ഋഷഭ് പന്ത് തിരിച്ചുവരുന്നു; ഉറപ്പിച്ച് ടീം മാനേജ്മെന്റ്, അടുത്ത മാസം പരിശീലനം തുടങ്ങിയേക്കും

Mail This Article
ന്യൂഡൽഹി ∙ കാറപകടത്തെത്തുടർന്ന് ചികിൽസയിലായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് അടുത്ത സീസൺ ഐപിഎലിൽ മടങ്ങിയെത്തുമെന്ന് ഉറപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. ഐപിഎൽ മത്സരങ്ങൾ തുടങ്ങുന്നതിനു മുൻപ് താരം പൂർണ കായികക്ഷമത വീണ്ടെടുക്കുമെന്നും ടീമിനെ നയിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ടീം മാനേജ്മെന്റ് പ്രതികരിച്ചു. അടുത്തിടെ കൊൽക്കത്തയില്‍ നടന്ന ടീം ക്യാംപിൽ താരം എത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസിൽ നിലനിർത്തേണ്ടതും റിലീസ് ചെയ്യേണ്ടതുമായ താരങ്ങളേക്കുറിച്ച് ചർച്ച നടത്താനായാണ് പന്ത് കൊൽക്കത്തയിൽ എത്തിയതെന്നാണു വിവരം.
പന്ത് മടങ്ങിവരുമെന്ന് ടീം ഡയറക്ടർ സൗരവ് ഗാംഗുലിയും കഴിഞ്ഞ ദിവസം പ്രതികരിച്ചു. കഴിഞ്ഞ ഡിസംബറിലുണ്ടായ കാറപകടത്തിലാണു പന്തിനു പരുക്കേറ്റത്. പന്ത് ഇപ്പോൾ പരിശീലനം നടത്തുന്നില്ല. ജനുവരിയോടെ പരിശീലനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിക്കറ്റ് കീപ്പറാവാൻ താരത്തിന് ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ അനുമതിയും കിട്ടേണ്ടതുണ്ട്. ദുബായിൽ നടക്കുന്ന ഐപിഎൽ ലേലത്തിനു മുൻപ് പന്തുമായി ചർച്ച ചെയ്തു. പന്ത് ആണ് ടീം ക്യാപ്റ്റൻ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും അറിയേണ്ടതുണ്ട് – ഗാംഗുലി പറഞ്ഞു. പന്തിന്റെ അഭാവത്തിൽ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറായിരുന്നു കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ചത്.
26കാരനായ പന്തിനെ ഇംപാക്ട് പ്ലെയർ മാത്രമായി കളിപ്പിക്കുന്നതും ഡൽഹിയുടെ പരിഗണനയിലുണ്ട്. ഐപിഎലിൽ ശാരീരികക്ഷമതയും കളി മികവും വീണ്ടെടുത്താല്‍ പന്ത് ഇന്ത്യൻ ടീമിലേക്കും തിരിച്ചെത്തും. അപകടത്തെത്തുടർന്ന് താരത്തിന് കഴിഞ്ഞ ഐപിഎൽ സീസൺ പൂർണമായും നഷ്ടപ്പെട്ടിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലോ ഏകദിന ലോകകപ്പിലോ ടീമിന്റെ ഭാഗമാകാൻ താരത്തിനായില്ല. എന്നാൽ ഐപിഎൽ സീസണിൽ ഫിറ്റ്നസും ഫോമും വീണ്ടെടുത്താൽ ട്വന്റി20 ലോകകപ്പ് ടീമിലേക്ക് താരത്തെ പരിഗണിച്ചേക്കും.