ADVERTISEMENT

ബെംഗളൂരു‌ ∙ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ  ഇന്ത്യയ്ക്ക് 6 റൺസിന്റെ ആവേശ ജയം. അവസാന ഓവറിൽ ഓസീസിന് ജയത്തിലെത്താൻ 10 റൺസ് മാത്രം മതിയെന്നിരിക്കെ വെറും മൂന്ന് റൺസാണ് അർഷ്ദീപ് സിങ് വിട്ടുനൽകിയത്. അവസാന മൂന്ന് ഓവറുകളിൽ 32 റൺസ് വേണമെന്നിരിക്കെ 18–ാം ഓവറിൽ ആവേശ് ഖാൻ വിട്ടുനൽകിയത് 15 റൺസ്. ഇതോടെ പരാജയം പടിവാതിൽക്കലെത്തിയ ഇന്ത്യ അടുത്ത രണ്ട് ഓവറുകളിൽ ശക്തമായി തിരിച്ചു വരുന്ന കാഴ്ചയ്ക്കാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷിയായത്. 19–ാം ഓവറിൽ മുകേഷ് കുമാർ ഏഴു റൺസ് മാത്രം വിട്ടുനൽകുകയും അവസാന ഓവറിൽ അർഷ്ദീപും തിളങ്ങിയതോടെ ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു.

ബെൻ‌ മക്ഡെർമോട്ടിന്റെ അർധ സെഞ്ചറിയും അവസാന ഓവറുകളിലെ ക്യാപ്റ്റൻ മാത്യു വെയ്ഡിന്റെ തകർപ്പനടികളും ഓസ്ട്രേലിയയെ ജയത്തിലെത്തിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാൽ ഇന്ത്യയുയർത്തിയ 161 റൺസ് വിജയലക്ഷ്യത്തിന് 7 റൺസ് അകലെ ഓസീസ് ഇന്നിങ്സ് അവസാനിച്ചു. ജയത്തോടെ ഇന്ത്യ പരമ്പര ജയത്തിന്റെ ലീഡ് 4–1 ആക്കി ഉയർത്തി. സ്കോർ ഇന്ത്യ – 20 ഓവറിൽ 8ന് 160. ഓസ്ട്രേലിയ 20 ഓവറിൽ 8ന് 154.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് മൂന്നാം ഓവറിൽ ഓപ്പണർ ജോഷ് ഫിലിപ്പിനെ നഷ്ടമായി. 4 റൺസ് നേടിയ ഫിലിപ്പ് മുകേഷ് കുമാറിന്റെ പന്തിൽ ക്ലീൻ ബോൾഡ് ആവുകയായിരുന്നു. രണ്ടോവർ പിന്നിട്ടപ്പോള്‍ ട്രാവിസ് ഹെഡിനെ ബോൾഡാക്കി രവി ബിഷ്ണോയ് അടുത്ത പ്രഹരമേൽപ്പിച്ചു. മികച്ച രീതിയിൽ ബാറ്റു ചെയ്തുവന്ന ഹെഡ് 18 പന്തിൽ 1 സിക്സും 5 ഫോറും സഹിതം 28 റൺസ് നേടിയാണ് പുറത്തായത്. പിന്നാലെയെത്തിയ ആരോൺ ഹാർഡിയെ (6) ബിഷ്ണോയ് ശ്രേയസിന്റെ കൈകളിലെത്തിച്ചു. 

അർധ സെഞ്ചറി നേടിയ മക്ഡെർമോട്ടാണ് ഓസീസിന്റെ ടോപ് സ്കോറർ. 36 പന്തിൽ 54 റൺസ് നേടിയ താരം റിങ്കു സിങ്ങിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ടിം ഡേവിഡ് (17), മാറ്റ് ഷോർട്ട് (16), ബെൻ ഡ്‌വാർഷ്യു (0) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. അവസാന ഓവറിൽ ഓസീസിനെ ജയത്തിന്റെ പടിവാതിലിൽ എത്തിച്ച ശേഷമാണ് മാത്യു വെയ്ഡ് (15 പന്തിൽ 22) കീഴടങ്ങിയത്. നേഥന്‍ എല്ലിസ് (4*), ജേസൺ ബെഹ്റെൻഡോർഫ് (2*) എന്നിവർ‌ പുറത്താകാതെനിന്നു. 

ഇന്ത്യയ്ക്കായി മുകേഷ് കുമാർ മൂന്നും അർഷ്ദീപ് സിങ്, രവി ബിഷ്ണോയ് എന്നിവർ രണ്ടു വിക്കറ്റു വീതവും സ്വന്തമാക്കി. അക്ഷർ പട്ടേൽ 4 ഓവറിൽ 14 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റും സ്വന്തമാക്കി.

