ഇന്ത്യൻ ടീം എൻട്രിക്കു പിന്നാലെ സഞ്ജുവിന്റെ വെടിക്കെട്ട്, 13 പന്തിൽ 35 റൺസ്
Mail This Article
മുംബൈ∙ വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ക്യാപ്റ്റൻ സഞ്ജു സാംസൺ. പുതുച്ചേരിക്കെതിരായ മത്സരത്തിൽ 13 പന്തുകളിൽനിന്ന് 35 റൺസ് നേടിയ താരം പുറത്താകാതെ നിന്നു. മൂന്നു സിക്സുകളും നാലു ഫോറുകളുമാണു താരം ബൗണ്ടറി കടത്തിവിട്ടത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയതിനു പിന്നാലെയാണു താരത്തിന്റെ പ്രകടനം.
മത്സരത്തിൽ കേരളം ആറു വിക്കറ്റുകൾക്കു വിജയിച്ചു. ആദ്യം ബാറ്റു ചെയ്ത പുതുച്ചേരിയെ 116 റൺസിൽ ഓൾഔട്ടാക്കിയ കേരളം 19.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 3 വിക്കറ്റ് വീതം നേടിയ അഖിൽ സ്കറിയയും സിജോമോൻ ജോസഫുമാണ് ബോളിങ്ങിൽ തിളങ്ങിയത്. സഞ്ജു സാംസണാണു കേരളത്തിന്റെ ടോപ് സ്കോറർ.
6 മത്സരങ്ങളിൽ 5 ജയവുമായി നിലവിൽ എ ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്താണ് കേരളം. ഗ്രൂപ്പ് റൗണ്ടിൽ റെയിൽവേയ്ക്കെതിരെ ഒരു മത്സരം കൂടി കേരളത്തിന് ബാക്കിയുണ്ട്. അയർലൻഡിനെതിരായ പരമ്പരയിലാണ് സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. ഏഷ്യാ കപ്പ്, ഏഷ്യൻ ഗെയിംസ്, ഏകദിന ലോകകപ്പ് ടീമുകളിലൊന്നും ബിസിസിഐ സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല.