ADVERTISEMENT

ക്രിക്കറ്റിലെ രാജാക്കന്മാർ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡയത്തിൽ ആതിഥേയരായ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നതോടെ കാത്തിരിപ്പ് അവസാനിക്കും. കലാശക്കൊട്ടിലെ കേമൻ ആരാകും എന്നതും ക്രിക്കറ്റ്പ്രേമികൾക്ക് പ്രധാനമാണ്.    ലോകകപ്പ് ജേതാക്കൾ ആരെന്നറിയുന്നതുപോലെതന്നെ ഫൈനലിലെ മാൻ ഓഫ് ദ് മാച്ച് പട്ടം ആരു കൈയടക്കും എന്നതും ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നു. സാധ്യതയുള്ള പേരുകൾ പലതാണ്. ഇരുടീമുകളിലെ 22 കളിക്കാരിൽ ആരുമാകാം ആ ഭാഗ്യവാൻ. ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ കിരീടം ചൂടിയ ടീമിൽനിന്നുളളവർ തന്നെയായിരുന്നു ഫൈനലിൽ മാൻ ഓഫ് ദ് മാച്ച് ബഹുമതിയും നേടിയിട്ടുളളത്. അതിന് ഇക്കുറി മാറ്റമുണ്ടാകുമോ?

∙ പ്രഥമ ലോകകപ്പ് ഫൈനലിൽ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത് വിജയടീമിന്റെ നായകൻ തന്നെയായിരുന്നു. 1975 ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ മിന്നുന്ന പ്രകടനം കാഴ്‌ചവെച്ചതിനുളള പുരസ്‌കാരമായിരുന്നു ക്ലൈവ് ലോയ്‌ഡിന്റെ പട്ടാഭിഷേകം. ലോകകപ്പിലെ ഏറ്റവും മികച്ച ‘അഗ്രസീവ്’ഇന്നിങ്‌സുകളിലൊന്നായിരുന്നു ലോയ്‌ഡ് അന്നു നേടിയ 102 റൺസ്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് വെറും 50 റൺസ് എടുക്കുന്നതിനിടയിൽ മൂന്നു മുൻനിര ബാറ്റ്‌സ്‌മാൻമാരെയാണ് നഷ്‌ടമായത്.  പിന്നെ നായകന്റെ ഊഴമായി. ഒന്നര മണിക്കൂറിനുളളിൽ ലോയ്‌ഡ് വിൻഡീസ് ബാറ്റിങ്ങിന്റെ ദിശ തിരിച്ചുവിടുകയായിരുന്നു. റോഹൻ കൻഹായി നായകന് മികച്ച പിന്തുണ നൽകി. നാലാം വിക്കറ്റിന് ഇരുവരും ചേർന്ന 149 റൺസാണ് സംഭാവന ചെയ്‌തത്. വെറും 82 പന്തുകളിലാണ് ലോയ്‌ഡ് 102 തികച്ചത്. 12 ഓവറുകൾ തികച്ച് എറിയാനും ലോയിഡിനായി. ഇതിൽ ഒരു വിക്കറ്റും. ഈ പ്രകടനം അദ്ദേഹത്തിന് ഫൈനലിൽ മാൻ ഓഫ് ദ് മാച്ച് പട്ടമാണ് സമ്മാനിച്ചത്.

∙ 1979ൽ വെസ്‌റ്റിൻൻഡീസ് ലോകകപ്പ് നേടിയത് വിവയൻ റിച്ചാഡ്‌സിന്റെ മാസ്മരിക ബാറ്റിങ് പ്രകടനത്തിലൂടെയാണ്. ഫൈനലിൽ 157 പന്തുകളിൽനിന്ന് കിങ് റിച്ചാഡ്‌സ് പടുത്തുയർത്തിയത് 138 റൺസ്. അങ്ങനെ വിൻഡീസ് സ്‌കോർ 286ൽ എത്തി. അത് വിൻഡീസിനെ തങ്ങളുടെ രണ്ടാം കിരീട വിജയത്തിലേക്ക് നയിക്കുകയും ചെയ്‌തു– ഇംഗ്ലണ്ടിനുമേൽ 92 റൺസിന്റ കൂറ്റൻ വിജയം. 

