പ്രധാനമന്ത്രി മോദിജി ചെയ്തതു വലിയ കാര്യം: നന്ദി അറിയിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്
Mail This Article
തിരുവനന്തപുരം∙ ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂമിൽ എത്തി ആശ്വസിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി അറിയിച്ച് ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ്. ലോകകപ്പ് തോല്‍വിക്കു ശേഷം ടീം അംഗങ്ങൾ എല്ലാവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിജി ഡ്രസിങ് റൂമിലെത്തി പ്രചോദിപ്പിച്ചു. ഇതൊരു മത്സരമാണെന്നും ജയവും തോൽവിയും ഇവിടെ സാധാരണ കാര്യമാണെന്നും പ്രധാനമന്ത്രി ഞങ്ങളോടു പറഞ്ഞു. ഉയർച്ചകളും താഴ്ചകളും ഉണ്ടാകും. ഇതും മറികടക്കണമെന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞു.’’– സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
‘‘തോല്‍വി മറികടക്കാൻ ഉറപ്പായും കുറച്ചു സമയം വേണ്ടിവരും. പക്ഷേ 5–6 മിനിറ്റുകൾ പ്രധാനമന്ത്രി സംസാരിച്ചതു വലിയ കാര്യമാണ്. ഒരു രാജ്യത്തിന്റെ നേതാവ് ഒരു സ്പോർട്സ് ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനു ഡ്രസിങ് റൂമിലേക്കു വരുന്നതു വലിയ കാര്യം തന്നെയാണ്. ഞങ്ങൾ പ്രധാനമന്ത്രിയെ കേട്ടു. അദ്ദേഹത്തിന്റെ കൂടെ സമയം ചെലവഴിച്ചു.’’– സൂര്യകുമാർ യാദവ് ബിസിസിഐ പുറത്തുവിട്ട വിഡിയോയിൽ പ്രതികരിച്ചു.
ഇന്ത്യ– ഓസ്ട്രേലിയ ഫൈനൽ പോരാട്ടം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയിരുന്നു. മത്സരത്തിൽ ഇന്ത്യയെ ഓസ്ട്രേലിയ ആറു വിക്കറ്റിനു കീഴടക്കി. ഇതിനു പിന്നാലെയാണ് ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിലേക്കു പ്രധാനമന്ത്രി എത്തിയത്. ലോകകപ്പിൽ ഇന്ത്യൻ ടീമിന് ലഭിച്ച ആരാധക പിന്തുണ വളരെ വലുതായിരുന്നെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. ‘‘ലോകകപ്പ് ഫൈനലിനു ശേഷം കുറച്ചു ദിവസമായെങ്കിലും ടീമിനുള്ളിൽ ഇപ്പോഴും ദുഃഖമുണ്ട്. ഇതിൽനിന്ന് ഞങ്ങൾ കൂടുതൽ പഠിക്കുകയാണു വേണ്ടത്. ഞങ്ങളെ ഇനിയും പിന്തുണയ്ക്കുക.’’– സൂര്യകുമാർ യാദവ് പറഞ്ഞു.