തുടർച്ചയായി സിക്സും ഫോറും, ഗംഭീറിനെ തുറിച്ചുനോക്കി ശ്രീശാന്ത്- വിഡിയോ

Mail This Article
മുംബൈ∙ ലെജൻഡ്സ് ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിനെ തുറിച്ചുനോക്കി എസ്. ശ്രീശാന്ത്. ശ്രീശാന്തിന്റെ പന്തുകളിൽ ഗംഭീർ ഒരു സിക്സും ഫോറും അടിച്ചതിനു പിന്നാലെയാണു സംഭവം. അടുത്ത പന്ത് ഗംഭീർ നേരിട്ടതോടെ ശ്രീശാന്ത് താരത്തെ തുറിച്ചു നോക്കുകയായിരുന്നു. തുടർന്ന് ഗംഭീർ കൈകൊണ്ട് ‘എന്താണ്?’ എന്ന് ആംഗ്യം കാണിക്കുന്നതും വിഡിയോയിലുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എലിമിനേറ്റർ മത്സരത്തിനിടെയാണ് ഇന്ത്യ ക്യാപിറ്റൽസ് താരമായ ഗംഭീറും ഗുജറാത്ത് ജയന്റ്സിന്റെ ശ്രീശാന്തും തമ്മിൽ നേർക്കുനേർ വന്നത്. 30 പന്തുകൾ നേരിട്ട ഗംഭീർ 51 റൺസാണു മത്സരത്തിൽ നേടിയത്. ഒരു സിക്സും ഏഴു ഫോറുകളും താരം ബൗണ്ടറി കടത്തി.
മത്സരത്തിൽ ഗംഭീറിന്റെ ഇന്ത്യ ക്യാപിറ്റൽസ് വിജയിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായി ഗംഭീർ പ്രവർത്തിക്കുന്നുണ്ട്. ലക്നൗ സൂപ്പർ ജയന്റ്സിൽ രണ്ടു വർഷം മെന്ററായി പ്രവര്‍ത്തിച്ച ശേഷമാണ് ഗംഭീർ കൊൽക്കത്തയിലെത്തിയത്. ഐപിഎല്ലിൽ കൊൽക്കത്ത ടീമിന്റെ ക്യാപ്റ്റനായിരുന്നു ഗംഭീർ.