ഗുജറാത്ത് ടൈറ്റൻസ് താരത്തിന് പാക്കിസ്ഥാനില്‍ വൻ ഡിമാൻഡ്; ലഭിച്ചത് ഐപിഎല്ലിലേക്കാൾ വലിയ തുക

Mail This Article
ഇസ്‌ലാമബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്നു ലഭിച്ചതിനേക്കാളും പ്രതിഫലം പാക്കിസ്ഥാൻ സൂപ്പർ ലീഗ് കളിച്ചുണ്ടാക്കാൻ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം. അഫ്ഗാനിസ്ഥാന്റെ ചൈനാമാൻ ബോളർ നൂർ അഹമ്മദാണ് 13ന് നടന്ന ഡ്രാഫ്റ്റിൽ പെഷവാർ സൽമി ടീമിൽ ചേർന്നത്. ഇന്ത്യന്‍ രൂപയിൽ ഏകദേശം 87.25 ലക്ഷമാണ് പിഎസ്എല്ലിൽ താരത്തിന്റെ പ്രതിഫലം.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനായി കളിക്കുന്ന താരത്തിന്റെ പ്രതിഫലം 30 ലക്ഷം രൂപ മാത്രമാണ്. 2022 ലേലത്തിൽ അടിസ്ഥാന വിലയായ 30 ലക്ഷത്തിനാണു താരത്തെ ഗുജറാത്ത് സ്വന്തമാക്കിയത്. പുതിയ സീസണിലും ഇതേ പ്രതിഫലത്തിൽ താരം കളിക്കേണ്ടിവരും. ഇന്ത്യയിലേതിനേക്കാൾ 57.25 ലക്ഷമാണ് പാക്കിസ്ഥാനിൽനിന്ന് നൂർ അഹമ്മദ് അധികമായി നേടുക. പിഎസ്എൽ 2024 ഡ്രാഫ്റ്റിലെ പ്രീമിയം കാറ്റഗറി താരമാണ് നൂർ അഹമ്മദ്.
2023 ഐപിഎല്ലിലെ തകർപ്പൻ പ്രകടനമാണു താരത്തിന്റെ ഡിമാൻഡ് കൂട്ടിയത്. ടൈറ്റൻസിനായി 13 മത്സരങ്ങൾ കളിച്ച നൂർ അഹമ്മദ് 16 വിക്കറ്റുകൾ വീഴ്ത്തി. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായിരുന്നു ഹാർദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റൻസ്. ട്വന്റി20യിൽ 71 മത്സരങ്ങൾ കളിച്ച നൂര്‍ അഹമ്മദ് 74 വിക്കറ്റുകളാണ് ആകെ വീഴ്ത്തിയത്.
ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനു വേണ്ടി അഞ്ചു വിക്കറ്റുകളും താരം സ്വന്തമാക്കി. പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ 2022, 2023 സീസണുകളിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ താരമായിരുന്നു നൂർ അഹമ്മദ്. പിഎസ്എല്ലിൽ എട്ടു മത്സരങ്ങളിൽനിന്ന് ആറു വിക്കറ്റുകൾ താരം വീഴ്ത്തി.