ഹാർദിക് അപൂർവ പ്രതിഭ, അപൂർവമായി മാത്രം ഗ്രൗണ്ടിൽ കാണും: പരിഹസിച്ച് മുൻ ഇന്ത്യൻ താരം

Mail This Article
മുംബൈ∙ ഇന്ത്യൻ ഓൾ റൗണ്ടർ ഹാര്‍ദിക് പാണ്ഡ്യയെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. വളരെ അപൂർവമായി മാത്രം ഗ്രൗണ്ടിൽ കാണുന്ന അപൂർവ പ്രതിഭയാണ് ഹാർദിക് എന്നാണു അജയ് ജഡേജയുടെ പരിഹാസം. ‘‘ഫാസ്റ്റ് ബോളിങ് ഓൾ റൗണ്ടറെ വളരെ അപൂർവമായി മാത്രമാണു നിങ്ങൾക്കു ലഭിക്കുക. നിങ്ങൾക്ക് അർഥം മനസ്സിലായില്ലെ. ഹാർദിക് പാണ്ഡ്യ ഒരു ‘അപൂര്‍വ’ പ്രതിഭയാണ്. അപൂർവമായി മാത്രമാണ് അദ്ദേഹത്തെ ഗ്രൗണ്ടിൽ കാണാൻ സാധിക്കുക.’’– അജയ് ജഡേജ ഒരു യുട്യൂബ് വിഡിയോയിൽ പറഞ്ഞു.
പാണ്ഡ്യയുടെ പരുക്കിനെക്കുറിച്ചു പരാമർശിച്ചായിരുന്നു അജയ് ജഡേജയുടെ ട്രോൾ. ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരായ മത്സരത്തിലായിരുന്നു ഹാർദിക് പാണ്ഡ്യയ്ക്കു കാലിനു പരുക്കേറ്റത്. പിന്നീട് ലോകകപ്പിലെ ബാക്കിയുണ്ടായിരുന്ന മത്സരങ്ങളൊന്നും പാണ്ഡ്യ കളിച്ചില്ല. ഇതോടെ ഫിനിഷർ റോളിൽ ഇന്ത്യയ്ക്ക് ആളില്ലാതായി. ആറാം ബോളിങ് ഓപ്ഷൻ എന്ന സാധ്യതയും ഇല്ലാതായി.
ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരമ്പരകളിൽ ഹാർദിക് പാണ്ഡ്യ കളിക്കുന്നില്ല. താരം വിശ്രമത്തിലാണിപ്പോൾ. ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിനു മുന്നോടിയായി ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്കു മടങ്ങിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായിരുന്ന പാണ്ഡ്യയെ 15 കോടിയിലേറെ രൂപ മുടക്കിയാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്.
2015 ൽ മുംബൈ ഇന്ത്യൻസിലാണ് ഹാർദിക് പാണ്ഡ്യ കരിയർ തുടങ്ങിയത്. ടീമിനൊപ്പം നാലു വട്ടം കിരീടം നേടി. 2022 ൽ ഗുജറാത്ത് ടൈറ്റൻസ് ക്ലബ് നിലവിൽ വന്നപ്പോൾ ടീമിന്റെ ക്യാപ്റ്റനായി. ആദ്യ സീസണിൽ തന്നെ ടീമിനെ കിരീടത്തിലെത്തിച്ചു. കഴിഞ്ഞ സീസണിലും പാണ്ഡ്യയ്ക്കു കീഴിൽ ഗുജറാത്ത് ഫൈനൽ കളിച്ചെങ്കിലും ചെന്നൈ സൂപ്പർ കിങ്സിനോടു തോറ്റു.