ബിസിസിഐയുടെ സമ്മർദത്തിനു വഴങ്ങി, രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനായി തുടരും
Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും. രാഹുൽ ദ്രാവിഡുമായുള്ള കരാർ നീട്ടാൻ ബിസിസിഐ തീരുമാനിച്ചു. നിലവിലെ പരിശീലക സംഘത്തെ അതേപടി നിലനിർത്താനാണ് ബിസിസിഐയുടെ തീരുമാനം. ബിസിസിഐ തന്നിലർപ്പിച്ച വിശ്വാസത്തിനു നന്ദിയുണ്ടെന്നു രാഹുൽ ദ്രാവിഡ് പ്രതികരിച്ചു. രണ്ടു വർഷത്തേക്കാണു പുതിയ കരാറെന്നാണു സൂചന.
ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതിനു പിന്നാലെ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയാനിരുന്നതാണ്. ഇതു സംബന്ധിച്ച് ദ്രാവിഡ് ബിസിസിഐ പ്രതിനിധികളുമായി ചർച്ചയും നടത്തിയിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു തന്നെ മടങ്ങിപ്പോകാനായിരുന്നു ദ്രാവിഡിന്റെ നീക്കം. ദ്രാവിഡ് മാറിയാൽ വി.വി.എസ്. ലക്ഷ്മണ്‍ ഇന്ത്യൻ പരിശീലകനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാൽ കരാർ നീട്ടുന്നതിനായി ബിസിസിഐ ദ്രാവിഡിനു മേൽ സമ്മർദം ചെലുത്തുകയായിരുന്നു. ചർച്ചകൾക്കൊടുവിൽ ദ്രാവിഡ് സമ്മതം മൂളിയതോടെ നിലവിലെ സംഘത്തെ തന്നെ നിലനിർത്താൻ ബിസിസിഐ തീരുമാനിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ടീം ഇന്ത്യ ദ്രാവിഡിനു കീഴിലായിരിക്കും ഇറങ്ങുക.