‘പ്രോ മാക്സ്’ ആയി കത്തിക്കയറി മാക്‌സ്‌വെൽ (104*); ഇന്ത്യയ്‌ക്കെതിരെ ഓസീസിന് 5 വിക്കറ്റിന്റെ ആവേശജയം
Mail This Article
ഗുവാഹത്തി ∙ ലോകകപ്പ് ഫൈനലിൽ നിർത്തിയടുത്തുനിന്നു തുടങ്ങിയ ട്രാവിസ് ഹെഡും ട്വന്റി20 പരമ്പരയിൽ ആദ്യമായി കത്തിക്കയറിയ ഗ്ലെൻ മാക്സ്‌വെലും ഓസീസിനായി ഇന്ത്യയിൽനിന്നു ജയം പിടിച്ചുവാങ്ങി. മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്ട്രേലിയയ്ക്ക് അഞ്ച് വിക്കറ്റിന്റെ ആവേശജയം. ഇന്ത്യ ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് ഓസീസ് മറികടന്നത്. ഗ്ലെൻ മാക്സ്‌വെലിന്റെ (48 പന്തിൽ 104*) അതിവേഗ സെഞ്ചറിയുടെ കരുത്തിലാണ് ഓസ്ട്രേലിയ കുറ്റൻ വിജയലക്ഷ്യം എത്തിപ്പിടിച്ചത്. ലോകകപ്പ് നേട്ടത്തിന്റെ തിളക്കവുമായി എത്തിയ ഓസ്ട്രേലിയയ്ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഈ മത്സരം ജയിച്ചേ മതിയാകൂമായിരുന്നുള്ളൂ. ജയത്തോടെ അഞ്ച് മത്സര ട്വന്റി20 പരമ്പര 2–1 എന്ന നിലയിലായി. നാലാം മത്സരം വെള്ളിയാഴ്ച റായ്‌പുരിൽ.
മറുപടി ബാറ്റിങ്ങിൽ, ഓപ്പണർമാരായ ട്രാവിസ് ഹെഡും (18 പന്തിൽ 35), ആരോൺ ഹാർദിയും (12 പന്തിൽ 16) ചേർന്നു മികച്ച തുടക്കമാണ് ഓസീസിനു നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 47 റൺസെടുത്തു. ലോകകപ്പ് ഫൈനലിൽ ഓസീസ് ജയത്തിനു നിർണായക പങ്കുവഹിച്ച ഹെഡ്, അതേ വീര്യത്തോടെയാണ് ഇന്നും ബാറ്റു വീശിയത്. എട്ടു ഫോർ അടങ്ങുന്നതായിരുന്നു ഹെഡിന്റെ ഇന്നിങ്സ്. അഞ്ചാം ഓവറിൽ ഹാർദിയെ കീപ്പർ ഇഷാൻ കിഷന്റെ കൈകളിൽ എത്തിച്ച് അർഷ്‌ദീപ് സിങ്ങാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. തൊട്ടടുത്ത ഓവറിൽ തന്നെ ഹെഡിനെ, ആവേശ് ഖാനും മടക്കി. പിന്നാലെയെത്തിയ ജോഷ് ഇംഗ്ലസിനും (6 പന്തിൽ 10) അധിക ആയുസ്സ് ഉണ്ടായില്ല.
