ADVERTISEMENT

സൂറത്ത് ∙ മുൻ ഇന്ത്യൻ താരങ്ങളായ എസ്.ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിലുള്ള വാക്ക്പോരും വിവാദങ്ങളും ക്രിക്കറ്റ് ഗ്രൗണ്ട് കടന്നു പുറത്തേക്ക്. ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഗംഭീർ തന്നെ ‘ഒത്തുകളിക്കാരനെന്ന്’ (ഫിക്സർ) വിളിച്ച് അപമാനിച്ചെന്ന ശ്രീശാന്തിന്റെ ആരോപണമാണ് പുതിയ സംഭവം. ‘‘മത്സരത്തിനിടെ, എന്റെ അടുത്തെത്തിയ ഗംഭീർ മൈതാന മധ്യത്തിൽവച്ച് ഫിക്സർ, ഫിക്സർ എന്ന് പലതവണ വിളിച്ചു. മറുപടിയായി ഒരു മോശം വാക്കു പോലും എന്റെ ഭാഗത്തുനിന്നുണ്ടായില്ല. പിന്തിരിപ്പിക്കാൻ ശ്രമിച്ച അംപയർമാർക്കെതിരെയും ഗംഭീർ രോഷാകുലനായി– ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിൽ ശ്രീശാന്ത് പറഞ്ഞു. 

ബുധനാഴ്ച സൂറത്തിൽ നടന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിനിടെയാണ് ഇരുവരും തമ്മിലുള്ള വാക്കുതർക്കം കയ്യാങ്കളിയുടെ വക്കിലെത്തിയത്. ഗുജറാത്ത് ജയന്റ്സ് താരമായ ശ്രീശാന്ത് എറിഞ്ഞ രണ്ടാം ഓവറിൽ ഇന്ത്യ ക്യാപിറ്റൽസിന്റെ ഓപ്പണറായ ഗംഭീർ ഒരു സിക്സും ഫോറും നേടി. ഇതിനു പിന്നാലെ ശ്രീശാന്ത് ഗംഭീറിനെ തുറിച്ചുനോക്കിയതായിരുന്നു സംഭവത്തിന്റെ തുടക്കം. തുടർന്ന് പിച്ചിന്റെ നടുവിലേക്കെത്തി ഇരുവരും തട്ടിക്കയറി. അംപയർമാരും സഹതാരങ്ങളും ഇടപെട്ടാണ് കയ്യാങ്കളി ഒഴിവാക്കിയത്.  

മത്സരശേഷം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ ഗംഭീറിനെ ‘മിസ്റ്റർ ഫൈറ്റർ’ എന്ന് ശ്രീശാന്ത് വിശേഷിപ്പിച്ചിരുന്നു. ഗംഭീർ ടീമംഗങ്ങളുമായി എപ്പോഴും വഴക്കിടുന്നയാളാണെന്നും സീനിയർ താരങ്ങളെ ബഹുമാനിക്കാറില്ലെന്നും ആഞ്ഞടിച്ചു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ വീണ്ടും ശ്രീശാന്ത് ഗംഭീറിനെതിരെ രംഗത്തെത്തിയത്.

English Summary:

Gautam Gambhir vs Sreesanth fight in legends league cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com