ADVERTISEMENT

പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും കൊടുമുടിയിൽ നിന്ന് സമ്മർദത്തിന്റെ ആഴങ്ങളിലേക്കായി ഈ വീഴ്ച. ഇന്ത്യ കൊതിച്ചതല്ല, ഭയപ്പെട്ടത് സംഭവിച്ചു. സ്വന്തം മണ്ണിലെ ലോകകപ്പിലുടനീളം ചാംപ്യൻമാരെപ്പോലെ കളിച്ച ടീം ഇന്ത്യ കലാശപ്പോരിൽ ഓസീസിന്റെ മനക്കരുത്തുള്ള ക്ലിനിക്കൽ മികവിനും ഓപ്പണർ ട്രാവിസ് ഹെഡിന്റെ സെഞ്ചറിക്കും മുന്നിൽ (137) നിലതെറ്റി വീണു. മൂന്നാം ലോകകപ്പ് എന്ന സ്വപ്നത്തിന്റെ പടിക്കൽ, 2003ന്റെ ആവർത്തനമായി ഇന്ത്യ കണ്ണീരോടെ മുട്ടുകുത്തിയപ്പോൾ ഓസ്ട്രേലിയ ആറാം വട്ടവും ലോക കിരീടം തലയിലേറ്റി. ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യയുടെ രണ്ടാം തോൽവിയാണിത്.  2003ലെ ഫൈനൽ തോൽവിക്ക് കണക്കുതീർക്കാനുള്ള ഇന്ത്യൻ മോഹം നിഷ്ഫലമായി. സ്കോർ: ഇന്ത്യ 50 ഓവറിൽ 240. ഓസ്ട്രേലിയ 43 ഓവറിൽ 4ന്  241. 

ബൗണ്ടറിയില്ലാത്ത കളി!

ഒരു ബൗണ്ടറി പോലും പിറക്കാതെ 16 ഓവറുകൾ! അതും ലോകകപ്പ് ഫൈനലിൽ സാക്ഷാൽ വിരാട് കോലിയും കെ.എൽ.രാഹുലും ബാറ്റ് ചെയ്യുമ്പോൾ. അവിശ്വസനീയമായ ഈ പ്രകടനത്തിലുണ്ട് ഇന്ത്യൻ ബാറ്റിങ്ങിന്റെ രത്നച്ചുരുക്കം. ക്ലിനിക്കൽ ബോളിങും വരിഞ്ഞുകെട്ടുന്ന ഫീൽഡിങും കൊണ്ട് ഓസീസ് ഇന്ത്യൻ ബാറ്റിങ്ങിന്റെ നടുവൊടിക്കുകയായിരുന്നു. ഓസീസിനെതിരെ ആധിപത്യം സ്ഥാപിക്കാനായത് പവർപ്ലേയിൽ നായകൻ രോഹിത് ശർമയ്ക്കു മാത്രം. രോഹിതും കോലിയും ചേർന്ന് ആദ്യ പവർപ്ലേയിൽ അടിച്ച 8 ബൗണ്ടറികളും 3 സിക്സറും കഴിഞ്ഞാൽ പിന്നെ ഇന്ത്യൻ ഇന്നിങ്സിൽ അടുത്ത 40 ഓവറുകളിൽ പിറന്നത് 5 ബൗണ്ടറികൾ കൂടി മാത്രം! അതിൽ രണ്ടും ബാറ്റിങ് സ്പെഷലിസ്റ്റുകളല്ലാത്ത ഷമിയുടെയും സിറാജിന്റെയും വക. സിക്സറുകൾ മൂന്നും രോഹിത്തിന്റെ സംഭാവന. 

ടോസ് നഷ്ടം; പക്ഷേ...

