ADVERTISEMENT

പോർട്ട് എലിസബത്ത് ∙ റീസ ഹെൻഡ്രിക്സിന്റെ ബാറ്റിലെ ഇടിമിന്നലുകൾ പെയ്യിച്ച റൺമഴയിൽ ഇന്ത്യയുടെ വിജയമോഹങ്ങൾ ഒലിച്ചുപോയി. ഇടയ്ക്കു പെയ്തൊരു മഴയിൽ കളിയുടെ ഗതി മാറിയ രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 5 വിക്കറ്റ് ജയം. റിങ്കു സിങ്ങിന്റെയും (39 പന്തിൽ 68 നോട്ടൗട്ട്) ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും (36 പന്തിൽ 56) മിന്നൽ അർധ സെഞ്ചറികളുടെ കരുത്തിൽ ഇന്ത്യയുയർത്തിയ മികച്ച വിജയലക്ഷ്യമാണ് ഹെൻറിക്സിന്റെ വെടിക്കെട്ടിന്റെയും (27 പന്തിൽ 49) മഴ നിയമത്തിന്റെയും ബലത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നത്. എയ്ഡൻ മാർക്രത്തിന്റെ പ്രകടനവും (17 പന്തിൽ 30) നിർണായകമായി. സ്പിന്നർ ടബരേസ് ഷംസിയാണ് (4 ഓവറിൽ 18 റൺസ് വഴങ്ങി ഒരു വിക്കറ്റ്) പ്ലെയർ ഓഫ് ദ് മാച്ച്. 

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 19.3 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തപ്പോഴാണ് മഴ വില്ലനായി അവതരിച്ചത്. തുടർന്ന് ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 15 ഓവറിൽ 152 റൺസായി ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം പുനർനിശ്ചയിച്ചു. ദക്ഷിണാഫ്രിക്ക 13.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. 3 മത്സരങ്ങളുടെ പരമ്പരയിൽ ആതിഥേയർ 1–0ന് മുന്നിലെത്തി. മൂന്നാം ട്വന്റി20 നാളെ ജൊഹാനസ്ബർഗിൽ നടക്കും. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. 

ഏതു സമയവും തിരിച്ചെത്താവുന്ന മഴയെപ്പേടിച്ച് അതിവേഗത്തിൽ സ്കോറുയർത്തുന്ന തിരക്കിലായിരുന്ന മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കൻ‌ താരങ്ങൾ. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറിൽ 3 ഫോർ നേടിയാണ് ഹെൻഡ്രിക്സ് തുടങ്ങിയത്. അർഷ്‌ദീപ് സിങ് രണ്ടാം ഓവറിൽ വഴങ്ങിയത് 24 റൺസ്. സഹ ഓപ്പണർ മാത്യു ബ്രീക് (16) മൂന്നാം ഓവറിന്റെ തുടക്കത്തിൽ റണ്ണൗട്ടായെങ്കിലും ഹെൻഡ്രി ക്സ് ഒരറ്റത്തു വെടിക്കെട്ട് തുടർന്നു. ഒൻപതാം ഓവറിൽ കുൽദീപ് യാദവിന്റെ പന്തിൽ ഹെ‍ൻഡ്രിക്സ് പുറത്താകുമ്പോൾ 6 ഓവറിൽ 42 റൺസായിരുന്നു ആതിഥേയർക്കു മുന്നിലുള്ള ലക്ഷ്യം. തൊട്ടുപിന്നാലെ ഹെൻ‌റിച് ക്ലാസനെ (7) പുറത്താക്കി മുഹമ്മദ് സിറാജ് പ്രതീക്ഷ നൽകിയെങ്കിലും ഡേവിഡ് മില്ലറും (17) സ്റ്റംബ്സും (14 നോട്ടൗട്ട്) ടീമിനെ വിജയത്തിലേക്കു നയിച്ചു.

നേരത്തേ, മത്സരത്തിൽ‌ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ചാണ് ദക്ഷിണാഫ്രിക്കൻ‌ പേസർമാർ തുടങ്ങിയത്. ടീം സ്കോർ ബോർഡ് തുറക്കും മുൻപേ ശയസ്വി ജയ്സ്വാളിനെ (0) പുറത്താക്കിയതായിരുന്നു ആദ്യ പ്രഹരം. അടുത്ത ഓവറിൽ ശുഭ്മൻ ഗില്ലിനെ (0) വിക്കറ്റിനു മുൻപിൽ കുരുക്കി ലിസാഡ് വില്യംസ് ആതിഥേയർക്കു വീണ്ടും മേൽക്കൈ നൽകി.

2 ഓപ്പണർമാരും പൂജ്യത്തിനു പുറത്തായതിന്റെ സമ്മർദത്തിൽ നിന്ന് ഇന്ത്യൻ ക്യാംപിനെ ഉണർത്തിയത് ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഇടംകൈ ബാറ്റർ തിലക് വർമയാണ് (20 പന്തിൽ 29). തിലകും സൂര്യകുമാറും ചേർന്ന് ആഞ്ഞടിച്ചതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. ആറാം ഓവറിൽ തിലക് പുറത്താകുമ്പോൾ സ്കോർ ബോർഡിൽ 55 റൺസ് എത്തിയിരുന്നു. തുടർന്ന് റിങ്കു സിങ്ങിനൊപ്പം നാലാം വിക്കറ്റിൽ 70 റൺസാണ് സൂര്യ നേടിയത്. രാജ്യാന്തര ട്വന്റി20യിലെ തന്റെ കന്നി അർധ സെഞ്ചറിയാണ് റിങ്കു ഇന്നലെ പുറത്താകാതെ നേടിയത്.

∙ രാജ്യാന്തര ട്വന്റി20യിൽ 2,000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ ബാറ്ററായി ഇന്നലെ സൂര്യകുമാർ യാദവ്. വിരാട് കോലി, രോഹിത് ശർമ, കെ.എൽ.രാഹുൽ എന്നിവരാണ് മുൻപ് ഈ നേട്ടം കൈവരിച്ചത്. 

English Summary:

India - South Africa 2nd T20 match December 2023 updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com