മണി പവർപ്ലേ, ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്സ് തിരികെയെത്തിച്ചത് എന്തിന്?
Mail This Article
മുംബൈ ∙ 2015ൽ 10 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് മുംബൈ ഇന്ത്യൻസ് ടീമിലെത്തിയതോടെയാണ് ഹാർദിക് പാണ്ഡ്യയെന്ന ഇന്ത്യൻ ഓൾറൗണ്ടറുടെ ഐപിഎൽ കരിയർ ആരംഭിക്കുന്നത്. പണത്തിന്റെയും കളിയുടെയും സമവാക്യങ്ങൾ മാറിമറിഞ്ഞ 9 വർഷങ്ങൾക്കുശേഷം വീണ്ടും ടീമിൽ തിരിച്ചെത്തിയ ഹാർദിക്കിന് മുംബൈ നൽകുന്ന പ്രതിഫലം 15 കോടി രൂപ! ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ താരക്കൈമാറ്റത്തിലൂടെ ഹാർദിക്കിനെ സ്വന്തമാക്കാൻ മുംബൈയെ പ്രേരിപ്പിച്ചതെന്ത്? രോഹിത് ശർമ ക്യാപ്റ്റനായുള്ള മുംബൈ ഇന്ത്യൻസ് ടീമിൽ ഹാർദിക്കിന്റെ റോളെന്താകും? ആരാധകരുടെ മനസ്സിൽ ‘മില്യൻ ഡോളർ’ ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് മുംബൈ–ഗുജറാത്ത് ടീമുകൾ ‘ബിഗ് ഡീൽ’ പൂർത്തിയാക്കിയത്.
എന്തുകൊണ്ട് ഹാർദിക് ?
ബാറ്റിങ്ങിലും ബോളിങ്ങിലും മൂർച്ച കുറഞ്ഞെന്ന പേരിൽ 2022ലെ മെഗാ ലേലത്തിനു മുൻപാണ് ഹാർദിക്കിനെ മുംബൈ ടീമിൽ നിന്നു റിലീസ് ചെയ്തത്. എന്നാൽ ഗുജറാത്ത് ടീമിൽ ക്യാപ്റ്റനായെത്തിയതോടെ ഹാർദിക്കിന്റെ രൂപവും ഭാവവും മാറി. 2 സീസണുകളിലായി ഹാർദിക്കിനു കീഴിൽ 33 മത്സരങ്ങൾ കളിച്ച ഗുജറാത്ത് ടൈറ്റൻസ് അതിൽ 23ലും വിജയിച്ചു. 2 സീസണുകളിലും ഫൈനലിലെത്തി. ഒരു തവണ കിരീടനേട്ടവും. ഹാർദിക്കിനു കീഴിൽ 16 ട്വന്റി20 മത്സരങ്ങൾ കളിച്ച ടീം ഇന്ത്യയും 10 ജയങ്ങൾ സ്വന്തമാക്കി. ഈ കണക്കുകളിലാണ് മുംബൈ കണ്ണെറിയുന്നത്. 2025ൽ നടക്കാനിരിക്കുന്ന മെഗാ ലേലത്തിലൂടെ ഹാർദിക്കിനു കീഴിൽ പുതിയൊരു ടീമിനെത്തന്നെ മുംബൈ രൂപപ്പെടുത്തിയേക്കാം.
മണി പവർപ്ലേ
ടീമിൽ തിരിച്ചെത്തിയ ഹാർദിക്കിന് മുംബൈ നൽകുന്ന 15 കോടി രൂപ, കഴിഞ്ഞ സീസണിൽ ഗുജറാത്തിൽ ലഭിച്ചുകൊണ്ടിരുന്ന പ്രതിഫലം തന്നെയാണ്. ഈ തുക ടീം പഴ്സിൽ നിന്നു കുറയുന്നതോടെ അടുത്ത ലേലത്തിൽ കൂടുതൽ താരങ്ങളെ സ്വന്തമാക്കാൻ ഗുജറാത്തിനു കഴിയും. പക്ഷേ ഇതിനു പുറമേ ഹാർദിക്കിനെ വിട്ടുകിട്ടാൻ ട്രാൻസ്ഫർ ഫീ ഇനത്തിൽ ഒരു ഭീമൻ തുക മുംബൈ ഗുജറാത്ത് ടീം ഉടമകൾക്കു നൽകിയിട്ടുണ്ട്. അത് എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല.
ഹാർദിക് ഇൻ, ഗ്രീൻ ഔട്ട്
ഹാർദിക്കിനെ സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസ് ഏതറ്റം വരെയും പോകുമെന്നതിനു തെളിവായിരുന്നു ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന്റെ കൈമാറ്റം. ഐപിഎൽ ലേലത്തിനു മുൻപായി നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടശേഷം 15.25 കോടി മാത്രമായിരുന്നു മുംബൈയുടെ പഴ്സിലെ ബാലൻസ്. ഹാർദിക്കിനായി ഗുജറാത്തിനു നൽകേണ്ടത് 15 കോടി രൂപ. ഈ ഡീൽ നടന്നാൽ വെറും 25 ലക്ഷം രൂപയുമായി മുംബൈയ്ക്ക് ഡിസംബറിലെ താരലേലത്തിനിറങ്ങേണ്ടിവരും. ഈ പ്രതിസന്ധി പരിഹരിക്കാൻ മുംബൈ കണ്ടെത്തിയ വഴിയായിരുന്നു ഗ്രീനിന്റെ കൈമാറ്റം. 17.5 കോടി രൂപ പ്രതിഫലമുള്ള ഗ്രീനിനെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനു കൈമാറിയതോടെ മുംബൈയുടെ ബാലൻസ് 32.75 കോടിയായി വർധിച്ചു. ഇതിൽ 15 കോടി ഹാർദിക്കിനായി ചെലവിട്ടെങ്കിലും പഴ്സിൽ 17.75 കോടി ബാക്കിയാണ്.