ADVERTISEMENT

ന്തുകൊണ്ട് നമ്മൾ തോറ്റു?’– താത്വികവും സാങ്കേതികവും വൈകാരികവുമായ അവലോകനങ്ങളുടെ വറചട്ടിയിലാണു ടീം ഇന്ത്യ. രോഹിത് ശർമയും വിരാട് കോലിയുമടക്കം ഞായറാഴ്ച ഉച്ചവരെ വാഴ്ത്തപ്പെട്ടവരെല്ലാം രാത്രിയോടെ പഴിക്കപ്പെടേണ്ടവരായി. കളിയെ ഭ്രാന്തമായി സ്നേഹിക്കുന്ന, കളിക്കാരെ അത്രമേൽ ആരാധിക്കുന്ന ഇന്ത്യയിൽ അത് അപ്രതീക്ഷിതമല്ല. പടിക്കൽ തകർന്നുടഞ്ഞത് ഒരു ജനതയുടെയാകെ ലോകകപ്പ് സ്വപ്നമാണല്ലോ.

ഏറ്റവും മിടുക്കരാണെങ്കിലും അവസാന പരീക്ഷ ജയിക്കാൻ സമ്മർദങ്ങളെ മറികടക്കാനുള്ള മനക്കരുത്തും കൂടി വേണമെന്ന അടിസ്ഥാന പാഠത്തിന് മുന്നിലായിരുന്നു ഇന്ത്യ വീണ്ടും വീണുപോയത്.

ഇതുവരെ കാര്യമായി പരീക്ഷിക്കപ്പെടാത്ത ഇന്ത്യൻ ബാറ്റിങ്ങിലെ ബലഹീനതകളെ തന്നെ കൃത്യമായി ഓസീസ് ലക്ഷ്യമിട്ടു. അച്ചടക്കമുള്ള ബോളിങ്ങും ഒന്നാംതരം ഫീൽഡിങ്ങും കൊണ്ട് ആദ്യ പകുതിയിൽ ഗെയിം പ്ലാൻ കൃത്യമായി നടപ്പാക്കുകയും ചെയ്തു.

ട്രാവിസ് ഹെഡ് ടീമിനെ ചാംപ്യൻമാരാക്കിയത് ആ സെഞ്ചറി കൊണ്ടു മാത്രമായിരുന്നില്ല, രോഹിത് ശർമയെ പുറത്താക്കാൻ പിന്നിലേക്ക് ഓടിപ്പിടിച്ച ആ അസാമാന്യ ക്യാച്ച്കൊണ്ടു കൂടിയായിരുന്നു. കളി തിരിച്ചതും അതാണ്. സമ്മർദത്തിന്റെ ഗ്രാഫ് ഉയർത്തി ഇന്ത്യൻ ബാറ്റർമാരെ വരിഞ്ഞുകെട്ടാൻ കമിൻസിന്റെ ഗംഭീര ക്യാപ്റ്റൻസിക്കും സാധിച്ചു. ശ്രേയസിനു പിന്നാലെ വീണ്ടും വിക്കറ്റ് വീണാൽ ചീട്ട് കൊട്ടാരം പോലെ തകർന്നേക്കുമെന്ന തിരിച്ചറിവായിരുന്നു കോലി–രാഹുൽ സഖ്യത്തെ വീര്യം ചോർന്നവരാക്കിയത്. പാർട്ട് ടൈം ബോളർമാർക്കു മുന്നിൽ പോലും പേടിച്ചു നിൽക്കുകയായിരുന്നു ഇന്ത്യൻ സഖ്യം.  സൂര്യകുമാർ താൻ ട്വന്റി20യുടെ മാത്രം താരമാണെന്ന് വീണ്ടും തെളിയിച്ചു.

സെമിവരെ ഫീൽഡിൽ തൊട്ടതെല്ലാം പൊന്നാക്കിയ രോഹിത്തിനു ഫൈനലിൽ പിഴച്ചതും സമ്മർദവലയത്തിൽ തന്നെ. 7 ഓവറിൽ ആദ്യ 3 വിക്കറ്റും വീഴുമ്പോൾ സമ്മർദം ഓസ്ട്രേലിയയ്ക്കുമേലായിരുന്നു. പക്ഷേ, അതു മുതലെടുക്കാൻ ഇന്ത്യയ്ക്കായില്ല. 

മുഖ്യ പരിശീലകനെ കൂടാതെ സ്പെഷലിസ്റ്റ് പരിശീലകർ ഏറെയുള്ള ടീം ഇന്ത്യ ഒരു മാനസിക പരിശീലകന്റെ അനിവാര്യത ഇനി എപ്പോഴാകും തിരിച്ചറിയുക?

English Summary:

Team India uable to manage emotional stress during the world cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com