നാലാം വിക്കറ്റിൽ ഒന്നിച്ച മാക്‌സ്‌വെൽ– സ്റ്റോയ്നിസ് കൂട്ടുകെട്ട് ഓസ്ട്രേലിയൻ സ്കോർബോർഡിൽ 60 റൺസ് കൂട്ടിച്ചേർത്തു. സ്റ്റോയ്നിസ് പുറത്തായതിനു പിന്നാലെ ടിം ഡേവിഡിനെയും ഓസീസിനു നഷ്ടമായെങ്കിലും പിന്നീടെത്തിയ ക്യാപ്റ്റൻ മാത്യു വെയ്‍ഡുമായി (16 പന്തിൽ 28*) ചേർന്ന് മാക്‌സ്‌വെൽ നടത്തിയ പോരാട്ടമാണ് ഓസീസിനെ ജയത്തിലെത്തിച്ചത്. എട്ടു സിക്സും എട്ടു ഫോറും അടങ്ങുന്നതായിരുന്നു മാക്‌സ്‌വെലിന്റെ ‘പ്രോ മാക്സ്’ ഇന്നിങ്സ്. ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന ഓവറിൽ 30 റൺസ് വിട്ടുകൊടുത്തതിന്റെ കടം സെഞ്ചറിയിലൂടെ തന്നെ മാക്‌സ്‌വെൽ വീട്ടുകയും ചെയ്തു. ഇന്ത്യയ്ക്കായി രവി ബിഷ്ണോയ് രണ്ടു വിക്കറ്റും അർഷ്‌ദീപ് സിങ്, ആവേശ് ഖാൻ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
∙ ‘ഗ്രേറ്റ്’ ഗെയ്‌ക്‌വാദ്
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 222 റൺസെടുത്ത്. ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ (57 പന്തിൽ 123*) തകർപ്പൻ സെഞ്ചറിയുടെ കരുത്തിലാണ് ആതിഥേയർ മികച്ച സ്കോറിലെത്തിയത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (29 പന്തിൽ 39), തിലക് വർമ (24 പന്തിൽ 31*) എന്നിവരും മിന്നി. ആദ്യ മൂന്ന് ഓവറിൽ 24 റൺസെടുക്കുന്നതിനിടെ ആദ്യ രണ്ടു വിക്കറ്റുകൾ നഷ്ടമായ ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്.
രണ്ടാം ഓവറിൽ തന്നെ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ (6 പന്തിൽ 6) പുറത്താക്കി ജേസൻ ബെഹ്രൻഡ്രോഫാണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. തൊട്ടടുത്ത ഓവറിൽ തന്നെ ആദ്യ രണ്ടു മത്സരങ്ങളിലും തിളങ്ങിയ ഇഷാൻ കിഷനെ സംപൂജ്യനായി കെയ്ൻ റിച്ചാർഡ്സനും മടക്കി. എന്നാൽ മൂന്നാം വിക്കറ്റിൽ ഗെയ്‌ക്‌വാദ്– സൂര്യകുമാർ സഖ്യം ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 57 റൺസാണ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. രണ്ടു സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്സ്. 11–ാം ഓവറിൽ സൂര്യകുമാറിനെ പുറത്താക്കി ആരോൺ ഹാർദിയാണ് കൂട്ടുകെട്ട് പൊളിച്ചത്. അഞ്ചാമനായി തിലക് വർമ എത്തിയതോടെ ഗെയ്‌ക്‌വാദും ഗിയർ മാറ്റി.
ആദ്യ 22 പന്തിൽ 22 റൺസ് മാത്രം നേടിയ ഗെയ്‌ക്‌വാദ്, പിന്നീട് നേരിട്ട 35 പന്തിൽ 101 റൺസാണ് അടിച്ചുകൂട്ടിയത്. ഏഴു സിക്സും 13 ഫോറും അടങ്ങുന്നതായിന്നു ഗെയ്‌ക്‌വാദിന്റെ ‘ഗ്രേറ്റ്’ ഇന്നിങ്സ്. അവസാന ഓവറിലെ ആദ്യ പന്തിൽ മാക്‌സ്‌വെലിനെ സിക്സർ പറത്തിയാണ് രാജ്യാന്തര ട്വന്റി20യിലെ കന്നി സെഞ്ചറി ഗെയ്‌ക്‌വാദ് പൂർത്തിയാക്കിയത്. ഇതു സഹിതം അവസാനം ഓവറിൽ 30 റൺസാണ് പിറന്നത്.
ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മാത്യു വെയ്‌ഡ് ഇന്ത്യ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് ഗുവാഹത്തി ക്രിക്കറ്റ് സ്റ്റേഡിയത്തിലേത്. തിരുവനന്തപുരത്ത നടന്ന മത്സരത്തിലും ടോസ് കിട്ടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ഇന്ത്യൻ ടീമിൽ മുകേഷ് കുമാറിനു പകരം ആവേശ് ഖാൻ പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. ഓസീസ് ടീമിൽ ലോകകപ്പ് ഫൈനൽ ഹീറോ ട്രാവിസ് ഹെഡ് ഉൾപ്പെടെ പ്ലെയിങ് ഇലവനിൽ ഉണ്ട്.