ADVERTISEMENT

മുംബൈ∙ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു രോഹിത് ശർമയെ മാറ്റിയ നടപടിയിൽ മുംബൈ ഇന്ത്യൻസിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ടീമിന്റെ നല്ലതിനു വേണ്ടിയിട്ടാണ് മാനേജ്മെന്റ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും രോഹിത് ശർമ ക്ഷീണിതനായിരിക്കാമെന്നും ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് ഹാർദിക് പാണ്ഡ്യയെ 2023 സീസണിലേക്കുള്ള ക്യാപ്റ്റനായി മുംബൈ ഇന്ത്യൻസ് പ്രഖ്യാപിച്ചത്. രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതിൽ ആരാധകർ രോഷത്തിലാണ്.

‘‘അങ്ങനെയൊരു തീരുമാനം അവർ എടുത്തതു ടീമിന്റെ നല്ലതിനു വേണ്ടിയിട്ടാണ്. കഴിഞ്ഞ രണ്ടു വർഷം രോഹിത് ശർമയുടെ ബാറ്റിങ് പ്രകടനത്തിൽ കുറവുവന്നിട്ടുണ്ട്. 2022 ൽ മുംബൈ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തായിരുന്നു. കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് കളിച്ചു. പക്ഷേ മുൻപു കണ്ടതുപോലുള്ള ഇന്നിങ്സുകൾ രോഹിത് ശർമയിൽനിന്നുണ്ടായില്ല.’’– സുനിൽ ഗാവസ്കര്‍ വ്യക്തമാക്കി.

‘‘തുടർച്ചയായുള്ള മത്സരങ്ങൾ കാരണം ചിലപ്പോൾ അദ്ദേഹം ക്ഷീണിച്ചിട്ടുണ്ടാകാം. രോഹിത് മുംബൈ ഇന്ത്യൻസിന്റേയും ഇന്ത്യൻ ടീമിന്റെയും ക്യാപ്റ്റനാണ്. അതുകൊണ്ടു തന്നെ കുറച്ചു ക്ഷീണിച്ചിട്ടുണ്ടാകും.’’– ഗാവസ്കർ പ്രതികരിച്ചു. 2021, 2022 സീസണുകളിൽ ഐപിഎല്‍ പ്ലേ ഓഫിലെത്താൻ മുംബൈ ഇന്ത്യൻസിനു സാധിച്ചിരുന്നില്ല. 2023 ൽ എലിമിനേറ്ററിൽ പുറത്തായി. 2022 ലാണ് ഹാർദിക് പാണ്ഡ്യ മുംബൈ വിട്ട് പുതുതായി രൂപീകരിച്ച ഗുജറാത്ത് ടൈറ്റൻസിലേക്കു പോയത്.

ക്യാപ്റ്റനായ ആദ്യ സീസണിൽ തന്നെ ഗുജറാത്തിനെ പാണ്ഡ്യ കിരീടത്തിലെത്തിച്ചു. കഴിഞ്ഞ സീസണിലും ഗുജറാത്ത് ഫൈനൽ കളിച്ചെങ്കിലും കിരീടം നേടാനായില്ല. ഫൈനൽ പോരിൽ ടീം ചെന്നൈ സൂപ്പർ കിങ്സിനോടു തോൽക്കുകയായിരുന്നു. മടങ്ങിവരവിൽ‍ ക്യാപ്റ്റൻ സ്ഥാനം വേണമെന്ന് പാണ്ഡ്യ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മുംബൈ ഇന്ത്യൻസ് പാണ്ഡ്യയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. പാണ്ഡ്യയ്ക്കു കീഴിൽ കളിക്കാൻ രോഹിത് ശർമയും സമ്മതം അറിയിച്ചതായാണു വിവരം.

English Summary:

Sunil Gavskar support mumbai Indians captain change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com