ഹെൽമറ്റ് തകരാർ അംപയറെ ആദ്യം അറിയിക്കണം, മാത്യൂസ് ‘ടൈംഡ് ഔട്ട് തന്നെ; അംപയറെ തുണച്ച് എംസിസി

Mail This Article
ലണ്ടൻ ∙ ബംഗ്ലദേശിനെതിരായ ലോകകപ്പ് മത്സരത്തിലെ ശ്രീലങ്കൻ താരം ആൻജലോ മാത്യൂസിന്റെ ‘ടൈംഡ് ഔട്ട്’ വിവാദത്തിൽ അംപയറുടെ തീരുമാനം ശരിവച്ച് ക്രിക്കറ്റിന്റെ നിയമ നിർമാതാക്കളായ മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി). ബാറ്റിങ് തുടങ്ങും മുൻപ് ഹെൽമറ്റിന് തകരാർ കണ്ടെത്തിയ മാത്യൂസ് ആ വിവരം ഫീൽഡ് അംപയറെയാണ് ആദ്യം അറിയിക്കേണ്ടിയിരുന്നത്. അംപയറുടെ അനുമതിയോടെയാണ് ഹെൽമറ്റ് മാറിയതെങ്കിൽ ‘ടൈംഡ് ഔട്ട്’ പുറത്താകലിൽ നിന്ന് ആൻജലോ മാത്യൂസിന് ഇളവ് ലഭിക്കുമായിരുന്നു.
എന്നാൽ അതുണ്ടായില്ല. എതിർ ടീമിന്റെ അപ്പീൽ അംഗീകരിച്ച് ബാറ്ററെ പുറത്താക്കുക മാത്രമാണ് ആ സംഭവത്തിൽ അംപയർക്ക് ചെയ്യാനാവുന്നത്– എംസിസി പ്രസ്താവനയിൽ അറിയിച്ചു. ബാറ്റിങ്ങിനായി ക്രീസിലെത്താനുള്ള 2 മിനിറ്റ് സമയപരിധി പാലിക്കാത്തതിന്റെ പേരിലാണ് ബംഗ്ലദേശിനെതിരായ മത്സരത്തിൽ ആൻജലോ മാത്യൂസ് പുറത്തായത്.
ശ്രീലങ്കൻ ബാറ്റർ സദീര സമരവിക്രമ പുറത്തായശേഷം ക്രീസിലെത്തിയ ആൻജലോ മാത്യൂസ് ബാറ്റിങ്ങിന് ഒരുങ്ങുന്നതിനിടെ ഹെൽമറ്റിന്റെ സ്ട്രാപ് പൊട്ടിപ്പോയി. പുതിയ ഹെൽമറ്റിനായി കാത്തിരിക്കുന്നതിനിടെ ബംഗ്ലദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ–ഹസൻ ടൈംഡ് ഔട്ടിനായി അപ്പീൽ ചെയ്യുകയായിരുന്നു.