158 കോടി രൂപ അടയ്ക്കുന്നതിൽ ബൈജൂസിന് വീഴ്ച സംഭവിച്ചു; നടപടിയുമായി ബിസിസിഐ
Mail This Article
മുംബൈ∙ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർമാരായിരുന്ന ബൈജൂസ് കരാറിൽ വീഴ്ച വരുത്തിയതായി ബിസിസിഐ. 158 കോടി രൂപ അടയ്ക്കുന്നതിൽ ബൈജൂസിന് വീഴ്ച സംഭവിച്ചെന്നാണു ബിസിസിഐയുടെ നിലപാട്. സംഭവത്തിൽ ബൈജൂസ് ഗ്രൂപ്പിന് ബിസിസിഐ നോട്ടിസ് അയച്ചു. മറുപടി നൽകുന്നതിന് രണ്ടാഴ്ചത്തെ സമയമാണ് ബിസിസിഐ നൽകിയിരിക്കുന്നത്.
സെപ്റ്റംബർ എട്ടിനാണ് ബിസിസിഐ കേസ് ഫയൽ ചെയ്തത്. ബിസിസിഐയും ബൈജൂസ് ഗ്രൂപ്പിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള കേസിൽ ഡിസംബർ 22നാണ് ഇനി വാദം കേൾക്കൽ. കായിക രംഗത്ത് ബിസിസിഐ, ഐസിസി, ഫിഫ സംഘടനകളുമായി ബൈജൂസിന് ബ്രാൻഡിങ് പാർട്ണര്‍ഷിപ്പുകൾ ഉണ്ടായിരുന്നു. ഇതൊന്നും പുതുക്കാൻ താൽപര്യമില്ലെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു.
മറ്റൊരു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. ബിസിസിഐയുടെ നടപടിയിൽ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2015ലാണ് മലയാളിയായ ബൈജു രവീന്ദ്രൻ ബൈജൂസ് ലേണിങ് ആപ് അവതരിപ്പിച്ചത്. കമ്പനി നിലവിൽ കടുത്ത പ്രതിസന്ധിയിലാണെന്നാണു വിവരം.