ADVERTISEMENT

മുംബൈ ∙ ഈ താരത്തെയാണല്ലോ ലോകകപ്പിലെ ആദ്യ 4 കളികളിൽ പുറത്തിരുത്തിയതെന്ന പശ്ചാത്താപം രോഹിത് ശർമയെയും ടീം മാനേജ്മെന്റിനെയും അലട്ടുന്നുണ്ടാകും. എഴുതിത്തള്ളിയവരെയും മാറ്റിനിർത്തിയവരെയുമെല്ലാം അമ്പരപ്പിച്ചാണ് ഈ ലോകകപ്പിൽ ഷമിയുടെ അത്ഭുത പ്രകടനം. 6 കളികളിൽ 23 വിക്കറ്റ്. അതിൽ 5 വിക്കറ്റ് നേട്ടം 3 തവണ. അതിൽ ഏറ്റവും മികച്ചത് ഇന്നലെ സെമിയിൽ കിവീസിനെ തകർത്ത 7 വിക്കറ്റും. കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനവുമായാണ് ഷമി തന്റെ 100–ാം ഏകദിന മത്സരം അവിസ്മരണീയമാക്കിയത്.

ഇന്നലെ സെമിയിൽ ബുമ്രയുടെ പന്തിൽ കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ നൽകിയ അനായാസ ക്യാച്ച് ഷമി പാഴാക്കിയിരുന്നു. നിരാശാജനകമായ ആ നിമിഷത്തിന്റെ കൂടി പകരംവീട്ടലായിരുന്നു വില്യംസൻ അടക്കമുള്ളവരുടെ 7 വിക്കറ്റ്. പടക്കുതിരയെപ്പോലെ കുതിച്ചെത്തി സീം കൃത്യതയോടെ മാരകമായ പന്തുകൾ വർഷിക്കുന്ന ഷമി ലോകകപ്പിൽ ഇന്ത്യൻ ബോളിങ് നിരയുടെ കുന്തമുനയാണ്. 100 ഏകദിനങ്ങളിൽ നിന്ന് 194 വിക്കറ്റ് കൊയ്ത ഷമി 5 തവണയാണ് 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 64 ടെസ്റ്റിൽ നിന്നായി 229 വിക്കറ്റുമുണ്ട്.

ഈ ലോകകപ്പിൽ ഹാർദിക് പാണ്ഡ്യ പരുക്കേറ്റ് പുറത്തായ ഒഴിവിലാണ് പുറത്തിരുന്ന ഷമിയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നത്. പാണ്ഡ്യയ്ക്കു പരുക്കേറ്റില്ലായിരുന്നെങ്കിൽ ഷമിക്ക് അവസരം ലഭിക്കുമായിരുന്നോ എന്ന കൗതുകകരമായ ചോദ്യമുണ്ട്. ആദ്യ 4 കളികളിൽകൂടി ഉണ്ടായിരുന്നെങ്കിൽ ഷമിയുടെ വിക്കറ്റ് വേട്ട എവിടെയെത്തുമായിരുന്നു എന്നതും ചിന്തിക്കാനുള്ള കാര്യമാണ്!

English Summary:

Mohammed Shami is the hero

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com