∙ മൂന്നാം ലോകകപ്പ് ഫൈനലിൽ 26 റൺസ് സംഭാവനചെയ്യുകയും വിലപ്പെട്ട മൂന്ന് വീൻഡീസ് വിക്കറ്റുകൾ പിഴുതെറിയുകയും ചെയ്‌ത ഇന്ത്യൻ വൈസ് ക്യാപ്‌റ്റൻ മൊഹീന്ദർ അമർനാഥായിരുന്നു ഫൈനലിലെ കേമൻ. തകർന്നുകൊണ്ടിരുന്ന ഇന്ത്യൻ ഇന്നിങ്‌സിന് അന്ന് അല്‌പം ജീവവായു നൽകിയത് ശ്രീകാന്തും (38 റൺസ്)  മൊഹിന്ദറും  (26 റൺസ്) ചേർന്നു നേടിയ 57 റൺസിന്റെ കൂട്ടുകെട്ടാണ്. പിന്നീട് മൂന്നു വിലപ്പെട്ട വിക്കറ്റുകളും പിഴുത അമർനാഥ് തന്നെയായിരുന്നു ഇന്ത്യൻ ജയത്തിന്റെ പിന്നണിക്കാരൻ. സെമിയിലും അമർനാഥ് തന്നെയായിരുന്നു മാൻ ഓഫ് ദ് മാച്ച്.

∙ 1987 ഫൈനലിൽ ഓസ്‌ട്രേലിയ ആദ്യമായി ലോകകപ്പ് സ്വന്തമാക്കി. ഫൈനലിൽ നേരിയ വ്യത്യാസത്തിലാണ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ഇഴഞ്ഞുനീങ്ങിയ ഓസീസ് ഇന്നിങ്‌സിന് അല്‍പമെങ്കിലും ബലം നൽകിയത് ഡേവിഡ് ബൂണിന്റെ പ്രകടനമാണ്. 125 പന്തുകളിൽനിന്ന് 75 റൺസ്. ഒരറ്റത്ത് ഇടവിട്ട് ഓസീസ് വിക്കറ്റുകൾ പിഴുതുവീഴുമ്പോഴും മറുവശത്ത് സംയമനം പാലിച്ച് ബൂൺ പിടിച്ചുനിന്നു. ഈ ഒറ്റയാൻ പ്രകടനത്തിന്റെ പിൻബലത്തിൽ ഓസീസ് നേടിയ 253 റൺസ് അദ്ദേഹത്തെ ഫൈനലിലെ മാൻ ഓഫ് ദ് മാച്ച് പദവിക്ക് അർഹനാക്കി. ഓസ്‌ട്രേലിയ അന്ന് ജയിച്ചത് വെറും ഏഴു റൺസിന്.

∙ 1992 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വസീം അക്രം ബാറ്റുകൊണ്ടും പന്തുകൊണ്ടും ആഞ്ഞടിച്ചതാണ് പാക്കിസ്‌ഥാനെ അവരുടെ ഒരേയൊരു കിരീടവിജയത്തിലേക്ക് നയിച്ചത്. ലോകകപ്പിലെ ഏറ്റവും മികച്ച ഓൾ റൗണ്ട് പ്രകടനങ്ങളിലൊന്ന്. 33 റൺസ്, 3 വിക്കറ്റുകൾ, ഇതായിരുന്നു അക്രത്തിന്റെ കലാശപോരാട്ടത്തിലെ പ്രകടനം.  പാക്ക് ഇന്നിങ്‌സ് ഇഴഞ്ഞുനീങ്ങവേ, ആറാമനായി ഇറങ്ങി 17 പന്തിൽനിന്ന് 33 റൺസാണ് ഈ ഫാസ്‌റ്റ് ബൗളർ അടിച്ചുകൂട്ടിയത്. പിന്നീട് മൂന്നു ഇംഗ്ലിഷ് വിക്കറ്റുകളും പിഴുതാണ് അക്രം തന്റെ ഇന്നിങ്‌സിന് നിറം നൽകിയത്. ഇംഗ്ലണ്ട് ഓപ്പണർ ഇയാൻ ബോതം, അലൻ ലാംബ്, ലൂയിസ് എന്നിവരുടെ വിക്കറ്റുകളാണ് അക്രം പിഴുതത്. 10–0–49–3 എന്നതാണ് അക്രത്തിന്റെ അന്നത്തെ ബൗളിങ് പ്രകടനം. ബാറ്റിങ്ങിലും ബൗളിങ്ങിലും ശോഭിച്ച അക്രമാണ് ഫൈനലിൽ മാൻ ഓഫ് ദ് മാച്ചായി പ്രഖ്യാപിക്കപ്പെട്ടത്.

