസന്റെ പ്രതീക്ഷ കാക്കാൻ തുടക്കം മുതൽ ന്യൂസീലൻഡ് ബോളർമാർക്കു കഴിഞ്ഞു. രണ്ടാം ഓവറിൽ പാത്തും നിസ്സങ്കയെ (8 പന്തിൽ 2) മടക്കി ടിം സൗത്തിയാണ് ആദ്യ വിക്കറ്റ് നേടിയത്. ട്രെന്റ് ബോൾട്ട് എറിഞ്ഞ അഞ്ചാം ഓവറിൽ ലങ്കൻ ക്യാപ്റ്റൻ കുശാൽ മെൻഡിസും (7 പന്തിൽ 6) സദീര സമരവിക്രമയും (2 പന്തിൽ 1) കൂടാരം കയറി. 

സ്കോർ 70ൽ നിൽക്കേ ചരിത് അസലങ്കയും (8 പന്തിൽ 8) കുശാൽ പെരേരയും അടുത്തടുത്ത ഓവറുകളിൽ പുറത്തായി. തകർത്തടിച്ച പെരേര 28 പന്തിൽ 2 സിക്സും 9 ഫോറും സഹിതം 51 റൺസ് നേടിയാണ് മടങ്ങിയത്. ലോക്കി ഫെർഗ്യൂസന്റെ പന്തിൽ മിച്ചൽ സാന്റ്നർ പിടിച്ചാണ് പുറത്തായത്. പിടിച്ചു നിൽക്കാൻ ശ്രമിച്ച എയ്ഞ്ചലോ മാത്യൂസിനേയും (27 പന്തിൽ 16) ധനഞ്ജയ ഡിസിൽവയേയും (24 പന്തിൽ 19) സാന്റ്നർ മിച്ചലിന്റെ കൈകളിലെത്തിച്ചു.

ചാമിക കരുണരത്നെ (17 പന്തിൽ 6), ദുഷ്മന്ത ചമീര (20 പന്തിൽ 1) എന്നിവരും പിടിച്ചു നിൽക്കാനാവാതെ മടങ്ങി. അവസാന വിക്കറ്റില്‍ ദിൽഷൻ മധുഷങ്കയോടൊപ്പം ചെറുത്തുനിന്ന മഹീഷ് തീക്ഷണയാണ് ടീം സ്കോർ 150 കടത്തിയത്. 91 പന്തു നേരിട്ട തീക്ഷണ 38 റൺസുമായി പുറത്താകാതെ നിന്നു. 11–ാമനായി ഇറങ്ങിയ മധുഷങ്ക 48 പന്തിൽ 19 റൺസ് നേടി പുറത്തായി. ന്യൂസീലൻഡിനായി ട്രെൻഡ് ബോൾട്ട് 3 വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെർഗ്യൂസൻ, മിച്ചൽ സാന്റ്നർ, രചിൻ രവീന്ദ്ര എന്നിവർ രണ്ടു വീതം വിക്കറ്റും ടിം സൗത്തി ഒരു വിക്കറ്റും നേടി.

English Summary:

New Zealand vs Sri Lanka ICC Cricket World Cup Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com