ADVERTISEMENT

രോഹിത് ശർമയും രാഹുൽ ദ്രാവിഡും ഇത്രയും ആധികാരികമായൊരു ‘പിച്ച് പഠനം’ ഇതുവരെ നടത്തിയിട്ടുണ്ടാകില്ല. ഇന്നലെ വൈകിട്ട് മൂന്നോടെ നരേന്ദ്രമോദി സ്റ്റേഡിയത്തിലെത്തിയ ഇരുവരും അഞ്ചു വരെ മൈതാനത്തുണ്ടായിരുന്നു. പല തവണ പിച്ച് ചുറ്റി നടന്നും തൊട്ടുനോക്കിയും പരിശോധന നീണ്ടു. നീണ്ട ചർച്ചകളുമുണ്ടായി.  കമന്ററി ടീമിനൊപ്പം സ്റ്റേഡിയത്തിലുണ്ടായിരുന്ന മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫുമായും അരമണിക്കൂറിലേറെ ഇരുവരും സംസാരിച്ചു. 11 പിച്ചുകളുള്ള മൈതാനത്തെ 2 പിച്ചുകൾ വെള്ളം സ്പ്രേ ചെയ്തും റോൾ ചെയ്തും ഒരുക്കുകയായിരുന്നു ഗ്രൗണ്ട് സ്റ്റാഫ്. 

ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ പ്രതിക്കൂട്ടിലാക്കി ‘പിച്ച് വിവാദം’ പച്ചപിടിച്ചതോടെ എല്ലാ കണ്ണുകളും ഫൈനൽ പിച്ചിലേക്കാണ്. നാളെ ഇന്ത്യ–ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരം എതു പിച്ചിൽ നടക്കും? മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലേതു പോലെ ലോകകപ്പിലെ മുൻ മത്സരങ്ങൾക്ക് ഉപയോഗിച്ച പിച്ചിലായിരിക്കുമോ പുതിയ പിച്ചിലായിരിക്കുമോ? 

തീരുമാനം എന്തായാലും ഇന്ത്യൻ ടീമിന്റെ താൽപര്യത്തിനുസരിച്ച് നേരത്തേ നിശ്ചയിച്ചിരുന്ന മത്സര പിച്ച് മാറ്റുന്നതായി ആരോപിക്കുന്നവർക്ക് രോഹിത്തിന്റെയും ദ്രാവിഡിന്റെയും 48 മണിക്കൂർ മുൻപേയുള്ള ഈ പിച്ച് പഠനവും രസിക്കാനിടയില്ല. 

ഇവിടത്തെ 11 പിച്ചിൽ 5 എണ്ണം കറുത്ത മണ്ണിലും ആറെണ്ണം ചെമ്മണ്ണ് കലർത്തിയുമാണ് തയാറാക്കിയിരിക്കുന്നത്.  നന്നായി സ്കോർ ചെയ്യാൻ കഴിയുന്ന വിധം ബൗൺസ് നൽകുന്നതാണ് കരിമൺ പിച്ചുകൾ. വേഗം വരണ്ട് കളി പുരോഗമിക്കുംതോറും സ്പിന്നർമാരെ തുണയ്ക്കുന്നതാണ് ചെമ്മൺ പിച്ചുകൾ.  ബാറ്റിങ്ങിന് അനുകൂലമാണിത്. ബോളർമാർക്കും പിന്തുണ കിട്ടും. 59 മുതൽ 74 മീറ്റർ വരെയാണ് ബൗണ്ടറി ദൂരം. 

സെമി ജയിച്ച് മുംബൈയിൽനിന്നു വ്യാഴാഴ്ച വൈകിട്ട് ഇവിടെ എത്തിയ ഇന്ത്യൻ താരങ്ങൾക്ക് വലിയ സ്വീകരണമാണ് എയർപോർട്ടിൽ ലഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനു ടീം പരിശീലനം നടത്താൻ എത്തുമെന്നായിരുന്നു അറിയിപ്പെങ്കിലും  രവീന്ദ്ര ജഡേജ മാത്രമാണ് രോഹിത്തിനൊപ്പം വന്നത്. നെറ്റ്സിൽ ജഡേജ ഒരു മണിക്കൂറിലേറെ ബാറ്റിങ് പരിശീലനം നടത്തി. ഓസ്ട്രേലിയൻ ടീമും കൊൽക്കത്തയിൽനിന്ന് ഇന്നലെയെത്തി. 

English Summary:

Rohit Sharma, Rahul Dravid inspect Ahmedabad pitch ahead of India vs Australia final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com