ADVERTISEMENT

ഗുവാഹത്തി ∙ ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ അടിച്ചൊതുക്കാൻ ഉപയോഗിച്ച ‘വണ്ടർ ബാറ്റ്’ ഗ്ലെൻ മാക്സ്‌വെൽ ( 48 പന്തിൽ 104 നോട്ടൗട്ട്) ഇന്നലെ ഒരിക്കൽ കൂടി പുറത്തെടുത്തു. ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തിൽ, ഋതുരാജ് ഗെയ്ക്‌വാദിന്റെ സെഞ്ചറിയുടെ (123 നോട്ടൗട്ട്) ബലത്തിൽ ഇന്ത്യ ഉയർത്തിയ റൺമല മാക്സ്‌വെലിന്റെ തോളിലേറി ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. മത്സരം തോറ്റെങ്കിലും പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലാണ്. സ്കോർ: ഇന്ത്യ 20 ഓവറിൽ 3ന് 222. ഓസ്ട്രേലിയ 20 ഓവറിൽ 5ന് 225. അപരാജിത സെഞ്ചറിയുമായി ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ച ഗ്ലെൻ മാക്സ്‌വെലാണ് കളിയിലെ താരം.

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിൽ 21 റൺസായിരുന്നു ഓസ്ട്രേലിയയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തിൽ ഫോർ നേടിയ ക്യാപ്റ്റൻ മാത്യു വെയ്ഡ് (16 പന്തിൽ 28 നോട്ടൗട്ട്) അടുത്ത പന്തിൽ സ്ട്രൈക്ക് മാക്സ്‌വെലിന് കൈമാറി. അടുത്ത 4 പന്തിൽ ഒരു സിക്സും 3 ഫോറും നേടിയ മാക്സ്‌വെൽ ഓസീസിനെ വിജയത്തിലെത്തിച്ചു. ഡിസംബർ 1ന് റായ്പുരിലാണ് അടുത്ത മത്സരം.

അടിച്ചൊതുക്കി ഓസീസ്

223 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ തുടക്കംമുതൽ ആക്രമിച്ചു കളിക്കാനാണ് ശ്രമിച്ചത്. 18 പന്തിൽ 35 റൺസുമായി ട്രാവിസ് ഹെഡും 12 പന്തിൽ 16 റൺസ് നേടിയ ആരോൺ ഹാർഡിയും ചേർന്ന് 4.1 ഓവറിൽ ഓസീസ് സ്കോർ 47ൽ എത്തിച്ചു. എന്നാൽ ഇരുവരും പുറത്തായതോടെ  സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു. ജോഷ് ഇംഗ്ലിസിനെയും (10) മാർക്കസ് സ്റ്റോയ്നിസിനെയും (10) ടിം ഡേവിഡിനെയും (0) നിലയുറപ്പിക്കും മുൻപേ മടക്കിയ ബോളർമാർ ഇന്ത്യയ്ക്ക് അനായാസ ജയം നേടിത്തരുമെന്നു തോന്നിച്ച ഘട്ടത്തിലാണ് മാക്സ്‍വെലിന്റെ വരവ്. ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോഴും മറുവശത്ത് മാക്സ്‌വെൽ അനായാസം ബൗണ്ടറികൾ നേടിക്കൊണ്ടിരുന്നു. 48 പന്തിൽ 8 വീതം സിക്സും ഫോറും അടങ്ങുന്നതാണ് മാക്സ്‌വെലിന്റെ ഇന്നിങ്സ്.

