ഇംഗ്ലിഷ് ഇടി: വനിതാ ട്വന്റി20യിൽ ഇന്ത്യയ്ക്ക് 38 റൺസ് തോൽവി

Mail This Article
മുംബൈ ∙ രേണുക സിങ്ങിന്റെ ബോളിങ് മികവിനും (4 ഓവറിൽ 27 റൺസ് വഴങ്ങി 3 വിക്കറ്റ്) ഷെഫാലി വർമയുടെ ചെറുത്തു നിൽപിനും (42 പന്തിൽ 52 റൺസ്) ടീം ഇന്ത്യയെ രക്ഷിക്കാനായില്ല. ഇംഗ്ലണ്ട് വനിതകൾക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 38 റൺസ് തോൽവി. ഇംഗ്ലണ്ട് ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടാനേ സാധിച്ചുള്ളൂ. സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ 6ന് 197. ഇന്ത്യ 20 ഓവറിൽ 6ന് 159. സ്ക്വാഡിലുണ്ടായിരുന്നെങ്കിലും മലയാളി താരം മിന്നു മണി ആദ്യ ഇലവനിൽ ഇടംപിടിച്ചില്ല. 9ന് മുംബൈയിലാണ് പരമ്പരയിലെ അടുത്ത മത്സരം.
∙പൊരുതിവീണ് ഇന്ത്യ
198 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ സ്മൃതി മന്ഥനയെ (6) നഷ്ടമായി. പിന്നാലെ ജമൈമ റോഡ്രിഗസും (4) മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഷെഫാലി– ഹർമൻപ്രീത് കൗർ (26) സഖ്യമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയത്. 31 പന്തിൽ 41 റൺസ് കൂട്ടിച്ചേർത്ത സഖ്യം സ്കോറിങ് മുന്നോട്ടു നയിച്ചു. എന്നാൽ ഹർമൻ പുറത്തായതോടെ ടീം ഇന്ത്യ വീണ്ടും പരുങ്ങലിലായി. നന്നായി തുടങ്ങിയ റിച്ച ഘോഷ് (16 പന്തിൽ 21) സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള ശ്രമത്തിനിടെ പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷ ഏറക്കുറെ അസ്തമിച്ചു. ഒരുവശത്ത് ഉറച്ചുനിന്ന ഷെഫാലി കൂടി മടങ്ങിയതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചു. 42 പന്തിൽ 9 ഫോർ അടക്കമാണ് ഷെഫാലി 52 റൺസ് നേടിയത്. ഇംഗ്ലണ്ടിനായി സോഫി എക്ലെസ്റ്റൻ 4 ഓവറിൽ 15 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി.
ഇംഗ്ലിഷ് അറ്റാക്ക്
ഞെട്ടലോടെയാണ് ഇംഗ്ലണ്ട് ഇന്നിങ്സ് ആരംഭിച്ചത്. ആദ്യ ഓവറിലെ നാലും അഞ്ചും പന്തുകളിൽ ഓപ്പണർ സോഫിയ ഡെൻക്‌ലി (1) എലിസ് കാപ്സി (0) എന്നിവരെ പുറത്താക്കിയ രേണുക സിങ് ഇന്ത്യയ്ക്ക് ആശിച്ച തുടക്കം നൽകി. ആദ്യ ഓവർ അവസാനിക്കുമ്പോൾ 2ന് 2 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഡാനിയേൽ വ്യാട്ട് (75)– നാറ്റ് സിവർ ബ്രെന്റ് (77) സഖ്യമാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത്.
കൗണ്ടർ അറ്റാക്കിലൂടെ സ്കോറിങ് ഉയർത്തിയ ഇവർ, 87 പന്തിൽ 138 റൺസ് കൂട്ടിച്ചേർത്ത് ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചു. 47 പന്തിൽ 2 സിക്സും 8 ഫോറുമടക്കമാണ് വ്യാട്ട് 75 റൺസ് നേടിയത്. 53 പന്തിൽ 13 ഫോർ അടങ്ങുന്നതാണ് സിവിയറിന്റെ ഇന്നിങ്സ്. 4 ഓവറിൽ 27 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ രേണുക സിങ് ഇന്ത്യൻ നിരയിൽ തിളങ്ങി.