∙ 1996 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ‘ഓൾറൗണ്ട് കളി’ പുറത്തെടുത്ത  വൈസ് ക്യാപ്‌റ്റൻ അരവിന്ദ ഡി സിൽവയായിരുന്നു കളിയിലെ കേമൻ. മൂന്ന് ഓസീസ് വിക്കറ്റുകൾ തെറിപ്പിക്കുകയും പിന്നീട് സെഞ്ചുറി നേടുകയും ചെയ്‌ത (പുറത്താവാതെ 107 റൺസ്) ഡി സിൽവ അന്ന് വൈസ് ക്യാപ്‌റ്റനുമായിരുന്നു. ഡി സിൽവ ആഞ്ഞടിച്ചപ്പോൾ ഓസ്‌ട്രേലിയയ്‌ക്ക് തോറ്റുകൊടുക്കേണ്ടിവന്നു– ഏഴു വിക്കറ്റിന്.

∙ 1999 ലോകകപ്പ് ഫൈനലില്‍  ഓസ്‌ട്രേലിയയുടെ ഷെയ്‌ൻ വോൺ ആണ് കളിയിലെ കേമനായത്. പാക്ക് ബാറ്റ്‌സ്‌മാൻമാരെ നിഷ്‌പ്രഭമാക്കുന്ന മാസ്‌മരിക ബോളുകൾ ആ വിരലുകളിൽനിന്ന് പിറന്നതിൽ അത്ഭുതമില്ല. അപകടകാരിയാകാമായിരുന്ന അഫ്രിദി, ഇജാസ് അഹമ്മദ്, മൊയ്‌ൻ ഖാൻ, വസീം അക്രം എന്നീ നാലുപേരെയാണ് വോൺ അന്ന് സ്‌റ്റേഡിയത്തിലേക്ക് മടക്കി അയച്ച്. വെറും 132 റൺസ് മാത്രമേ പാക്കിസ്‌ഥാന് നേടാനായുളളൂ. എട്ടു വിക്കറ്റിന് പാക്ക് പടയെ തകർത്ത് ഓസീസ് രണ്ടാം കിരീടം ഉയർത്തി. 

∙ 2003ൽ ഫൈനലിൽ കടന്നത് ഇന്ത്യയും ഓസ്ട്രേലിയയും. അന്ന് ഇന്ത്യക്കാരെ കരയിപ്പിച്ചത് ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിന്റെ വെടിക്കെട്ടു ബാറ്റിങ് തന്നെയാണ്. 121 പന്തുകളിൽനിന്ന് 140 റൺസ്. ഇതിൽ 8 സിക്‌സറുകളും 4 ബൗണ്ടറികളും ഉൾപ്പെടും. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിജയത്തിന് 125 റൺസ് അകലെ കത്തിയെരിഞ്ഞു. ഫൈനലിൽ മാൻ ഓഫ് ദ് മാച്ച് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ക്യാപ്‌റ്റനായി പോണ്ടിങ്.

ricky-ponting
റിക്കി പോണ്ടിങ്

∙ മഴ കൂടി കളിച്ച 2007 ലോകകപ്പ് ഫൈനൽ ആദം ഗിൽക്രിസ്‌റ്റിന്റെ പ്രകടനംകൊണ്ട് ശ്രദ്ധേയമായി. 104 പന്തിൽനിന്ന് 149 റൺസ്. ഗിൽക്രിസ്‌റ്റിന്റെ വെടിക്കെട്ടു ബാറ്റിങ്ങിന്റെ പിൻബലത്തിൽ ഓസ്‌ട്രേലിയ സ്വന്തമാക്കിയത് തുടർച്ചയായ മൂന്നാം ലോകകപ്പ്. ഏതെങ്കിലും ഒരു ലോകകപ്പ് ഫൈനലിൽ പിറന്ന ഏറ്റവും ഉയർന്ന വ്യക്‌തിഗത സ്‌കോർ എന്ന നേട്ടമാണ് അന്ന് ഗിൽക്രിസ്‌റ്റ് പടുത്തുയർത്തിയത്.  ഫൈനലിൽ മാൻ ഓഫ് ദ് മാച്ച് പട്ടം നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ, ഫൈനലിൽ സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ എന്നീ നേട്ടങ്ങളും അന്ന് ഗിൽക്രിസ്റ്റ് സ്വന്തമാക്കി.