∙ ഇന്ത്യയെ രക്ഷിച്ച് ശ്രേയസിന്‍റെ ഇന്നിങ്സ്

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ചറിയുടെ മികവിലാണ് പൊരുതാവുന്ന സ്കോർ കണ്ടെത്തിയത്.  55 റൺസ് നേടുന്നതിനിടെ നാല് മുൻനിര ബാറ്റർമാരെ നഷ്ടപ്പെട്ട ടീം ഇന്ത്യയെ, ക്ഷമയോടെ കളിച്ച ശ്രേയസ് അയ്യർ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു.  നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 160 റണ്‍സ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഓസീസ് ബോളർമാർ പവർപ്ലേയിൽത്തന്നെ ഓപ്പണർമാരെ പുറത്താക്കി. 15 പന്തിൽ 21 റൺസെടുത്ത യശസ്വി ജയ്സ്‌വാൾ നാലാം ഓവറിൽ നേഥൻ എല്ലിസിന് ക്യാച്ച് നൽകി മടങ്ങി. തൊട്ടടുത്ത ഓവറിൽ 10 റൺസുമായി ഋതുരാജ് ഗയ്ക്‌വാദും പുറത്തായി. ഏഴാം ഓവറിൽ നായകൻ സൂര്യകുമാർ യാദവ് മടങ്ങിയതോടെ ഇന്ത്യ 3ന് 46 എന്ന നിലയിലായി. 7 പന്തു നേരിട്ട താരത്തിന് ആകെ നേടാനായത് 5 റൺസാണ്. കഴിഞ്ഞ മത്സരങ്ങളില്‍ വെടിക്കെട്ടു പ്രകടനം പുറത്തെടുത്ത റിങ്കു സിങ് (6) ഇത്തവണ നിരാശപ്പെടുത്തി. സ്കോർ 55ൽ നിൽക്കേ റിങ്കുവിനെ തൻവീർ സംഘ ടിം ഡേവിഡിന്റെ കൈകളിലെത്തിച്ചു.

അഞ്ചാം വിക്കറ്റിൽ ശ്രേയസ് അയ്യർക്കൊപ്പം ചേർന്ന ജിതേഷ് ശർമ 24 റൺസ് നേടിയാണ് പുറത്തായത്. 16 പന്തിൽ 3 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ഇന്നിങ്സ്. പിന്നീടെത്തിയ അക്ഷർ പട്ടേലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 21 പന്തിൽ 31 റൺസ് നേടിയ താരം 19–ാം ഓവറിലാണ് പുറത്തായത്. നേഥൻ എല്ലിസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ടു പന്തുകൾ സിക്സർ പറത്തിയാണ് ശ്രേയസ് അർധ സെഞ്ചറി പൂർത്തിയാക്കിയത്. എന്നാൽ തൊട്ടടുത്ത പന്തിൽ താരം ക്ലീൻ ബോൾഡ് ആയി. 

37 പന്തിൽ 53 റൺസാണ് ശ്രേയസിന്റെ സമ്പാദ്യം. 2 സിക്സും 5 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. 2 റൺസെടുത്ത രവി ബിഷ്ണോയ് ഇന്നിങ്സിലെ അവസാന പന്തിൽ റണ്ണൗട്ടായി. അർഷ്ദീപ് സിങ് 2 റൺസുമായി പുറത്താകാതെനിന്നു. ഓസീസിനായി ജേസൺ ബെഹ്റെൻഡോർഫ്, ബെൻ ഡ്‌വാർഷ്യു എന്നിവർ രണ്ടു വിക്കറ്റു വീതം നേടി. ആരോൺ ഹാർഡി, നേഥൻ എല്ലിസ്, തൻവീർ സംഘ എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

ഇന്ത്യ പ്ലേയിങ് ഇലവൻ – യശസ്വി ജയ്സ്‌വാൾ, ഋതുരാജ് ഗയ്ക്‌വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിങ്ക്, ജിതേഷ് ശർമ, അക്ഷർ പട്ടേൽ, രവി ബിഷ്ണോയ്, ആവേശ് ഖാൻ, മുകേഷ് കുമാർ, അർഷ്ദീപ് സിങ്.

ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ – ട്രാവിസ് ഹെഡ്, ജോഷ് ഫിലിപ്പ്, ബെൻ മക്ഡെർമോട്ട്, ആരോൺ ഹാര്‍ഡി, ടിം ഡേവിഡ്, മാത്യു ഷോർട്ട്, മാത്യു വെയ്ഡ് (ക്യാപ്റ്റൻ), ബെൻ ഡ്‌വാർഷ്യു, നേഥൻ എല്ലിസ്, ജേസൺ ബെഹ്‌റെൻഡോർഫ്, തൻവീർ സംഘ.

English Summary:

India vs Australia T20I Series 5th Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com