ADVERTISEMENT

ഡർബൻ∙ യുവതാരം റിങ്കു സിങ്ങിനേക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വൻ പ്രതീക്ഷയാണുള്ളതെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. ഫിനിഷർ റോളിൽ തിളങ്ങുന്ന റിങ്കു സിങ്, ഇന്ത്യയുടെ അടുത്ത യുവരാജ് സിങ് ആകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ – ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20 മത്സരത്തിനു മുന്നോടിയായി സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒന്നാം ട്വന്റി20 മഴ മൂലം ഉപേക്ഷിച്ചിരുന്നു.

ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യൻ പ്രിമിയർ ലീഗിലും മിന്നുന്ന പ്രകടനവുമായി കയ്യടി നേടിയ റിങ്കു സിങ്, രാജ്യാന്തര കരിയറിനും മികച്ച തുടക്കമാണ് കുറിച്ചത്. കഴിഞ്ഞ വർഷത്തെ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് താരം യഷ് ദയാലിനെതിരെ ഒരു ഓവറിൽ അഞ്ച് സിക്സറടിച്ച് റിങ്കു സിങ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർപ്പൻ വിജയത്തിലേക്കു നയിച്ചിരുന്നു. ആത്മവിശ്വാസമാണ് റിങ്കു സിങ്ങിന്റെ വിജയത്തിന്റെ അടിസ്ഥാനമെന്ന് ഗാവസ്കർ ചൂണ്ടിക്കാട്ടി.

‘‘പ്രതിഭയെന്നത് എല്ലാവർക്കും ലഭിക്കുന്ന ഒന്നല്ല. എല്ലാവർക്കും ക്രിക്കറ്റിനോട് ഇഷ്ടമുണ്ടാകും. എല്ലാ ദിവസവും ക്രിക്കറ്റ് കളിക്കുകയും ചെയ്യാം. പക്ഷേ, ക്രിക്കറ്റുമായി ബന്ധപ്പെട്ട് എത്രത്തോളം പ്രതിഭയുണ്ടെന്ന കാര്യത്തിൽ പതുക്കെയായിരിക്കും തിരിച്ചറിവു ലഭിക്കുക. റിങ്കു സിങ്ങിന്റെ കാര്യത്തിൽ അത്തരം സംശയങ്ങളില്ല. തന്നിൽത്തന്നെയുള്ള ഉറച്ച വിശ്വാസമാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ആ വിശ്വാസംവച്ച് എന്തൊക്കെ ചെയ്യാനാകുമെന്ന് അദ്ദേഹം കഴിഞ്ഞ 2–3 വർഷമായി നമുക്കു കാണിച്ചു തരുന്നു’’ – ഗാവസ്കർ പറഞ്ഞു.

റിങ്കു സിങ്ങിന്റെ ബാറ്റിങ് പ്രകടനത്തെ യുവരാജ് സിങ്ങിന്റെ പ്രകടനവുമായി ഗാവസ്കർ താരതമ്യപ്പെടുത്തി. റിങ്കു സിങ് ഇന്ത്യയുടെ അടുത്ത യുവരാജ് സിങ് ആകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘‘ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഭാഗമാണ് റിങ്കു. സ്വാഭാവികമായും അദ്ദേഹത്തിനു മേൽ പ്രതീക്ഷയുടെ വലിയ ഭാരമുണ്ട്. റിങ്കു മറ്റൊരു യുവരാജ് സിങ്ങായി മാറുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. റിങ്കു സിങ് – യുവരാജ് സിങ്. ഇന്ത്യൻ ക്രിക്കറ്റിനായി യുവരാജ് സിങ് ചെയ്തതിന്റെ ഒരു ഭാഗമെങ്കിലും ചെയ്യാൻ റിങ്കുവിനു സാധിച്ചാൽ, അദ്ദേഹം കയ്യടി അർഹിക്കുന്നു’ – ഗാവസ്കർ പറഞ്ഞു.

English Summary:

People are expecting Rinku Singh to be India's next Yuvraj Singh, says Sunil Gavaskar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com