ശ്രീലങ്കൻ ക്രിക്കറ്റ് നശിക്കാന്‍ കാരണം ജയ് ഷാ, ശക്തനാക്കുന്നത് അമിത് ഷാ: അർജുന രണതുംഗ
Mail This Article
കൊളംബോ∙ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി ശ്രീലങ്ക മുൻ താരം അർജുന രണതുംഗ. ശ്രീലങ്കൻ ക്രിക്കറ്റിനെ തകർക്കുന്നതു ജയ് ഷാ ആണെന്നാണ് അർജുന രണതുംഗയുടെ ആരോപണം. ‘‘ശ്രീലങ്കൻ ബോർഡ് ഉദ്യോഗസ്ഥരും ജയ് ഷായും തമ്മിലുള്ള ബന്ധം ഉപയോഗിച്ച് ലങ്കൻ ബോർഡിനെ ചവിട്ടിത്താഴ്ത്താമെന്നും നിയന്ത്രിക്കാമെന്നുമാണ് അവർ കരുതുന്നത്.’’– അർജുന രണതുംഗ ഒരു ശ്രീലങ്കൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.
‘‘ജയ് ഷായാണ് ശ്രീലങ്കൻ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്. ജയ് ഷായുടെ സമ്മർദത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നശിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ആ ഒരാളാണ് ശ്രീലങ്കൻ ക്രിക്കറ്റിനെ നശിപ്പിക്കുന്നത്. ഇന്ത്യയിൽ ആഭ്യന്തര മന്ത്രിയായ അമിത് ഷാ കാരണമാണ് ജയ് ഷാ ഇത്രയും ശക്തനായി ഇരിക്കുന്നത്.’’– അർജുന രണതുംഗ വ്യക്തമാക്കി. 1996 ൽ ശ്രീലങ്ക ലോകകപ്പ് നേടിയപ്പോൾ ടീം ക്യാപ്റ്റനായിരുന്നു രണതുംഗ.
ലോകകപ്പിൽ ദയനീയ പ്രകടനം നടത്തിയ ലങ്ക പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2025 ലെ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനു യോഗ്യത നേടാനും ശ്രീലങ്കയ്ക്കു സാധിച്ചിരുന്നില്ല. മോശം പ്രകടനത്തിനു പിന്നാലെ ലങ്കൻ ക്രിക്കറ്റ് ബോർഡിനെ ശ്രീലങ്കൻ സർക്കാർ പുറത്താക്കുകയും ചെയ്തു. എന്നാൽ കോടതി ഇടപെട്ട് സർക്കാർ നടപടി സ്റ്റേ ചെയ്തു. ഇതിനു പിന്നാലെ ക്രിക്കറ്റിൽ സർക്കാർ ഇടപെട്ടെന്ന കാരണത്താൽ, ക്രിക്കറ്റ് ബോർഡിനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നടപടിയെടുത്തു.