ഞാൻ ഒത്തുകളിക്കാരനോ? ഗൗതം ഗംഭീറിനെ ഗ്രൗണ്ടിൽ ചോദ്യം ചെയ്ത് ശ്രീശാന്ത്- വിഡിയോ
Mail This Article
സൂറത്ത്∙ ലെജൻഡ്സ് ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ ഗൗതം ഗംഭീർ ഒത്തുകളിക്കാരനെന്നു വിളിച്ചതിനെ ശ്രീശാന്ത് ഗ്രൗണ്ടിൽവച്ചു തന്നെ ചോദ്യം ചെയ്തതായി വിവരം. മത്സരത്തിനിടയില്‍ ഇരു താരങ്ങളും തർക്കിക്കുന്നത് സ്റ്റംപ് മൈക്കിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. സ്റ്റംപ് മൈക്കിലെ ശബ്ദങ്ങളടങ്ങിയ മത്സരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നു. ‘‘ഞാൻ ഒത്തുകളിക്കാരനെന്ന് എങ്ങനെ പറയാനാകും?’’ എന്ന് ശ്രീശാന്ത് ഗ്രൗണ്ടിൽവച്ചു തന്നെ ചോദിക്കുന്നുണ്ട്.
അതേസമയം ഗംഭീര്‍ പറഞ്ഞ വാക്കുകൾ സ്റ്റംപ് മൈക്കിൽ കൃത്യമായി പതിഞ്ഞിട്ടില്ല. സത്യത്തിനാണു പിന്തുണ ലഭിക്കേണ്ടതെന്നും ശ്രീശാന്ത് പിന്നീടു പ്രതികരിച്ചു. ‘‘ഞാന്‍ ഒരു മോശം വാക്കും ഉപയോഗിച്ചിട്ടില്ല. ദയവായി സത്യത്തോടൊപ്പം നിൽക്കുക. കുറേയാളുകളോട് അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ട്. എന്തിനാണു പ്രശ്നം തുടങ്ങിയതെന്ന് എനിക്ക് ഇപ്പോഴും വ്യക്തമല്ല. ഗംഭീർ സിക്സർ, സിക്സർ എന്നാണു പറഞ്ഞതെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറയുന്നുണ്ട്. എന്നാൽ ഫിക്സർ എന്നു തന്നെയാണ് എന്നെ വിളിച്ചത്.’’– ശ്രീശാന്ത് വ്യക്തമാക്കി.
‘‘ഗംഭീറിന്റെ ആളുകൾ അദ്ദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. അവരുടെ പിആർ വർക്കിൽ വീഴരുതെന്നു ഞാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്.’’– ശ്രീശാന്ത് പ്രതികരിച്ചു. ബുധനാഴ്ച സൂറത്തിൽ നടന്ന ലെജൻഡ്സ് ക്രിക്കറ്റിനിടെയാണ് ഇരുവരും തമ്മിലുള്ള വാക്കുതർക്കം കയ്യാങ്കളിയുടെ വക്കിലെത്തിയത്. ഗുജറാത്ത് ജയന്റ്സ് താരമായ ശ്രീശാന്ത് എറിഞ്ഞ രണ്ടാം ഓവറിൽ ഇന്ത്യ ക്യാപിറ്റൽസിന്റെ ഓപ്പണറായ ഗംഭീർ ഒരു സിക്സും ഫോറും നേടി. ഇതിനു പിന്നാലെ ശ്രീശാന്ത് ഗംഭീറിനെ തുറിച്ചുനോക്കിയതായിരുന്നു സംഭവത്തിന്റെ തുടക്കം.
തുടർന്ന് പിച്ചിന്റെ നടുവിലേക്കെത്തി ഇരുവരും തട്ടിക്കയറി. അംപയർമാരും സഹതാരങ്ങളും ഇടപെട്ടാണ് കയ്യാങ്കളി ഒഴിവാക്കിയത്. മത്സരശേഷം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ ഗംഭീറിനെ ‘മിസ്റ്റർ ഫൈറ്റർ’ എന്ന് ശ്രീശാന്ത് വിശേഷിപ്പിച്ചിരുന്നു. ഗംഭീർ ടീമംഗങ്ങളുമായി എപ്പോഴും വഴക്കിടുന്നയാളാണെന്നും സീനിയർ താരങ്ങളെ ബഹുമാനിക്കാറില്ലെന്നും മലയാളി താരം ആഞ്ഞടിച്ചു.