പ്രതികൂലസാഹചര്യത്തിലും മികവു കാട്ടി ഇന്ത്യൻ ബോളിങ് നിര; കളി തിരിച്ച് രവി ബിഷ്ണോയ്
Mail This Article
തിരുവനന്തപുരം ∙ കാര്യവട്ടത്തെ ബാറ്റിങ് പിച്ചിൽ ഓസ്ട്രേലിയൻ ബോളർമാർ അടിയേറെ കൊണ്ടപ്പോൾ പ്രതികൂലസാഹചര്യത്തിലും മികവു കാട്ടി ഇന്ത്യൻ ബോളിങ് നിര. സ്പിന്നർ രവി ബിഷ്ണോയിയും പേസർ പ്രസിദ്ധ് കൃഷ്ണയുമാണ് ഓസീസ് ബാറ്റർമാരെ നിലയ്ക്കു നിർത്തുന്നതിൽ നിർണായകപങ്കു വഹിച്ചത്.
അടിക്ക് തിരിച്ചടി എന്ന അടവുമായി ഓസീസ് ഓപ്പണർമാർ ആദ്യ രണ്ട് ഓവറുകളിൽ ഇന്ത്യൻ ബോളർമാരെ ബൗണ്ടറിയിലേക്ക് തുടരെ പായിച്ചെങ്കിലും മൂന്നാം ഓവറിൽ മാത്യു ഷോർട്ടിനെ പുറത്താക്കി ബിഷ്ണോയ് ഇന്ത്യയെ മത്സരത്തിലേക്കു തിരികെയെത്തിച്ചു. തന്റെ അടുത്ത ഓവറിൽ കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ ജോഷ് ഇംഗ്ലിസിനെയും ബിഷ്ണോയ് പുറത്താക്കിയതോടെ ഇന്ത്യ പിടിമുറുക്കി. 15നു മുകളിൽ ഉണ്ടായിരുന്ന ഓസീസ് റൺറേറ്റ് പെട്ടെന്ന് 10നു താഴെ എത്തിച്ചത് ബിഷ്ണോയിയുടെ ആദ്യ സ്പെല്ലാണ്. ലോകകപ്പിലെ മികച്ച ബോളർമാരിൽ ഒരാൾ എന്ന പേരുമായി എത്തിയ ഓസീസ് സ്പിന്നർ ആദം സാംപ വരെ വിയർത്ത പിച്ചിലാണ് ബിഷ്ണോയിയുടെ മികച്ച നേട്ടം.
സ്പിൻ കുറവുള്ള പിച്ചിൽ പേസ് കൂട്ടിയായിരുന്നു ബിഷ്ണോയിയുടെ ആക്രമണം. കൂടുതലും എറിഞ്ഞത് ഗുഡ് ലെങ്ത് പന്തുകൾ. ബാക്ക് ഫൂട്ടിൽ കളിക്കാൻ ശ്രമിച്ച ഓസീസ് ബാറ്റർമാർക്ക് പല തവണ പിഴച്ചു. മാർക്കസ് സ്റ്റോയ്നിസ്– ടിം ഡേവിഡ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയുടെ ജയം ഉറപ്പിച്ചതും ബിഷ്ണോയിയുടെ മികവാണ്. ആദ്യ ഓവറുകളിൽ റൺസ് വിട്ടുകൊടുത്തെങ്കിലും ഓസീസിന്റെ സമ്മർദം മുതലെടുത്ത് അവസാന ഓവറുകളിൽ വിക്കറ്റ് വീഴ്ത്തി പ്രസിദ്ധ് കൃഷ്ണയും ജയത്തിനു കാരണക്കാരനായി.