∙ അയൽക്കാരായ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടിയ ഫൈനലാണ് 2011 കണ്ടത്. മുംബൈയിൽ നടന്ന കലാശക്കൊട്ടിൽ ലങ്കയുടെ 274 എന്ന സ്കോർ മറികടന്നത് ഗൗതം ഗംഭീറും (97) നായകൻ എം.എസ്. ധോണിയും (91*) ചേർന്നാണ്. 79 പന്തിൽ എട്ടു ബൗണ്ടറികളും രണ്ട് സിക്സറുകളും നായകന്റെ ബാറ്റിൽനിന്നു പിറന്നു. ടീമിന് മികച്ച നേതൃത്വം കൊടുത്തതിനൊപ്പം റൺസ് വാരിക്കൂട്ടിയും ധോണി ‘മഹേന്ദ്രജാലം’ ഒരുക്കി.  വിന്നിങ് ഷോട്ട് ഗാലറിയിലേക്ക് പറത്തിയാണ് ധോണി വിജയം ആഘോഷമാക്കിയത്. ധോണിയുടെ ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന പ്രത്യേകതയും ഈ ഇന്നിങ്സിനുണ്ട്. ഇതോടെ നായകൻ തന്നെ ഫൈനലിലെ മാൻ ഓഫ് ദ് മാച്ച് പട്ടം എന്ന അപൂർവ നേട്ടവും ധോണി സ്വന്തമാക്കി. വെസ്റ്റിൻഡീസിന്റെ ക്ലൈവ് ലോയ്ഡ് (1975), ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ് (2003) എന്നിവരാണ് നേരത്തെ ഈ നേട്ടം കൈവരിച്ച നായകൻമാർ.

∙ 2015 ലോകകപ്പിന് വേദിയൊരുക്കിയത് ന്യൂസീലൻഡും ഓസ്ട്രേലിയയും സംയുക്തമായിട്ടാണ്. ഫൈനൽ നടന്ന മെൽബണിൽ ഏറ്റുമുട്ടിയതും ഇതേ രാജ്യങ്ങൾ. ജേതാക്കൾ ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസിനെ 183ന് പുറത്താക്കിയാണ് ഓസിസ് വിജയത്തിലേക്ക് കുതിച്ചത്. ഫൈനലിൽ 9 ഓവർ എറിഞ്ഞ് മൂന്നു വിക്കറ്റുമായി കിവീസ് ബാറ്റിങ്ങിനെ കശക്കിയ ജയിംസ് ഫോക്‌നറാണു അന്ന് മാൻ ഓഫ് ദ് മാച്ച്  ആയത്. 36-ാം ഓവറിൽ റോസ് ടെയ്‌ലറെയും കൊറി ആൻഡേഴ്‌സണെയും പുറത്താക്കി ഫോക്‌നർ ആഞ്ഞടിച്ചതോടെയാണ് ഓസീസ് വിജയം ഉറപ്പിച്ചത്. ഇതുകൂടാതെ  ഗ്രാന്റ് എലിയട്ടിന്റെ വിക്കറ്റും ഫോക്നർ വകയായിരുന്നു.

∙ 2019 ലോകകപ്പിൽ ചരിത്രം മാറിവന്നു. ക്രിക്കറ്റിന്റെ പെറ്റമ്മയും വളർത്തമ്മയുമൊക്കെയായ ഇംഗ്ലണ്ട് ആദ്യമായി കപ്പുയർത്തി. അതും ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ. ന്യൂസീലൻഡായിരുന്നു എതിരാളികൾ. കലാശപ്പോരാട്ടത്തിനും ഇക്കുറി പ്രത്യേകയുണ്ടായി. ചരിത്രത്തിലാദ്യമായി ഫൈനൽ ടൈയിൽ കലാശിച്ചു. ജേതാക്കളെ നിർണയിക്കാൻ സൂപ്പർ ഓവറും ആകെ ബൗണ്ടറികളുടെ എണ്ണവും വേണ്ടിവന്നു. 98 പന്തുകളിൽനി്ന്ന് ക്ഷമയോടെ 84 റൺസ് അടിച്ചുകൂട്ടിയ ബെൻ സ്റ്റോക്ക്സാണ് ഇംഗ്ലണ്ടിനെ കിവീസിന്റെ സ്കോറിനൊപ്പമെത്തിച്ചത്. ജയപരാജയങ്ങൾ പലവട്ടം മാറി മറിഞ്ഞ മത്സരത്തിൽ ബെൻ സ്റ്റോക്സിന്റെ നിശ്ചയദാർഢ്യമാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചെടുത്തത്. ജോസ് ബട്‌ലറുമൊത്ത് അഞ്ചാം വിക്കറ്റിൽ 110 റൺസ് ചേർത്ത സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ മത്സരത്തിൽ തിരികെയെത്തിച്ചത്. ഈ പ്രകടനമാണ് സ്റ്റോക്ക്സിനെ കളിയിലെ കേമനാക്കിയത്.

ben-stokes
ബെൻ സ്റ്റോക്സ്
English Summary:

Player of the match in ODI World Cup- History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com