ADVERTISEMENT

ആലുർ∙ ആഭ്യന്തര ക്രിക്കറ്റിൽ നിരാശപ്പെടുത്തുന്ന പ്രകടനവുമായി ഇന്ത്യൻ താരം സഞ്ജു സാംസൺ. വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരയ്ക്കെതിരെ സഞ്ജു ഒരു റൺ മാത്രമെടുത്താണു പുറത്തായത്. അഞ്ചു പന്തുകൾ നേരിട്ട താരം ത്രിപുര ബോളർ ദേബ്നാഥിന്റെ പന്തിൽ എൽബിഡബ്ല്യു ആകുകയായിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ ക്യാപ്റ്റനായ സഞ്ജുവിന് ഇതുവരെ ഒരു അർധ സെഞ്ചറി മാത്രമാണു നേടാൻ സാധിച്ചത്.

മുംബൈയ്ക്കെതിരെ 83 പന്തുകൾ നേരിട്ട സഞ്ജു 55 റൺസെടുത്തിരുന്നു. ഒഡിഷയ്ക്കെതിരെ 15 റൺസും സൗരാഷ്ട്രയോട് 30 റൺസിനും സഞ്ജു പുറത്തായിരുന്നു. വിജയ് ഹസാരെ ടൂർണമെന്റിനു മുൻപു നടന്ന സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ രണ്ട് അർധ സെഞ്ചറികൾ മാത്രമാണു താരം നേടിയത്.

ഏഷ്യാകപ്പിലും ഏകദിന ലോകകപ്പിലും സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്ക് ബിസിസിഐ പരിഗണിച്ചിരുന്നില്ല. ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിൽ യുവ ടീമിനെ അയച്ചപ്പോഴും സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലും ഇടം നേടാൻ സഞ്ജുവിനു സാധിച്ചിരുന്നില്ല. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസണില്‍ രാജസ്ഥാൻ റോയല്‍സ് ടീമിന്റെ ക്യാപ്റ്റനാണു സഞ്ജു സാംസൺ.

സഞ്ജു മോശം ഫോമിലുള്ളപ്പോഴും വിജയ് ഹസാരെ ട്രോഫിയിൽ വമ്പൻ വിജയങ്ങളാണു കേരളം സ്വന്തമാക്കുന്നത്. ബുധനാഴ്ച നടന്ന ത്രിപുരയ്ക്കെതിരായ മത്സരത്തിൽ 119 റൺസ് വിജയം കേരളം നേടി. ആദ്യം ബാറ്റു ചെയ്ത കേരളം 47.1 ഓവറിൽ 231 റൺസെടുത്തപ്പോൾ ത്രിപുര 112 ന് ഓൾഔട്ടായി. വെള്ളിയാഴ്ച സിക്കിമിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ആദ്യ മത്സരത്തിൽ സൗരാഷ്ട്രയെ കേരളം മൂന്നു വിക്കറ്റുകൾക്കു തോൽപിച്ചിരുന്നു. മുംബൈയോടു തോറ്റെങ്കിലും ഒഡിഷയ്ക്കെതിരെ 78 റൺസിന്റെ വിജയം നേടി.

English Summary:

Sanju Samson failed to shine against Tripura in Vijay Hazare Trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com