കനത്ത മഴയിൽ ടോസ് പോലും ഇടാനായില്ല; ഇന്ത്യ – ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20 ഉപേക്ഷിച്ചു

Mail This Article
ഡർബൻ ∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്ന് ടോസ് പോലും ഇടാനാകാതെയാണ് മത്സരം ഉപേക്ഷിച്ചത്. പരമ്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്ച സെന്റ് ജോർജ് പാർക്കിൽ നടക്കും. ആകെ മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ട്വന്റി20 ലോകകപ്പിനു മുൻപുള്ള പ്രധാന രാജ്യാന്തര പരമ്പരയ്ക്കായി 17 താരങ്ങളുമായാണ് ഇന്ത്യ യാത്ര തിരിച്ചത്. അതുകൊണ്ടുതന്നെ ടീം സിലക്‌ഷനാകും ഈ പരമ്പരയിലുടനീളം ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്‌വാദ്, ഇഷൻ കിഷൻ എന്നിങ്ങനെ ബാറ്റിങ് ഓപ്പണിങ്ങിൽ മാത്രം 4 പേരാണ് സാധ്യതാ ലിസ്റ്റിലുള്ളത്.
വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഇഷൻ കിഷനു ഭീഷണിയായി ജിതേഷ് ശർമയുണ്ട്. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ പേസ് ബോളിങ്ങിൽ അർഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ എന്നിവരെ ഇന്ത്യയ്ക്ക് പരീക്ഷിക്കേണ്ടതുണ്ട്.