അംബാട്ടി റായുഡുവിനു പകരക്കാരനായി മലയാളി താരം ചെന്നൈ സൂപ്പർ കിങ്സിലേക്ക്? പ്രവചിച്ച് അശ്വിൻ
Mail This Article
ചെന്നൈ∙ അംബാട്ടി റായുഡുവിന്റെ പകരക്കാരനായി മലയാളി താരം ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്താൻ സാധ്യതയുണ്ടെന്നു ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ. കഴിഞ്ഞ സീസണിനു ശേഷം വിരമിക്കൽ പ്രഖ്യാപിച്ച റായുഡുവിനെ ചെന്നൈ പുതിയ സീസണിനു മുന്നോടിയായി റിലീസ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ നാലാം നമ്പർ ബാറ്ററെ താരലേലത്തിൽ കണ്ടെത്തേണ്ട അവസ്ഥയിലാണ് ചെന്നൈ സൂപ്പർ കിങ്സ് ഉള്ളത്.
മലയാളി താരം കരുൺ നായരെ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിലെത്തിക്കുമെന്നാണ് ആര്‍. അശ്വിന്റെ പ്രവചനം. ‘‘ചെന്നൈ സൂപ്പർ കിങ്സ് കരുൺ നായരെ തിരഞ്ഞെടുക്കുമെന്നാണ് എനിക്കു തോന്നുന്നത്. ഷാറുഖ് ഖാൻ ഉണ്ടെങ്കിലും നാലാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങാൻ അദ്ദേഹത്തിനു സാധിക്കില്ല. നാലാമനായി ഒരു ഇടംകയ്യൻ ബാറ്റർ വന്നാൽ നന്നായിരിക്കുമെന്ന ചിന്ത സിഎസ്കെ മാനേജ്മെന്റിനുണ്ട്.’’– ആർ. അശ്വിൻ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.
കരുണിന് ഐപിഎൽ ലേലത്തിൽ മികച്ച തുക പ്രതീക്ഷിക്കാമെന്നാണ് അശ്വിന്റെ പ്രവചനം. ‘‘കരുണ്‍ നായർ അംബാട്ടി റായുഡുവിന്റെ പകരക്കാരൻ എന്ന നിലയിൽ മികച്ചൊരു ചോയ്സാണ്. ലേലത്തിൽ അദ്ദേഹത്തിനായി സൺറൈസേഴ്സ് ഹൈദരാബാദും രംഗത്തുവരാൻ സാധ്യതയുണ്ട്. കൗണ്ടി ക്രിക്കറ്റിലും കർണാടക പ്രീമിയർ ലീഗിലും കരുൺ നായർ മികച്ച പ്രകടനം നടത്തിയിരുന്നു.’’– അശ്വിൻ വ്യക്തമാക്കി.
ഡിസംബർ 19ന് ദുബായിൽ വച്ചാണ് ഐപിഎൽ താരലേലം നടക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ വിദര്‍ഭയ്ക്കു വേണ്ടിയാണ് കരുൺ നായർ ഇപ്പോൾ കളിക്കുന്നത്. 31 വയസ്സുകാരനായ താരം ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്സ് ഇലവൻ പഞ്ചാബ്, ഡൽഹി ഡെയർഡെവിൾസ്, രാജസ്ഥാൻ റോയൽസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ ആറു മത്സരങ്ങളും ഏകദിനത്തിൽ രണ്ടു മത്സരങ്ങളും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.