ADVERTISEMENT

ടീം തോൽവിക്കു മുഖാമുഖം നിൽക്കുമ്പോൾ, പേശീവലിവു മൂലം ഓടാൻ പോലുമാവാതെ ബാറ്റു ചെയ്യുമ്പോൾ, ക്രീസിൽ കാലനക്കാതെ നിന്ന് തുടരെ ഫോറും സിക്സുകളുമായി ഒരു ഇരട്ടസെഞ്ചറി! അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെലിന്റെ ബാറ്റിങ് കണ്ട് എല്ലാവരും ആശ്ചര്യപ്പെട്ടു ചോദിച്ച ചോദ്യം– ‘ഈ മനുഷ്യനു സമ്മർദം എന്ന ഒന്നില്ലേ..’. മാക്സ്‍വെൽ അതിനുള്ള മറുപടി മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. 2019 ഒക്ടോബറിൽ വിഷാദം കൊണ്ടു വീർപ്പുമുട്ടി ക്രിക്കറ്റിൽനിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേളയെടുത്തപ്പോൾ. 

അകാരണമായ സംശയങ്ങളും ഭീതിയും മാക്സ്‌വെലിന്റെ മനസ്സിനെ വേട്ടയാടിയ കാലമായിരുന്നു അത്. അതിൽനിന്നു മാക്സ്‌വെലിനെ രക്ഷിച്ചത് ഏതെങ്കിലും ഡോക്ടറോ സൈക്കോളജിസ്റ്റോ അല്ല. ഒരു ഇന്ത്യൻ ഫാർമസിസ്റ്റാണ്. പേര് വിനി രാമൻ; അന്ന് മാക്സ്‌വെലിന്റെ കൂട്ടുകാരി, ഇന്ന് ജീവിതപങ്കാളി! ശ്രീലങ്കൻ പരമ്പരയ്ക്കിടെ, ക്രിക്കറ്റിൽനിന്ന് ഇടവേളയെടുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച ശേഷം മാക്സ്‌വെൽ ഓടിയെത്തിയത് വിനിയുടെ അടുത്തേക്കാണ്. വിനി കൂട്ടുകാരനെ ആശ്വസിപ്പിക്കുകയല്ല ചെയ്തത്. അഭിനന്ദിക്കുകയാണ്. 

‘നന്നായി. എല്ലാറ്റിലും വലുത് ജീവിതത്തിലെ സന്തോഷമാണ്..’ വിനിയുടെ പിന്തുണയോടെ മാസങ്ങൾക്കകം മാക്സ്‌വെൽ ആ സന്തോഷം വീണ്ടെടുത്തു. അതിനു ശേഷം ആ ‘സന്തോഷം’ മാക്സ്‌വെലിനെ വിട്ടുപിരിഞ്ഞിട്ടില്ല. 2022 മാർച്ചിൽ മാക്സ്‌വെൽ വിനിയെ വിവാഹം ചെയ്തു. ഈ  സെപ്റ്റംബറിൽ ഇരുവർക്കും മകൻ പിറന്നു– ലോഗൻ മാവറിക്. രണ്ടു മാസം മാത്രം പ്രായമുള്ള ലോഗനെയും കൊണ്ടാണ് വിനി വാങ്കഡെയിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരം കാണാനെത്തിയത്. സിക്സറിലൂടെ മാക്സ്‍വെൽ ഓസീസ് ജയവും ഇരട്ടസെഞ്ചറിയും പൂർത്തിയാക്കിയപ്പോൾ കടന്നുവന്ന കനൽദൂരങ്ങളുടെ ഓർമ പോലെ വിനി ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചു: ‘ഓൾ ദ് ഇമോഷൻസ്..’

ചെന്നൈയിൽ കുടുംബവേരുകളുള്ള വിനിയും ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ നിന്നുള്ള മാക്സ്‍വെലും ആദ്യമായി കണ്ടുമുട്ടിയതു ക്രിക്കറ്റ് മൈതാനത്താണ്.  2013 ഡിസംബറിൽ, ഓസ്ട്രേലിയൻ ക്ലബ്ബായ മെൽബൺ സ്റ്റാർസ് വനിതാ ടീമിൽ തന്റെ കൂട്ടുകാരിയുടെ കളി കാണാൻ എത്തിയതായിരുന്നു വിനി. മെൽബൺ സ്റ്റാർസ് പുരുഷടീമിന്റെ ക്യാപ്റ്റനായ മാക്സ്‍വെലും അവിടെയുണ്ടായിരുന്നു. ഇരുവരും കണ്ടു, സംസാരിച്ചു, കൂട്ടായി.

മാക്സി വിനിയോട് വിവാഹഭ്യാർഥന നടത്തിയത് ഒരു ‘മരംചുറ്റിക്കഥ’യാണ്. പ്രപ്പോസ് ചെയ്യാമെന്ന ഉദ്ദേശത്തോടെ മാക്സ്‌വെൽ വിനിയെ ഒരു പാർക്കിലേക്കു വിളിച്ചു വരുത്തി. അണിഞ്ഞൊരുങ്ങി, മോതിരവുമായി മാക്സ്‌വെൽ അവിടെയെത്തിയപ്പോഴതാ ഒരുകൂട്ടം കുട്ടികൾ അവിടെ കളിക്കുന്നു. അവരുടെ കണ്ണിൽപ്പെടാതെ മാക്‌സ്‌വെൽ ഒരു മരത്തിനു പിന്നിൽ വിനിയെ കാത്തുനിന്നു. വിനി മാക്സ്‌വെലിനെ കണ്ടില്ല. ആസൂത്രണം പാളിയതോടെ, പരസ്പരബന്ധമില്ലാതെ പലതും പറഞ്ഞതിനു ശേഷമാണ് മാക്സ്‌വെ‍ൽ മോതിരവുമായി വിനിക്കു മുന്നിൽ മുട്ടുകുത്തിയത്. വിനി ‘യെസ്’ പറഞ്ഞ നിമിഷം മാക്സ്‍വെലിന്റെ കണ്ണിലൂടെ പറന്നതും ആഹ്ലാദത്തിന്റെ സിക്സറാകും!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com