ADVERTISEMENT

ബെംഗളൂരു ∙ വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഒഡിഷയ്ക്കെതിരെ കേരളത്തിന് 78 റൺസിന്റെ തകർപ്പന്‍ ജയം. കേരളമുയർത്തിയ 287 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഒഡിഷ 208ന് പുറത്തായി. 92 റൺസ് നേടിയ ശാന്തനു മിശ്രയാണ് അവരുടെ ടോപ് സ്കോറർ. മധ്യനിര ബാറ്റർ വിഷ്ണു വിനോദിന്റെ സെഞ്ചറിക്കരുത്തിൽ മികച്ച ടോട്ടൽ പടുത്തുയർത്തിയ കേരളത്തിനായി ബോളർമാരും ഫോമിലേക്കുയരുകയായിരുന്നു. സ്കോർ: കേരളം – 50 ഓവറിൽ 9ന് 286. ഒഡിഷ – 43.3 ഓവറിൽ 208ന് പുറത്ത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒഡിഷയ്ക്ക് അക്കൗണ്ടു തുറക്കും മുൻപ് ആദ്യ വിക്കറ്റ് നഷ്ടമായി. അനുരാഗ് സാരംഗിയെ ബേസിൽ തമ്പി ക്ലീൻ ബോൾഡ് ആക്കുകയായിരുന്നു. ശാന്തനു മിശ്ര ഒരറ്റത്ത് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായിരുന്നില്ല. ഗോവിന്ദ പൊദ്ധാർ (7), രാജേഷ് ധുപർ (1), കാർത്തിക് ബിശ്വൽ (7), ദേബബ്രത പ്രധാൻ (1), രാജേഷ് മൊഹന്തി (0) എന്നിവർ രണ്ടക്കം കാണാതെ പുറത്തായി.

ക്ഷമയോടെ കളിച്ച ശാന്തനു മിശ്ര 116 പന്തിൽനിന്ന് 92 റൺസ് നേടിയാണ് പുറത്തായത്. അഖിൽ സ്കറിയയുടെ പന്തിൽ സഞ്ജു സാംസണ് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. ക്യാപ്റ്റൻ  ബിപ്ലബ് സമന്ത്‌റായ് 34 റൺസ് നേടി. അഭിഷേക് യാദവ് (21), പ്രയാഷ് സിങ് (20*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. കേരളത്തിനായി ശ്രേയസ് ഗോപാൽ 4 വിക്കറ്റു വീഴ്ത്തി. ബേസിൽ തമ്പി, അഖിൽ സ്കറിയ എന്നിവർ 2 വിക്കറ്റുവീതവും അഖിൻ സത്താർ, വൈശാഖ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റുവീതവും സ്വന്തമാക്കി.

∙ സെഞ്ചറിയുമായി വിഷ്ണു വിനോദ്

ഉജ്ജ്വല സെഞ്ചറിയുമായി കളംനിറഞ്ഞ വിഷ്ണു വിനോദാണ് കേരളത്തെ മികച്ച സ്കോറിലെത്തിച്ചത്. മുൻനിര ബാറ്റർമാർ പൊരുതാനാവാതെ കൂടാരം കയറിയപ്പോൾ മധ്യനിരയിൽ വിഷ്ണുവിനൊപ്പം അഖിൽ സ്കറിയയും അബ്ദുൽ ബാസിത്തും പുറത്തെടുത്ത പ്രകടനമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് സ്കോർ 27ൽ നില്‍ക്കേ ഓപ്പൺ മുഹമ്മദ് അസറുദ്ദീനെ (12) നഷ്ടമായി. സ്കോർ 50 പിന്നിട്ടതിനു പിന്നാലെ രോഹൻ കുന്നുമ്മലും (17) ക്യാപ്റ്റന്‍ സഞ്ജു സാംസണും (15) മടങ്ങി. സച്ചിൻ ബേബിക്ക് 2 റൺസ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. 13 റൺസുമായി ശ്രേയസ് ഗോപാൽ കൂടി മടങ്ങിയതോടെ കേരളം 5ന് 112 എന്ന നിലയിലായി.

ആറാം വിക്കറ്റില്‍ അഖിൽ സ്കറിയയ്ക്കൊപ്പം വിഷ്ണു വിനോദ് 98 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി. സ്കോർ 210ൽ നിൽക്കേ 34 റൺസുമായി പുറത്തായി. പിന്നാലെയിറങ്ങിയ അബ്ദുല്‍ ബാസിത് വമ്പനടികളുമായി കളം നിറഞ്ഞു. എന്നാൽ 45–ാം ഓവറിൽ വിഷ്ണുവിന്റെ വിക്കറ്റു വീണു. 85 പന്തിൽനിന്ന് 120 രൺസ് നേടിയാണ് താരം പുറത്തായത്. 8 സിക്സും 5 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. വൈശാഖ് ചന്ദ്രനും (4) ബേസിൽ തമ്പിയും (3) പിടിച്ചു നിൽക്കാനാവാതെ മടങ്ങി. 27 പന്തിൽ 48 റൺസ് നേടിയ ബാസിത് പുറത്താകാതെ നിന്നു.

ഒഡിഷയ്ക്കായി അഭിഷേക് യാദവ് 4 വിക്കറ്റ് വീഴ്ത്തി. രാജേഷ് മൊഹന്തി, പ്രയാഷ് സിങ് എന്നിവർ രണ്ടു വിക്കറ്റു വീതവും ഗോവിന്ദ പൊധാർ ഒരു വിക്കറ്റും സ്വന്തമാക്കി.

English Summary:

Kerala vs Odisha Vijay Hazare Trophy Cricket Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com