ADVERTISEMENT

ബെംഗളൂരു ∙ ബോളർമാർക്കു പച്ചപ്പരവതാനി വിരിച്ച ചിന്നസ്വാമിയിലെ പിച്ചിൽ ഇന്ത്യ ഓസ്ട്രേലിയയെ എറി‍ഞ്ഞു തോൽപിച്ചു. ആവേശം ഫൈനൽ ഓവറിലേക്കു നീണ്ട ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് 6 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. പേസർ അർ‌ഷ്ദീപ് സിങ് അവസാന ഓവർ എറിയാനെത്തുമ്പോൾ 10 റൺസായിരുന്നു ഓസ്ട്രേലിയയുടെ ലക്ഷ്യം.

7 വിക്കറ്റുകൾ നഷ്ടമായെങ്കിലും വെടിക്കെട്ട് ബാറ്റർ മാത്യു വെയ്ഡ് ക്രീസിലുള്ളതായിരുന്നു അവരുടെ ആത്മവിശ്വാസം. ആദ്യ 2 പന്തുകളിലും റൺ വഴങ്ങാതെ വെയ്‌ഡിനെ സമ്മർദത്തിലാക്കിയ അർഷ്‌ദീപ് മൂന്നാം പന്തിൽ വിക്കറ്റും സ്വന്തമാക്കിയതോടെ കളി തിരിഞ്ഞു. തുടർന്നുള്ള 3 പന്തുകളിൽ നിന്ന് 3 റൺസ് മാത്രം നേടി ഓസ്ട്രേലിയ കീഴടങ്ങി. സ്കോർ: ഇന്ത്യ– 20 ഓവറിൽ 8ന് 160. ഓസ്ട്രേലിയ 20 ഓവറിൽ 8ന് 154. 5 മത്സരങ്ങൾ അടങ്ങിയ പരമ്പര 4–1ന് ഇന്ത്യയ്ക്കു സ്വന്തം. 

ഓൾറൗണ്ട് പ്രകടനത്തോടെ തിളങ്ങിയ അക്ഷർ പട്ടേലാണ് പ്ലെയർ ഓഫ് ദ് മാച്ച്. ബാറ്റിങ്ങിൽ 31 റൺസെടുത്ത അക്ഷർ ബോളിങ്ങിൽ 4 ഓവറിൽ 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. രവി ബിഷ്ണോയിയാണ് പരമ്പരയിലെ താരം. നേരത്തേ ശ്രേയസ് അയ്യരുടെ അർധ സെഞ്ചറിയാണ് (37 പന്തിൽ 53) ബാറ്റിങ്ങിലെ തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്.

161 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഓസ്ട്രേലിയയ്ക്കായി ഓപ്പണർ ട്രാവിസ് ഹെഡ് തുടക്കത്തിലേ ആഞ്ഞടിച്ചു. ആദ്യ 4 ഓവറിൽ 40 റൺസുമായി ഓസീസ് കുതിക്കുമ്പോഴാണ് സൂര്യകുമാർ യാദവ് ബിഷ്ണോയിയെ പന്തേൽപിച്ചത്. അപകടകാരിയായ ഹെഡിനെ (18 പന്തിൽ 28) പുറത്താക്കി തുടങ്ങിയ ബിഷ്ണോയ് അടുത്ത വരവിൽ ആരൺ ഹാർഡിയുടെ (6) വിക്കറ്റും വീഴ്ത്തി. ഒരറ്റത്തുനിന്ന് ആഞ്ഞടിച്ച ബെൻ മക്‌ഡെർമോട്ടിനെ (36 പന്തിൽ 54) 15–ാം ഓവറിൽ അർഷ്‌ദീപ് സിങ് പുറത്താക്കിയത് കളിയിൽ വഴിത്തിരിവായി.

നേരത്തേ 15 പന്തിൽ 21 റൺസുമായി തുടക്കത്തിൽ ആഞ്ഞടിച്ച യശസ്വി ജയ്‌സ്വാളിനെ നാലാം ഓവറിൽ പുറത്താക്കിയതു മുതൽ ഓസ്ട്രേലിയ കളിയിൽ പിടിമുറുക്കി. ഋതുരാജ് ഗെയ്ക്‌വാദും (10) സൂര്യകുമാർ യാദവും (5) റിങ്കു സിങ്ങും (5) അലക്ഷ്യമായ ഷോട്ടുകൾക്കു ശ്രമിച്ച് വിക്കറ്റു നഷ്ടപ്പെടുത്തിയപ്പോൾ ഇന്ത്യ 4ന് 55 എന്ന നിലയിൽ പതറി. തുടർന്നായിരുന്നു ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം. വിക്കറ്റ് കീപ്പർ ജിതേഷ് ശർമയ്ക്കൊപ്പം (16 പന്തിൽ 24)  ശ്രേയസ് അഞ്ചാം വിക്കറ്റിൽ നേടിയ 42 റൺസ് ഇന്ത്യയ്ക്കു പിടിവള്ളിയായി. ജിതേഷ് പുറത്തായശേഷം അക്ഷർ പട്ടേലുമായി ചേർന്ന് (21 പന്തിൽ 31) ആറാം വിക്കറ്റിൽ 46 റൺസും നേടി.

English Summary:

India beat Australia in 5th Twenty20 Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com