നേരിടാൻ ഭയമുള്ള ബോളർ ശ്രീശാന്ത്; ചിരിച്ചുകൊണ്ട് ‘തെറ്റായ ഉത്തരം’ പറഞ്ഞ് ഗൗതം ഗംഭീർ
Mail This Article
മുംബൈ∙ ലെജൻഡ്സ് ലീഗ് ക്രിക്കറ്റിനിടയിലെ വിവാദങ്ങൾക്കു പിന്നാലെ ശ്രീശാന്തിനെ ‘കുത്തി’ മുൻ ഇന്ത്യന്‍ താരം ഗൗതം ഗംഭീർ. ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ തെറ്റായ ഉത്തരങ്ങൾ മാത്രം പറയുന്ന വിഡിയോയിലാണ് ഗൗതം ഗംഭീറിന്റെ പ്രതികരണം. നേരിടാൻ ഭയമുള്ള ബോളർ ആര് എന്ന ചോദ്യത്തിനു ചിരിച്ചുകൊണ്ടാണു ഗംഭീർ ശ്രീശാന്തിന്റെ പേരു പറഞ്ഞത്. ഗ്രൗണ്ടിൽ ഇരു താരങ്ങളും പരസ്പരം തർക്കിച്ചതിനു പിന്നാലെയാണ് ഗംഭീറിന്റെ പ്രതികരണം.
ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ശ്രീശാന്ത് ഗുജറാത്ത് ജയന്റ്സിന്റേയും ഗംഭീർ ഇന്ത്യ ക്യാപിറ്റൽസിന്റേയും താരമായിരുന്നു. ഇരു ടീമുകളും നേർക്കുനേർ വന്ന മത്സരത്തിലായിരുന്നു ഏറ്റുമുട്ടല്‍. ഗ്രൗണ്ടിൽവച്ച് ഗംഭീറും ശ്രീശാന്തും തർക്കിച്ചു. ഗംഭീര്‍ തന്നെ ഒത്തുകളിക്കാരൻ എന്നു വിളിച്ചെന്നു ശ്രീശാന്ത് മത്സര ശേഷം പ്രതികരിച്ചു. ഗംഭീർ സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന ആളാണെന്നും സീനിയേഴ്സിനെ അടക്കം ആരെയും ബഹുമാനിക്കില്ലെന്നുമായിരുന്നു ശ്രീശാന്തിന്റെ വാദം.
ഗൗതം ഗംഭീർ തന്നെ പല വട്ടം ഒത്തുകളിക്കാരനെന്നു വിളിച്ചതായും ശ്രീശാന്ത് ഇൻസ്റ്റഗ്രാമിൽ പരാതിപ്പെട്ടു. അതേസമയം ശ്രീശാന്തിന്റെ ആരോപണങ്ങളിൽ കാര്യമായി പ്രതികരിക്കാൻ ഗംഭീർ തയാറായിട്ടില്ല. പരസ്യ പ്രതികരണം നടത്തിയതിന് ശ്രീശാന്തിനെതിരെ ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് കമ്മിഷണര്‍ നടപടിയെടുത്തിരുന്നു.