ഋതുരാജ് ഷോ

ഓപ്പണർ യശസ്വി ജയ്സ്വാളിനെയും (6) ഇഷൻ കിഷനെയും (0) തുടക്കത്തിലേ നഷ്ടമായ ഇന്ത്യയെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ (29 പന്തിൽ 39) ഇന്നിങ്സാണ്. 11–ാം ഓവറിലെ രണ്ടാം പന്തിൽ സൂര്യ പുറത്താകുമ്പോൾ 22 പന്തിൽ 22 റൺസായിരുന്നു ഋതുരാജിന്റെ സമ്പാദ്യം. ക്യാപ്റ്റൻ മടങ്ങിയതോടെ സ്കോറിങ് ചുമതല ഏറ്റെടുക്കാൻ ഋതുരാജ് തീരുമാനിച്ചു. അടുത്ത 35 പന്തിൽ 101 റൺസാണ് ഋതുരാജ് അടിച്ചു കൂട്ടിയത്. നാലാം വിക്കറ്റിൽ തിലക് വർമയ്ക്കൊപ്പം (24 പന്തിൽ 31 നോട്ടൗട്ട്) 59 പന്തിൽ 141 റൺസ് കൂട്ടിച്ചേർത്ത ഋതുരാജ് ഇന്ത്യൻ ടോട്ടൽ അനായാസം 200 കടത്തി. 57 പന്തിൽ 7 സിക്സും 13 ഫോറും അടങ്ങുന്നതാണ് ഋതുരാജിന്റെ ഇന്നിങ്സ്. ഗ്ലെൻ മാക്സ്‍വെൽ എറിഞ്ഞ അവസാന ഓവറിൽ 30 റൺസാണ് ഇന്ത്യ നേടിയത്.

6 ഓസീസ് താരങ്ങൾ നാട്ടിലേക്കു മടങ്ങി

ഗുവാഹത്തി ∙ ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പര പൂർത്തിയാകും മുൻപേ 6 ഓസ്ട്രേലിയൻ താരങ്ങൾ നാട്ടിലേക്കു മടങ്ങി. ഏകദിന ലോകകപ്പ് ജേതാക്കളായ ഓസീസ് സംഘത്തിലുണ്ടായിരുന്ന 7 താരങ്ങളാണ് ട്വന്റി20 പരമ്പര ടീമിലുൾപ്പെട്ടിരുന്നത്. ഇതിൽ സ്റ്റീവ് സ്മിത്തും ആഡം സാംപയും മൂന്നാം ട്വന്റി20യ്ക്കു മുൻപേ മടങ്ങിയിരുന്നു. ഗ്ലെൻ മാക്സ്‌വെൽ, മാർകസ് സ്റ്റോയ്നിസ്, ജോഷ് ഇംഗ്ലിഷ്, സീൻ ആബട്ട് എന്നിവർ ഇന്നലെ ഗുവാഹത്തിയിലെ മത്സരത്തിനുശേഷം നാട്ടിലേക്കു യാത്ര തിരിച്ചു.

അവശേഷിക്കുന്ന 2 ട്വന്റി20 മത്സരങ്ങൾക്കുള്ള ഓസീസ് ടീമിൽ ലോകകപ്പ് സംഘത്തിന്റെ പ്രതിനിധിയായി ട്രാവിസ് ഹെഡ് മാത്രമാണുള്ളത്. വിക്കറ്റ് കീപ്പർ ജോഷ് ഫിലിപ്, ബാറ്റർ ബെൻ മക്‌ഡർമോർട് എന്നിവർ പകരക്കാരായി ടീമിനൊപ്പം ചേർന്നു. നാലാം ട്വന്റി20 ഡിസംബർ ഒന്നിന് റായ്പുരിലും അഞ്ചാം മത്സരം മൂന്നിന് ബെംഗളൂരുവിലും നടക്കും.

രാജ്യാന്തര ട്വന്റി20യിൽ ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഋതുരാജ് ഗെയ്ക്‌വാദ്

ട്വന്റി20യി‍ൽ ഒരു ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോറാണ് ഋതുരാജ് ഇന്നലെ നേടിയത് (123*). ശുഭ്മൻ ഗില്ലാണ് ഒന്നാമത് (126*)

രാജ്യാന്തര ട്വന്റി20യിൽ ഏറ്റവുമധികം സെഞ്ചറി (4) എന്ന റെക്കോർഡിൽ ഗ്ലെൻ മാക്സ്‌വെൽ ഇന്ത്യൻ താരം രോഹിത് ശർമയ്ക്കൊപ്പമെത്തി.

ഇന്നലെ 47 പന്തിൽ സെഞ്ചറി നേടിയ മാക്സ്‌വെൽ, ട്വന്റി20യിൽ ഓസ്ട്രേലിയക്കാരന്റെ വേഗമേറിയ സെഞ്ചറി നേട്ടത്തിൽ ആരോൺ ഫിഞ്ച്, ജോഷ് ഇംഗ്ലിസ് എന്നിവരുടെ റെക്കോർഡിന് ഒപ്പമെത്തി.

English Summary:

Australia beat India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com