ADVERTISEMENT

ദുബായ്∙ എട്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് മിച്ചൽ സ്റ്റാർക്കിന്റെ ഗംഭീര തിരിച്ചുവരവ്.  24.7 കോടിയെന്ന റെക്കോർഡ് തുകയ്ക്കാണ് മിച്ചൽ സ്റ്റാര്‍ക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. 2015ലാണ് സ്റ്റാർക്ക് ഐപിഎല്ലിൽ ഒടുവില്‍ കളിച്ചത്. അന്ന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നു.

ഐപിഎല്ലിൽ ഇതുവരെ 27 മത്സരങ്ങളിൽ മാത്രം കളിച്ചിട്ടുള്ള താരം 34 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലിന്റെ 2018 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ സ്വന്തമാക്കിയിരുന്നെങ്കിലും പരുക്കിനെ തുടര്‍ന്ന് സ്റ്റാർക്ക് കളിച്ചില്ല. ട്വന്റി20 ലോകകപ്പിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ 2024 ലെ ഐപിഎൽ കളിക്കുമെന്നു സ്റ്റാർക്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. തുടർന്നാണു തിരിച്ചുവരവിലും താരത്തെ കൊൽക്കത്ത തന്നെ വാങ്ങിയത്.

ലേലത്തിൽ ഓസ്ട്രേലിയയുടെ പാറ്റ് കമിൻസിന് 20.5 കോടി രൂപയാണു ലഭിച്ചത്. വരും സീസണിൽ താരം സൺ റൈസേഴ്സ് ഹൈദരാബാദിൽ കളിക്കും. കമിൻസിനായി തുടക്കത്തിൽ ചെന്നൈയും മുംബൈ ഇന്ത്യൻസും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമായിരുന്നു. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും പിന്നീട് കമിൻസിനായി രംഗത്തെത്തി. സൺറൈസേഴ്സ് ഹൈദരാബാദും ചേർന്നതോടെ പോരാട്ടം 15 കോടി കടന്നു മുന്നേറി. ഒടുവിൽ 20.5 കോടി രൂപയെന്ന റെക്കോർഡ് തുകയ്ക്കു താരം വിറ്റുപോയി. 

ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഓസീസിനെ വിജയത്തിലെത്തിച്ച ക്യാപ്റ്റനാണു പാറ്റ് കമിൻസ്. ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ ആറു വിക്കറ്റിനു കീഴടക്കിയായിരുന്നു ഓസീസിന്റെ വിജയക്കുതിപ്പ്. 2020 ലെ താരലേലത്തിൽ കമിൻസിന് 15.50 കോടി ലഭിച്ചിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലാണു താരം അന്നു കളിച്ചത്. 14 പന്തുകളിൽ അർധ സെഞ്ചറി നേടിയ തകർപ്പൻ ബാറ്റിങ് പ്രകടനവും കമിൻസ് ഐപിഎല്ലിൽ നടത്തിയിട്ടുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലും ‍ഡൽഹി ഡെയർഡെവിൾസിലും താരം കളിച്ചിട്ടുണ്ട്.

English Summary:

Mitchell Stack Breaks Pat Cummins record in IPL auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com