ADVERTISEMENT

ബെംഗളൂരു∙  ഇന്ത്യ– ഓസ്ട്രേലിയ അഞ്ചാം ട്വന്റി20 മത്സരത്തിലെ കമന്ററിയുടെ പേരിൽ ഓസ്ട്രേലിയ മുൻ താരം മാത്യു ഹെയ്ഡനെതിരെ ആരാധകരുടെ രൂക്ഷവിമര്‍ശനം. മത്സരത്തിൽ ഓസ്ട്രേലിയൻ ബാറ്റർമാരെ ഹെയ്ഡൻ പിന്തുണച്ചു സംസാരിച്ചതാണ് ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ചത്. അവസാന ഓവറില്‍ അംപയർമാർക്കെതിരെ കമന്ററി ബോക്സിലുണ്ടായിരുന്ന മാത്യു ഹെയ്ഡൻ സംസാരിച്ചിരുന്നു. അവസാന ആറു പന്തുകളില്‍ ഓസ്ട്രേലിയയ്ക്കു ജയിക്കാൻ 10 റൺസാണു വേണ്ടിയിരുന്നത്.

അർഷ്ദീപ് സിങ്ങിന്റെ ആദ്യ പന്ത് ബൗൺസറായി മാത്യു വെയ്ഡിന്റെ തലയ്ക്കു മുകളിലൂടെ പോയെങ്കിലും അംപയർ വൈഡ് അനുവദിച്ചില്ല. വൈഡ് ആണെന്ന് മാത്യു വെയ്ഡ് വാദിച്ചെങ്കിലും അംപയർ ഇത് അംഗീകരിച്ചില്ല. റീപ്ലേ ദൃശ്യങ്ങൾക്കു ശേഷം മാത്യു വെയ്ഡായിരുന്നു ശരിയെന്ന് ഹെയ്ഡൻ കമന്ററിയിൽ പറഞ്ഞു. ‘‘എന്തുകൊണ്ടാണ് അദ്ദേഹം അസ്വസ്ഥനാകുന്നതെന്നു നിങ്ങൾക്കു കാണാം. ഉറപ്പായും അതൊരു വൈഡാണ്.’’– ഹെയ്ഡന്‍ കമന്ററിക്കിടെ പറഞ്ഞു.

ഓവറിലെ മറ്റൊരു പന്ത് നേഥൻ എലിസ് അടിച്ചെങ്കിലും വിക്കറ്റിനു പുറകിൽ നിൽക്കുകയായിരുന്ന അംപയർ വീരേന്ദർ ശർമയുടെ ദേഹത്താണ് പന്ത് ഇടിച്ചത്. പന്തിന്റെ വരവു മനസ്സിലാക്കി ഒഴിഞ്ഞു മാറാൻ അംപയർക്കു സാധിച്ചില്ല. അംപയർ പന്തിൽനിന്നു മാറിയിരുന്നെങ്കിൽ അതു ബൗണ്ടറി ആകാനുള്ള സാധ്യതയും മത്സരത്തിനിടെ കമന്റേറ്റർമാർ ചർച്ച ചെയ്തു. അംപയർക്കെതിരെ രൂക്ഷമായാണ് ഹെയ്ഡൻ അപ്പോൾ പ്രതികരിച്ചത്. ‘‘ഈ ഓവറിൽ ഇതു രണ്ടാം തവണയാണ് അംപയർ അദ്ദേഹത്തിന്റെ ജോലി ചെയ്തത്.’’– എന്നായിരുന്നു ഹെയ്ഡന്റെ പ്രതികരണം.

അംപയർമാർ ഇന്ത്യൻ താരങ്ങളെ സഹായിച്ചു എന്ന രീതിയിലും ഹെയ്ഡൻ ആരോപണം ഉന്നയിച്ചു. ത്രില്ലർ പോരാട്ടത്തിൽ ആറു റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 160 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുക്കാനേ ഓസീസിനു സാധിച്ചുള്ളൂ. 5 മത്സരങ്ങൾ അടങ്ങിയ പരമ്പര 4–1ന് ഇന്ത്യ ജയിക്കുകയും ചെയ്തു.

English Summary:

Fiery Matthew Hayden Accuses Umpire Of 'Tag-teaming' With India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com