ടോസ് കിട്ടിയ ഓസീസ്, പ്രതീക്ഷിച്ചതിൽ നിന്നു വ്യത്യസ്തമായി ഫീൽഡിങ് തിര‍‍ഞ്ഞെടുത്തു. പതിവ് ശൈലിയിൽ രോഹിത് തകർത്തടിച്ചപ്പോൾ ആത്മവിശ്വാസമില്ലാതെ കളിച്ച ശുഭ്മൻ ഗിൽ (4) അഞ്ചാം ഓവറിൽ മിച്ചൽ സ്റ്റാർക്കിനു വിക്കറ്റ് സമ്മാനിച്ചു. പവർപ്ലേയിലെ അവസാന ഓവറിൽ പരമാവധി സ്കോർ ചെയ്യാനുള്ള അമിതാവേശത്തിൽ ഒരിക്കൽ കൂടി അർധ സെഞ്ചറിക്കരികെ രോഹിത് (47) വീണതാണ് ഇന്നിങ്സിന്റെ താളം തെറ്റിച്ചത്. വിക്കറ്റ് ഗ്ലെൻ മാക്സ്‌വെലിനായിരുന്നെങ്കിലും ക്രെഡിറ്റ് ട്രാവിസ് ഹെഡിനുള്ളതായിരുന്നു. സർക്കിളിനു പുറത്തേക്ക് ഉയർന്ന പന്തിനെ കവറിൽ നിന്ന് പിന്നിലേക്കോടിയ ഹെഡ് അവിശ്വസനീയമായി ചാടിപ്പിടിച്ചു. തൊട്ടു പിന്നാലെ കമിൻസ് ശ്രേയസ് അയ്യരെ കീപ്പറുടെ കൈകളിലെത്തിച്ചതോടെ സമ്മർദം ഇന്ത്യയ്ക്കായി. വിക്കറ്റ് കളയരുതെന്ന ഒറ്റ ലക്ഷ്യവുമായി കോലിയും രാഹുലും പ്രതിരോധത്തിലായി പിന്നെ. 16–ാം ഓവറിനുശേഷം ഇന്ത്യൻ ബാറ്റിങ്ങിൽ അടുത്ത ബൗണ്ടറി പിറന്നത് 97 ബോളുകൾ കഴിഞ്ഞ് 27–ാം ഓവറിൽ. ആദ്യ പവർപ്ലേയിൽ 80 റൺസ് നേടിയ ഇന്ത്യ അടുത്ത 20 ഓവറിൽ സ്കോർ ചെയ്തത് 72 റൺസ്. അർധ സെഞ്ചറികൾ തികച്ച കോലിയെ (54) കമിൻസും രാഹുലിനെ (66) സ്റ്റാർക്കും വീഴ്ത്തിയതോടെ ഇന്ത്യൻ ഇന്നിങ്സിലെ പ്രതീക്ഷകൾക്കും അവസാനമായി. സൂര്യകുമാർ യാദവിനും (18) കുൽദീപ് യാദവിനും (10) മാത്രമാണ് പിന്നീട് രണ്ടക്കം തികയ്ക്കാനായത്. ഇന്ത്യയുടെ ഏഴ് വിക്കറ്റുകൾ പങ്കിട്ടെടുത്തത് ഓസീസ് പേസ് ത്രയം. 

