ഓസീസിനെതിരായ ട്വന്റി20 പരമ്പര: ബാബറിന്റേയും കോലിയുടേയും റെക്കോർഡ് തകർക്കുമോ സൂര്യകുമാർ?
Mail This Article
മുംബൈ ∙ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സംഘത്തെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത് ആദ്യ മൂന്ന് മത്സരങ്ങളിൽ ഋതുരാജ് ഗെയ്ക്‌വാദും അവസാന രണ്ട് മത്സരങ്ങളില്‍ ശ്രേയസ് അയ്യരും വൈസ് ക്യാപ്റ്റനാകും. പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്താൽ സൂര്യകുമാറിനെ കാത്തിരിക്കുന്നത് രണ്ട് പുതിയ റെക്കോർഡുകളാണ്.
അടുത്ത മത്സരത്തിൽ 159 റൺസ് കണ്ടെത്താനായാൽ ട്വന്റി 20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് കണ്ടെത്തുന്ന താരമെന്ന റെക്കോർഡ് സൂര്യയ്ക്ക് സ്വന്തം പേരിലാക്കാം. രണ്ട് ഇന്നിങ്സുകളിൽനിന്നാണ് ഈ നാഴികക്കല്ലു പിന്നിടുന്നതെങ്കിൽ നിലവിലെ റെക്കോർഡിനൊപ്പമെത്താം. 52 ഇന്നിങ്സിൽനിന്ന് 2000 റൺസ് കണ്ടെത്തിയ പാക്ക് താരങ്ങളായ ബാബർ അസമിന്റേയും മുഹമ്മദ് റിസ്‌വാന്റേയും പേരിലാണ് നിലവിൽ ഈ റെക്കോർഡ് ഉള്ളത്. സൂര്യ ഇതുവരെ പൂർത്തിയാക്കിയത് 50 ടി20 ഇന്നിങ്സുകളാണ്.
അടുത്ത അഞ്ച് ഇന്നിങ്സിൽനിന്ന് ഈ നേട്ടം കൈവരിച്ചാൽ 2000 റൺസ് വേഗത്തിൽ തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സൂര്യകുമാറിനെ കാത്തിരിക്കുന്നുണ്ട്. 50 ഇന്നിങ്സുകളിൽനിന്നായി 1841 റൺസാണ് സൂര്യകുമാറിന്റെ അക്കൗണ്ടിലുള്ളത്. ആവറേജ് 46ഉം സ്ട്രൈക്ക് റേറ്റ് 172.7ഉം ആണ്. ടി20യിൽ താരം മൂന്ന് സെഞ്ചറിയും നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു ഒടുവിലത്തേത്.
പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച വിശാഖപട്ടണത്ത് നടക്കും. ഞായറാഴ്ച തിരുവനന്തപുരത്താണ് രണ്ടാം മത്സരം. ഡിസംബർ 3ന് ബെംഗളൂരുവിൽ മൂന്നാം മത്സരം നടക്കും. മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തുമെന്ന് അഭ്യൂഹമുയർന്നിരുന്നു. എന്നാൽ താരത്തെ പരിഗണിച്ചില്ല. കഴിഞ്ഞ ദിവസം സമാപിച്ച ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നവരിൽ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, പ്രസിദ്ധ് കൃഷ്ണ എന്നിവർ മാത്രമാണ് ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലുള്ളത്. ലോകകപ്പിനിടെ പരുക്കേറ്റ ഹാർദിക് പാണ്ഡ്യയെ ടീമിലേക്കു പരിഗണിച്ചിട്ടില്ല. അതേസമയം, ലോകകപ്പ് ടീമിലുണ്ടായിരുന്നിട്ടും പരുക്കേറ്റു പുറത്തായ അക്ഷർ പട്ടേൽ ടീമിൽ തിരിച്ചെത്തി.
ഇന്ത്യ സ്ക്വാഡ്: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്‌വാദ് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, യശസ്വി ജയ്സ്വാൾ, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, ശിവം ദുബെ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, മുകേഷ് കുമാർ. വി.വി.എസ്. ലക്ഷ്മണാണ് ടീമിന്റെ പരിശീലകൻ. അവസാന രണ്ട് മത്സരങ്ങളിൽ ടീമിൽ തിരിച്ചെത്തുന്ന ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാകും.