ഹാർദിക് മുംബൈയിലേക്ക്; ഗുജറാത്ത് ടൈറ്റൻസിനെ ഇനി ശുഭ്മൻ ഗിൽ നയിക്കും
Mail This Article
അഹമ്മദാബാദ് ∙ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തന്റെ പഴയ തട്ടകമായ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയതിനു പിന്നാലെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റൻസ്. യുവതാരം ശുഭ്മൻ ഗില്ലിനെ ടീമിന്റെ ക്യാപ്റ്റനായി ടൈറ്റന്‍സ് മാനേജ്മെന്റ് പ്രഖ്യാപിച്ചു. രണ്ടു സീസണുകളിൽ ടീമിനെ നയിച്ച ഹാർദിക് വലിയ കാര്യങ്ങളാണു ചെയ്തതെന്നും അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായും ഗുജറാത്ത് ടൈറ്റൻസിന്റെ ഡയറക്ടർ വിക്രം സോളങ്കി പ്രസ്താവനയിൽ പറഞ്ഞു.
‘‘ടീമിന്റെ ആദ്യ ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യ മികച്ച രണ്ട് സീസണുകളാണ് നൽകിയത്. രണ്ടു തവണയും ടീം ഫൈനലിൽ എത്തുകയും ഒരുതവണ ഐപിഎൽ കിരീടം സ്വന്തമാക്കുകയും ചെയ്തു. ഇപ്പോൾ പഴയ ടീമായ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിപ്പോകാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ആ തീരുമാനത്തെ മാനിക്കുന്നതോടൊപ്പം അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു‘‘ –സോളങ്കി പ്രസ്താവനയിൽ പറഞ്ഞു. ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെ പ്രഖ്യാപിച്ചതായി ടീമിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റും വന്നിട്ടുണ്ട്.
ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് 15 കോടി രൂപയുടെ താരക്കൈമാറ്റത്തിലൂടെയാണ് മുംബൈ ഹാർദിക്കിനെ തിരിച്ചുപിടിച്ചത്. 15 കോടി രൂപ മൂല്യമുള്ള ഹാർദിക്കിനെ സ്വന്തമാക്കാൻ പഴ്സിൽ പണം ബാക്കിയില്ലെന്നതായിരുന്നു മുംബൈ നേരിട്ട പ്രധാന വെല്ലുവിളി. ഇതിനായി കഴിഞ്ഞവർഷത്തെ ലേലത്തിൽ 17.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനു കൈമാറി. 8 കോടിക്ക് സ്വന്തമാക്കിയ ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചറെ ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
7 ഐപിഎൽ സീസണുകളിൽ മുംബൈയ്ക്കൊപ്പമായിരുന്ന ഹാർദിക്കിനെ 2022ലെ ലേലത്തിലാണ് മുംബൈ ടീമിൽ നിന്നു റിലീസ് ചെയ്തത്. തുടർന്ന് ഗുജറാത്ത് ടൈറ്റൻസിലെത്തിയ താരം 2 സീസണുകളിൽ ടീമിനെ ഫൈനലിലേക്കു നയിച്ചു.
മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തുന്ന ഹാർദികിനെ സ്വാഗതം ചെയ്യുന്നതായി ടീമിന്റെ സഹ ഉടമയായ നിത അംബാനി പറഞ്ഞു. ‘ഹാർദിക്കിനെ തിരികെ മുംബൈ ഇന്ത്യൻസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. മുംബൈ ഇന്ത്യൻസിന്റെ യുവ പ്രതിഭയിൽനിന്ന് ഹാർദിക് ഒരുപാട് മുന്നോട്ട് പോയി ഇപ്പോൾ ടീം ഇന്ത്യയുടെ താരമായി, ഹാർദിക്കിന്റെയും മുംബൈ ഇന്ത്യൻസിന്റെയും വളർച്ച കാണാനുള്ള ആവേശത്തിലാണ് ഞങ്ങൾ’ –നിത അംബാനി പറഞ്ഞു.