തലയ്ക്കടിച്ച് ഹെഡ്

പതിവ് തെറ്റിച്ച് ബുമ്രയ്ക്കൊപ്പം ഷമിയെ ഓപ്പണിങ് സ്പെൽ ഏൽപിച്ച ക്യാപ്റ്റൻ രോഹിത്തിന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. പരിചയ സമ്പന്നനായ ഡേവിഡ് വാർണറെ (7) രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഷമി മടക്കി. പിന്നെ ബുമ്രയുടെ ഊഴം. അപകടകാരികളായ മിച്ചൽ മാർഷിനെയും (15) സ്റ്റീവ് സ്മിത്തിനെയും (4) നിലയുറപ്പിക്കും മുൻപേ മടക്കിവിട്ടു. പക്ഷേ ഇന്ത്യൻ പോരാട്ട വീര്യം അവിടെ അവസാനിച്ചു. ആക്രമണോത്സുകതയും കൈവിടാതെ ട്രാവിസ് ഹെഡും (137) കരുതലോടെ മാർനസ് ലബുഷെയ്നും (58 നോട്ടൗട്ട്) ചേർന്ന് ഇന്ത്യൻ വീര്യത്തിന്റെ ഫ്യൂസ് ഊരുകയായിരുന്നു. പിച്ചിൽ പ്രതീക്ഷയർപ്പിച്ച് പന്തെറിഞ്ഞ ഇന്ത്യൻ സ്പിന്നർമാർക്കും തിളങ്ങാനായില്ല. 5 ബോളർമാരെയും മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമില്ലാതെ വന്നതോടെ രോഹിത് നിരാശനായി. കളത്തിലും ഗാലറിയിലും ചിരി മാഞ്ഞു. 

ഗെയിം കാർഡ്

ടോസ്: ഓസ്ട്രേലിയ

പ്ലെയർ ഓഫ് ദ് മാച്ച്: ട്രാവിസ് ഹെഡ്

ഇന്ത്യ

രോഹിത് സി ഹെഡ് ബി മാക്സ്‌വെൽ –47, ഗിൽ സി സാംപ ബി സ്റ്റാർക് –4, കോലി ബി കമിൻസ് –54, ശ്രേയസ് അയ്യർ സി ഇൻഗ്ലിസ് ബി കമിൻസ് –4, രാഹുൽ സി ഇൻഗ്ലിസ് ബി സ്റ്റാർക് –66, ജ‍ഡേജ സി ഇൻഗ്ലിസ് ബി ഹെയ്‌സൽവുഡ്– 9, സൂര്യകുമാർ സി ഇൻഗ്ലിസ് ബി ഹെയ്സൽവുഡ് –18, ഷമി സി ഇൻഗ്ലിസ് ബി സ്റ്റാർക് –6, ബുമ്ര എൽബിഡബ്ല്യു സാംപ –1, കുൽദീപ് റണ്ണൗട്ട് –10, സിറാജ് നോട്ടൗട്ട് –9

എക്സ്ട്രാസ് –12, ആകെ 50 ഓവറിൽ 240.

വിക്കറ്റ് വീഴ്ച: 1-30, 2-76, 3-81, 4-148, 5-178, 6-203, 7-211, 8-214, 9-226, 10-240

ബോളിങ്: സ്റ്റാർക്: 10-0-55-3, ഹെയ്സൽവുഡ്: 10-0-60-2, മാക്സ്‌വെൽ: 6-0-35-1, കമിൻസ്: 10-0-34-2, സാംപ: 10-0-44-1, മിച്ചൽ മാർഷ്: 2-0-5-0, ട്രാവിസ് ഹെഡ്: 2-0-4-0.

ഓസ്ട്രേലിയ:

വാർണർ സി കോലി ബി ഷമി –7, ഹെഡ് സി ഗിൽ ബി സിറാജ് –137, മിച്ചൽ മാർഷ് സി രാഹുൽ ബി ബുമ്ര –15, സ്മിത്ത് എൽബിഡബ്ല്യു ബുമ്ര –4, ലബുഷെയ്ൻ നോട്ടൗട്ട്– 58, മാക്സ്‌വെൽ നോട്ടൗട്ട് –2, എക്സ്ട്രാസ് –18.

ആകെ 43 ഓവറിൽ 4ന് 241

വിക്കറ്റ് വീഴ്ച: 1–16, 2–41, 3–47, 4–239

ബോളിങ്: ബുമ്ര: 9–2–43–2, ഷമി: 7–1–47–1, ജഡേജ: 10–0–43–0, കുൽദീപ്: 10–0–56–0, സിറാജ്: 7–0–45–1.

English Summary:

India vs Australia Cricket world cup updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com